Monday, August 4, 2008

പെയ്‌ത്‌ തീരാതെ ഒരു പെണ്‍മഴ


എന്റെ മുന്നില്‍ ഇപ്പോള്‍ കാര്‍മേഘങ്ങള്‍ മാത്രമുള്ളൊരാകാശമുണ്ട്‌.എവിടെ നിന്നോ പാറിയെത്തിയ കൂറെ മയില്‍പീലിതുണ്ടുകള്‍ മുന്നില്‍ നിന്ന്‌ വിലപിക്കുന്നത്‌ കാണുമ്പോള്‍ ഭീതിയാവുന്നു.രാവെന്നോ പകലെന്നോ ഇല്ലാതെ എന്നിലേക്ക്‌ ആഞ്ഞടിക്കുന്ന ചുവന്ന തിരകളുടെ സീല്‍ക്കാരങ്ങള്‍. കുത്തിപറിക്കുന്ന സ്വപ്‌നങ്ങളില്‍ നിന്ന്‌ പ്രാണന്‍ പറിഞ്ഞുപോകുന്നതറിയുന്നു ഞാന്‍.അന്യമാവാന്‍ മാത്രമായി വന്ന സ്‌നേഹത്തിന്റെ പാഥേയം ശിഥിലമായി മനസില്‍ വീണു ചിതറുകയാണ്‌. ഓരോ വറ്റും പെറുക്കിയെടുത്ത്‌ ചുണ്ടോടുചേര്‍ക്കാന്‍ കരങ്ങള്‍ക്ക്‌ ശേഷിയില്ലാതായിരിക്കുന്നു.ആത്മാവ്‌ പറിഞ്ഞുപോകുന്ന വേദന.മൃതിയുടെ കറുത്ത കൈകളിലേക്ക്‌ എന്നെയെടുത്തെറിയാന്‍ ഇനിയെന്നാവും ശിശിരം വരിക.

മഴയുടെ ചിതറിയ തുള്ളികളില്‍ ഇന്നലെകളുടെ രോദനമുണ്ടായിരുന്നു..ഓര്‍മ്മകളെ പെയ്യിച്ചത്‌ ആത്മാവിലേക്ക്‌ വീണുടയുമ്പോള്‍ ഹൃദയം നഷ്‌ടങ്ങളുടെ ചുംബനം ഏറ്റുവാങ്ങുമായിരുന്നു. എവിടെ നിന്നോ എന്നിലേക്ക്‌ പറയാതെ പാറി വന്ന ശലഭമായിരുന്നു അവള്‍ `അനുപമ'. ഈ ഭൂമിയില്‍ ഏറ്റവും മനോഹരമായ മറ്റൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ല.പൂക്കളോടുള്ള അതിന്റെ പ്രണയത്തെ, ഇതളുകളോടുള്ള ആത്മാര്‍ത്ഥതയെ, തണ്ടുകളോടുള്ള കടപ്പാടിനെ. ഒക്കെ ഒരു കാഴ്‌ചക്കാരനായി മാറി നിന്ന്‌ വീക്ഷിക്കുകയായിരുന്നു ഞാന്‍. അവളുടെ ശബ്‌ദം, പെരുമാറ്റം ഒക്കെ എന്റെ ഹൃദയത്തിലേക്കാഴ്‌ണ്ടിറങ്ങിയത്‌ ഞാന്‍ പോലുമുറിയാതെയായിരുന്നു. പലപ്പോഴും നിര്‍വികാരികതയെയും നിഷ്‌കളങ്കതയെയും കൂട്ടുപിടിച്ച്‌ അവളോട്‌ സംവദിക്കുമ്പോഴും എന്റെ മനസിലൊരു വസന്തമുണ്ടായിരുന്നു.എനിക്ക്‌ മാത്രം സ്വന്തമായവ..എന്റെ പൂന്തോട്ടത്തിലെ കൊഴിയാനൊരുങ്ങി നില്‍ക്കുന്ന പുഷ്‌പങ്ങള്‍ക്കിടയിലേക്ക്‌ ആകസ്‌മികമായി വന്നുനില്‍ക്കുമ്പോഴും പിന്നീട്‌ ഏതോ ചെടികളുടെ ഇലകളാല്‍ അവള്‍ മറക്കപ്പെടുമ്പോഴും എനിക്കറിയാമായിരുന്നു എനിക്ക്‌ വെറുമൊരു ക്ഷണികവേദന സമ്മാനിച്ച്‌ അനു ചിരിക്കുന്നുണ്ടാവുമെന്ന്‌...
പിന്നെയാണ്‌ എനിക്ക്‌ മുന്നില്‍ വര്‍ഷകാലത്തിന്റെ ശൂന്യത വന്നത്‌। വിരഹത്തിന്റെ സംഗീതവും വേര്‍പാടിന്റെ തണുപ്പും എന്നെയാഴത്തില്‍ പുണര്‍ന്നത്‌ അവളറിഞ്ഞതേയില്ല. ഹൃദയരാഗങ്ങളുടെ ഊര്‍വരതയുമായി എന്നെ വിസ്‌മരിച്ച്‌ എന്റെ പൂന്തോട്ടത്തില്‍ നിന്ന്‌ അവള്‍ പടിയിറങ്ങിപ്പോയത്‌ എന്നെ ആഴത്തില്‍ മുറിവേല്‍പ്പിച്ചായിരുന്നുവെന്ന്‌ അവളിന്നുമറിഞ്ഞിരിക്കില്ല. എന്റെ മനസിലെ മിന്നിതിളങ്ങുന്ന താരകങ്ങള്‍ പാതി കെട്ടതും എന്റെ മനസിലെ വര്‍ണങ്ങള്‍ പാതിനരച്ചതും എല്ലാം ഞാന്‍ മാത്രമറിഞ്ഞ ശിശിരത്തിന്റെ തമാശകള്‍...
ഏകാന്തതയോടായിരുന്നു എന്നും ചങ്ങാത്തം. പലപ്പോഴും അതിന്‌ പല രൂപങ്ങള്‍ നല്‍കും. എന്നിട്ട്‌ അതിനോട്‌ സംസാരിക്കും. ഇടക്കെപ്പോഴോ അതെന്നോടും. പിന്നീടാണ്‌ മഴ കുറവുള്ള മഴക്കാലരാവുകളിലും വിഭാതങ്ങളിലും ഏകാന്തതക്ക്‌ അവളുടെ പേര്‌ നല്‍കിയത്‌...തിരിച്ചൊന്നും ചോദിക്കാതെ ഇടക്ക്‌ എന്റെ ചോദ്യങ്ങളുടെ ശബളിമയില്‍ അവള്‍ ചിരിക്കുന്നതും എനിക്കായി താളത്തില്‍ പാട്ടുമൂളുന്നതും ഞാനറിഞ്ഞു. അകന്നുപോയ മനോഹരചിറകുകള്‍ വീണ്ടുമെന്നിലേക്ക്‌ പൊട്ടിമുളക്കാന്‍ തുടങ്ങിയത്‌ അങ്ങനെയാണ്‌. ആയിരം കാതങ്ങള്‍ക്കപ്പുറം അവളപ്പോള്‍ ചിന്തകളുടെ ഓരത്ത്‌ പോലും എന്നെ നിര്‍ത്തിയിട്ടുണ്ടാവില്ല. ആര്‍ദ്രമാവാന്‍ മറന്ന മിഴികളില്‍ പൂമൊട്ടുകളൊളിപ്പിച്ച്‌ എന്റെ കാലൊച്ച പോലും അവള്‍ ശ്രദ്ധിച്ചിരിക്കില്ല. ഞാന്‍..വഴിതെറ്റി വരുന്ന സ്വപ്‌നങ്ങളെയെല്ലാം ആട്ടിപായിച്ച്‌ എല്ലാ അലോസരപ്പെടുത്തലുകളില്‍ നിന്നും അവളെ കാത്ത്‌ സൂക്ഷിക്കാന്‍ തണുത്തകാറ്റായി ജാലകത്തിലൂടെ കടന്നുവന്ന്‌ തിരിച്ചുപോവുമ്പോഴും അവളൊന്നുമറിയുന്നുണ്ടായിരുന്നില്ല...

പകലുകളും പകലറുതികളും അവള്‍ക്ക്‌ മുന്നില്‍ വീണുടയുമ്പോള്‍ വേനലായും വര്‍ഷമായും ആ മനസ്‌ കണ്ടുമടങ്ങിയിട്ടുണ്ട്‌ എന്റെ സ്വപ്‌നങ്ങള്‍.. അവളപ്പോള്‍ മരിച്ചുപോയൊരു സങ്കല്‍പ്പത്തിന്‌ ശ്രാദ്ധമൂട്ടുകയായിരുന്നു. സ്‌നേഹിക്കാന്‍ മാത്രം കടന്നുവന്നൊരു പെണ്‍കുട്ടിയുടെ ദാരുണമൃത്യുവിന്റെ നിഴലുകള്‍ അപ്പോഴും അവളെ വേട്ടയാടുന്നുണ്ടായിരുന്നു. പക്ഷേ അവളെ പഴി പറയാന്‍ ആ രൂപത്തിന്റെ പുനര്‍ജന്മമായി തിരിച്ചെത്തുമ്പോഴും ഞാന്‍ അശക്തനായിരുന്നു. കാണും മുമ്പെ, സംസാരിക്കും മുമ്പെ, അറിയും മുമ്പെ എന്റെ മനസിന്റെ ഓരത്ത്‌ പിടിച്ചിരുത്തിപോയിരുന്നു ഞാന്‍. ആയിരം നഷ്‌ടവസന്തങ്ങള്‍ക്ക്‌ പകരമായി ദൈവം എനിക്ക്‌ സമ്മാനിച്ച ഒരൊറ്റദീപനാളമായിരുന്നു അവള്‍. കെടാതെ എന്നിലേക്ക്‌ വെളിച്ചം വീശി എന്നുമരികത്തുണ്ടാവണേ എന്ന ആത്മാര്‍ത്ഥപ്രാര്‍ത്ഥന മാത്രം. അവളെ നുള്ളിനോവിക്കാന്‍ അസൂഖങ്ങളെത്തുമ്പോഴെല്ലാം ഉള്ളുരുകി കരഞ്ഞിരുന്നു ഞാന്‍. ആഴത്തില്‍ മനസില്‍ പതിഞ്ഞുപോയ ഒരു ചിത്രത്തെ പരിപാലിച്ചുപോരേണ്ട ദൗത്യം അവളറിയാതെ ഏറ്റെടുത്തിരുന്നു ഞാന്‍. ഒരു ഏകാകിനിയില്‍ നിന്ന്‌ ശലഭത്തിന്റെ ചിറകുകളുമായി എന്റെ ശ്രീകോവിലിലെ ദേവിയായി അവള്‍ പരിണമിക്കുമ്പോള്‍ ഞാന്‍ വെറുതെ മോഹിച്ചു. അവള്‍ വന്നതും എന്റെ മനസില്‍ ആനന്ദത്തിന്റെ പൂ ചൊരിഞ്ഞതും എന്നും ബാക്കിയാവുമെന്ന്‌...
സ്‌നേഹം പലപ്പോഴും അടുത്തു വന്ന്‌ കൊതിതീരും മുമ്പ്‌ പറന്നുപോയതാണ്‌॥ ചിലതെല്ലാം അടുത്തുവരും മുമ്പെ ശിഥിലമാവുകയും ചെയ്‌തു। മുറിഞ്ഞുതീരാനായി മാത്രം വന്ന ചിലത്‌ വേറെയും..ഇങ്ങനെയെല്ലാം വീര്‍പ്പമുട്ടിയപ്പോഴാണ്‌ വരികളെ കൂട്ടുപിടിക്കാന്‍ തുടങ്ങിയത്‌. പലതും ആരെയും കാട്ടാതെ പുസ്‌തകതാളിലൊളിപ്പിച്ചുവെച്ചു. പിന്നീട്‌ കാറ്റിലേക്കത്‌ പറത്തിവിടുമ്പോഴും ഉള്ളിന്റെയുള്ളില്‍ ഞാനനുഭവിക്കുന്ന ശൂന്യത ബാക്കി കിടക്കുകയായിരുന്നു. അന്നെല്ലാം വേദനയില്‍ നിന്ന്‌ മുക്തി നേടാന്‍ മറ്റു പോംവഴികളില്ലായിരുന്നു..ഈ എഴുത്തല്ലാതെ...

അവള്‍ ചിന്തിക്കുന്നുണ്ടാവും എന്റെ ചെറിയ വേദനകളുടെ ആഴങ്ങളെ പറ്റി.മനസിന്റെയുള്ളില്‍ ഒളിച്ചുവെച്ചതെല്ലാം ആ കൂട്ടുകാരിയുടെ മുന്നില്‍ തുറന്നിടേണ്ടി വരുന്നു എനിക്ക്‌...
ആദ്യമായി ഞാന്‍ വല്ലാതെ വേദനിച്ച ദിവസം എന്റെ കൂട്ടുകാരി ആത്മഹത്യ ചെയ്‌തയന്നായിരുന്നു. തലേദിവസം ആത്മഹത്യയെ പറ്റി ഞങ്ങള്‍ ഒരുപാട്‌ സംസാരിച്ചിരുന്നു. ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളുമായാണ്‌ അവള്‍ എത്തിയതെന്ന്‌ തിരിച്ചറിയാന്‍ ഞാനും വൈകി. മറ്റെല്ലാ സുഹൃത്തുകളും സ്വയംഹത്യക്കെതിരെ ശബ്‌ദമുയര്‍ത്തിയപ്പോള്‍ എനിക്കതിനെ അനുകൂലിക്കേണ്ടി വന്നു..അമ്മ നഷ്‌ടപ്പെട്ട അവളെ മറ്റൊരു രീതിയില്‍ ഒരു കഥയില്‍ വിവരിക്കാന്‍ ശ്രമിച്ചിരുന്നു...

നട്ടുച്ചക്ക്‌ വെളുത്ത പുതപ്പണിഞ്ഞ്‌ നീണ്ടുനിവര്‍ന്ന്‌ കിടക്കുമ്പോള്‍ ആ മുഖത്തെ തിളക്കം ജീവനുള്ളപ്പോള്‍ പോലും അവളില്‍ കണ്ടിട്ടില്ല ഞാന്‍. മെഴുകുതിരികളെ അകമ്പടി നിര്‍ത്തി അവളില്‍ നിന്ന്‌ വേര്‍പിരിയുമ്പോള്‍ മനസ്‌ ഒരിക്കലുമില്ലാത്ത വിധം ശൂന്യമാവുമായിരുന്നു. തോന്നുമ്പോ ക്ലാസില്‍ വരാറുള്ള ക്ലാസ്‌ കട്ട്‌ ചെയ്യാറുള്ള ആ കലാലയത്തിലെ ഒരേയൊരു പെണ്‍കുട്ടി അവളായിരുന്നു. കുസൃതിപെണ്ണെന്ന്‌ മുദ്ര കുത്തുമ്പോഴും അവളുടെ വികൃതികള്‍ ആസ്വദിക്കാനായിരുന്നു എനിക്കിഷ്‌ടം...അവളുടെ മാംസത്തിന്‌ വേണ്ടിയുളള പിതാവിന്റെ മോഹമായിരുന്നു മരണകാരണമെന്നറിഞ്ഞപ്പോള്‍ മനസില്‍ നിസംഗത നിറഞ്ഞു. അവള്‍ ചെയ്‌തതാണ്‌ ശരിയെന്ന്‌ മറ്റൊരുമറിയാതെ പറഞ്ഞു.

അകാരണമായ വഴക്കായിരുന്നു വീട്ടില്‍ പലപ്പോഴും..ഇതിനിടയില്‍ കിടന്ന്‌ വീര്‍പ്പുമുട്ടുമ്പോഴാണ്‌ പലപ്പോഴും കുന്നിന്‍ചെരുവിനെയും പുഴയെയുമൊക്കെ ആശ്രയിക്കുക. അച്ഛനും അമ്മയും വര്‍ഷങ്ങളോളം സ്‌നേഹിച്ച്‌ വിവാഹം കഴിച്ചതുകൊണ്ടാവാം എനിക്കോര്‍മ്മയുള്ള കാലം മുതല്‍ വഴക്കില്ലാത്ത ദിവസങ്ങളെ ഇല്ലായിരുന്നു..ദുശീലങ്ങളൊന്നുമില്ലാതിരുന്ന അച്ഛന്‍, ശാഠ്യങ്ങളൊന്നും സൂക്ഷിക്കാത്ത അമ്മ എന്നിട്ടും അവര്‍ക്കിടയില്‍ എങ്ങനെ വഴക്കുകള്‍ കടന്നുവരുന്നുവെന്നോര്‍ത്ത്‌ അത്ഭുതപ്പെട്ടിട്ടുണ്ട്‌ ഞാന്‍...ഇതിനിടയില്‍ കിടന്ന്‌ വീര്‍പ്പുമുട്ടുമ്പോള്‍ രാത്രിയെ വക വെക്കാതെ ഇറങ്ങിപോകും...പരന്നുകിടക്കുന്ന പാടത്ത്‌ നീണ്ടുനിവര്‍ന്ന്‌ കിടക്കും. നക്ഷത്രങ്ങളോടും കാറ്റിനോടും ചന്ദ്രബിംബത്തോടും സംസാരിക്കും...ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ വീര്‍പ്പുമുട്ടുന്ന മറ്റൊരു സുഹൃത്തുമുണ്ടാവും ചിലപ്പോഴെല്ലാം...പിന്നെ ഞങ്ങള്‍ നിലാവിന്റെ അകമ്പടിയില്‍ പുഴക്കടവിലേക്ക്‌ നടക്കും. തിരിച്ചെത്തുമ്പോഴേക്കും കടല്‍പോലെ ശാന്തമായിരിക്കും വീട്‌. ഇങ്ങനെ നിരന്തരമായ സംഘര്‍ഷങ്ങള്‍ക്കിടയില്‍ കൂറെ വര്‍ഷങ്ങള്‍. ആത്മാവിനെ നുള്ളിപറിക്കുന്ന വെറും ഓര്‍മ്മകള്‍ മാത്രമായി ഇന്നവ മാറിയെന്നിരിക്കെ ബഹളമില്ലാത്ത വീടാണ്‌ ഇന്നെന്നെ അലോസരപ്പെടുത്തുന്നത്‌.

കലാലയത്തിലെ ബഹളങ്ങളിലേക്ക്‌ ഇറങ്ങിചെല്ലുമ്പോഴും കാര്യമായ സൗഹൃദങ്ങളൊന്നും ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞില്ല എനിക്ക്‌. മിക്കപ്പോഴും ഒറ്റക്ക്‌ ഒതുങ്ങിക്കൂടും. സ്‌കൂള്‍ ജീവിതം വിട്ട്‌ കോളജിലെത്തുമ്പോള്‍ ആര്‍ക്കുമുണ്ടാകുന്ന ഒരു തരം ഭയപ്പാട്‌. ആദ്യ രണ്ടുവര്‍ഷം നന്ദിത ടീച്ചറായിരുന്നു ഇംഗ്ലീഷ്‌ പഠിപ്പിച്ചിരുന്നത്‌..(അവരുടെ ഓരോ ചലനങ്ങളും ഇന്നും ഓര്‍ത്തെടുക്കാറുണ്ട്‌...). പിന്നീട്‌ ഡിഗ്രിക്ക്‌ പഠിക്കുമ്പോഴാണ്‌ അല്‍പമെങ്കിലും സൗഹൃദത്തിന്റെ തലോടലറിയാന്‍ കഴിഞ്ഞത്‌. ആ മൂന്നു വര്‍ഷത്തെ ജീവിതം പൂര്‍ണമായും ആനന്ദപ്രദമായിരുന്നു എന്ന്‌ പറയാനാവില്ല. ഞാന്‍ കണ്ടെത്തിയ ചില സൗഹൃദങ്ങള്‍ എന്റെ മാത്രം സൗഹൃദങ്ങളായിരുന്നുവെന്ന്‌ തിരിച്ചറിയാന്‍ ഏറെ വൈകി. ആദ്യനോട്ടത്തില്‍ അധ്യാപകനെ കുറ്റം പറഞ്ഞ കൂട്ടുകാരി അയാള്‍ക്കൊപ്പം ജിവിതത്തിലേക്കിറങ്ങിപ്പോയപ്പോള്‍ വല്ലാതെ പകച്ചുപോയി ഞാന്‍. കൗമാരമിറങ്ങിപ്പോകും മുമ്പെ ഇരുപത്‌ വയസെങ്കിലും അധികമുള്ള അയാള്‍ക്കൊപ്പം അവള്‍ ഇറങ്ങിപ്പോയത്‌ എന്നെ മാത്രമല്ല. ചില അധ്യാപകരെയും കൂട്ടുകാരെയുമെല്ലാം തളര്‍ത്തികളഞ്ഞു...അവള്‍ എന്റെ കൂട്ടുകാരിയായിരുന്നെങ്കിലും ഞാനവളുടെ ആരുമായിരുന്നില്ലെന്ന്‌ തിരിച്ചറിഞ്ഞ ആദ്യത്തെ സംഭവമായിരുന്നു അത്‌. ഇല്ലെങ്കില്‍ എന്തെങ്കിലുമൊരു സൂചന നല്‍കുമായിരുന്നില്ലേ അവള്‍. അതേ ക്ലാസില്‍ പഠിക്കുമ്പോഴാണ്‌ മറ്റൊരു കൂട്ടുകാരിയെ ഒരാള്‍ നശിപ്പിച്ചത്‌. കുട്ടികളെല്ലാം സ്വയം നീറിയില്ലാതായ ദിവസങ്ങളായിരുന്നു അത്‌. ഇതിനിടയില്‍ മതപരിവര്‍ത്തനത്തിന്റെ പാതയില്‍പെട്ടുപോയ ഒന്നു രണ്ടു പേര്‍. പ്രാരാബ്‌ദങ്ങളുടെ തീയില്‍ ഉരുകിതുടങ്ങിയവര്‍ക്ക്‌ ആശ്രയം നല്‍കുന്നതായിരുന്നു ഇത്തരം കേന്ദ്രങ്ങള്‍. അതിന്റെ ഏജന്റുമാരായ സ്വന്തം കൂട്ടുകാര്‍ തന്നെ പ്രവര്‍ത്തിക്കുമ്പോള്‍ അങ്ങനെയൊരു ചതിക്കുഴിയില്‍ അറിയാതെ പെട്ടുപോകുകയായിരുന്നു പലരും. വിധേയത്വമെന്ന വാക്കിനെ വല്ലാതെ വെറുത്തുപോയി ചില വേദനിപ്പിക്കുന്ന കഥകള്‍ കേട്ടപ്പോള്‍...
മൂന്നു വര്‍ഷത്തിന്‌ തിരശീല വീഴുമ്പോള്‍ ഒരിക്കല്‍ കൂടി തിരിച്ചെത്തണമെന്നുണ്ടായിരുന്നു അതേ കലാലയത്തില്‍. ആടിതിമര്‍ത്ത കലോത്സവവേദികളും ഓര്‍മ്മയില്‍ തെളിയുന്ന ചില ബന്ധങ്ങളും എന്നെ വീണ്ടും വലിച്ചടുപ്പിക്കുകയായിരുന്നു അവിടേക്ക്‌.
പിന്നിയും ശിഥിലമാവാന്‍ മാത്രം കുറെ ബന്ധങ്ങള്‍. കൂട്ടിയോജിപ്പിക്കാനാവാതെ മുറിച്ച്‌ പോയ പ്രണയങ്ങള്‍, സൗഹൃദങ്ങള്‍, നൈരാശ്യങ്ങള്‍..

അനുവിലേക്ക്‌ തന്നെ തിരിച്ചുവരേണ്ടി വരുന്നു എനിക്ക്‌...
ഒരു ദിവസം ഒരു മെയിലിന്റെ രൂപത്തില്‍ ഓടി കയറിവരുമ്പോള്‍। ഭീതിപ്പെടുത്തുന്ന നിസംഗതയായിരുന്നു മനസില്‍. പിന്നീട്‌ വീണ്ടുമൊരിക്കല്‍ കൂടി അവളുടെ അക്ഷരങ്ങള്‍ എന്നോട്‌ കൂട്ടുകൂടിയപ്പോള്‍ ആ പേരും ഞാന്‍ സൃഷ്‌ടിച്ചെടുത്ത രൂപവുമെല്ലാം സ്വന്തമാക്കിയ ആഹ്ലാദമായിരുന്നു മനസില്‍. വറ്റിവരണ്ട മനസിലേക്ക്‌ തണുത്തമഴ ചാറിച്ചുള്ള ആ വരവിനോടാണ്‌ ആദ്യമായി ഞാന്‍ നന്ദി പറയേണ്ടത്‌. വാക്കുകള്‍ പലതും ഞാനറിയാതെയാണ്‌ എന്നില്‍ നിന്ന്‌ പൊഴിഞ്ഞിരുന്നത്‌॥മിക്കതും അതിജീവനത്തിനായി കുറിച്ചിട്ടവ..അവളുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞുപോയ ചില വരികളുണ്ടെന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍. എന്തെന്നില്ലാത്ത സന്തോഷമായിരുന്നു മനസില്‍. പിന്നീടാണ്‌ അവളുടെ ശബ്‌ദം കേള്‍ക്കാന്‍ ഭാഗ്യം ലഭിച്ചത്‌. അവളുടെ സങ്കല്‍പത്തെ കീറിമുറിച്ച്‌ കുറച്ചുവാക്കുകളെ കൂടി പറത്തിവിടുമ്പോള്‍ എന്തെന്നില്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഞാന്‍. അതവിടെ കിട്ടുമ്പോള്‍ ആ മുഖം (എന്റെ മനസിലെ) ചുവക്കുന്നതും ഞരമ്പുകള്‍ വലിഞ്ഞുമുറുകുന്നതും കണ്ട്‌ ഞാന്‍ വല്ലാതെ ഭയന്നിരുന്നു..ഒടുവില്‍ അവള്‍ വിളിക്കുന്നത്‌ തിരിച്ചറിഞ്ഞപ്പോള്‍ ഞാനില്ലാതാകുന്നതായി തോന്നി. പിന്നീട്‌ ആര്‍ക്കോ വേണ്ടി യാത്ര പറഞ്ഞുപിരിഞ്ഞപ്പോ ഞാന്‍ കണ്ടതും തിരിച്ചറിഞ്ഞതുമായ സ്വപ്‌നങ്ങളെല്ലാം എന്നേന്നേക്കുമായി എനിക്കന്യമായി.
വീണ്ടുമൊരു വസന്തകാലം തീര്‍ക്കാന്‍ എന്നിലേക്ക്‌ കടന്നുവരുമ്പോഴും ഇത്രവേഗം അവള്‍ മടങ്ങുമെന്നറിയില്ലായിരുന്നു എനിക്ക്‌.

അവളെ കൂട്ടുകാരി എന്നുവിളിക്കുമ്പോഴും വെറുമൊരു കൂട്ടുകാരിയായിരുന്നില്ല.സൗഹൃദമെന്ന മുള്ളുവേലി പാകി മനസിലെ തളച്ചിട്ടതുകൊണ്ടാവാം എന്റെ മനസിലെ പ്രണയം തുറന്നുപറയാന്‍ വല്ലാത്ത ഭയമായിരുന്നു.എല്ലാമിട്ടെറിഞ്ഞ്‌ ഓടിപോയാല്‍ പിന്നീടൊരിക്കലും അവള്‍ വരില്ലെന്ന ആശങ്ക തന്നെയാവാം അതിന്‌ കാരണം. എന്റെ വിധിയുടെ താളവും രാഗവും എന്നും തിരിച്ചറിയാന്‍ കഴിയുന്നത്‌ കൊണ്ടാവാം. എന്റെ മനസ്‌ അവളുടെ മുന്നില്‍ തുറന്നിടാന്‍ കഴിഞ്ഞില്ല ഒരിക്കല്‍ പോലും. പിന്നെ വരുന്നത്‌വരട്ടെയെന്ന്‌ നിനച്ച്‌ അവളെ ജീവിതത്തിലേക്ക്‌ വിളിക്കാന്‍ ഒരുങ്ങുമ്പോഴാണ്‌ പുതിയ വെളിച്ചത്തിലേക്ക്‌ അവള്‍ യാത്ര പോകാനൊരുങ്ങുന്നുവെന്ന്‌ തിരിച്ചറിഞ്ഞത്‌. ഉള്ളിലെ നീറ്റല്‍ മറച്ചുപിടിച്ച്‌ സംസാരിക്കുകയായിരുന്നു പിന്നീട്‌. ഒരാകാശത്തോളം കടലോളം അവളെ ഞാന്‍ സ്‌നേഹിച്ചിരുന്നു. മറക്കാന്‍ ശ്രമിക്കുമെന്നുള്ളതെല്ലാം എന്റെ വെറുംവാക്കാണ്‌. ഒന്നറിയാം.കാലം എനിക്ക്‌ മുന്നില്‍ വരക്കുന്ന ചിത്രങ്ങളുടെ ശക്തിപോലിരിക്കും ഇനിയുള്ള ദിവസങ്ങളുടെ ഭംഗി.

അകലെ ഏതോ പുഴയുടെ തീരത്ത്‌ ഓര്‍മ്മകളുമായി പടവെട്ടി ജീവിതത്തിന്റെ വിണ്ടുകീറിയ വഴികളിലൂടെ സഞ്ചരിക്കുന്നുണ്ടാകും അവള്‍. അനുവിന്റെ നഷ്‌ടം എന്നെ കൊണ്ടെഴുതിച്ച വരികള്‍ മാത്രം ചുറ്റിനും നിന്ന്‌ എന്നെ കല്ലെറിയുന്നുണ്ട്‌...

``ഓട്ടോഗ്രാഫില്‍ നിന്ന്‌
അവശേഷിച്ച ഇന്ദ്രിയവും മുറിച്ചുമാറ്റി
ചിതറി വീണ രക്തതുള്ളികള്‍
നീ സമ്മാനിച്ച തുവാല ഒപ്പിയെടുത്തു
തിരിച്ചുതരാന്‍ മറന്ന ഹൃദയം
സ്‌പന്ദനം ചെയ്യുന്നുണ്ടിന്നും
കരള്‍ പാതി വെന്തെങ്കിലും
ചലനാത്മകതയുണ്ടിന്നും
പക്ഷേ...
അഗ്നിയാളി തീരുന്ന നമ്മുടെ സ്വപ്‌നങ്ങള്‍ മാത്രം
മരണശയ്യയുടെ നിശബ്‌ദതയില്‍ വിരാമത്തിന്റ
പടികള്‍ കയറുന്നു...''

Monday, June 2, 2008

മഴയും മരണവും മയില്‍പ്പീലിയും

"ഞാനൊരു തീര്‍ത്ഥയാത്ര പോയി.
ഇന്നുവരെ പോയിട്ടില്ലാത്ത
ഒരു മനസ്സിന്റെ അഗാധതയിലേക്ക്...
ഒരു അരുണിമ കണ്ട് ഞാനടുത്ത് ചെന്നു...
ആ ജ്വാലകളുടെ അഗ്നിയില്‍
എരിഞ്ഞടങ്ങിയ ഒരു പ്രണയത്തിന്റെ
നൊമ്പരങ്ങളുണ്ടായിരുന്നു അതില്‍
ഞാനവയെ വായിച്ചെടുക്കാന്‍ ശ്രമിച്ചു."

ഓര്‍മ്മകളില്‍ ഇടക്കെല്ലാം കറുത്ത പുകതുപ്പി വരുന്ന നരച്ച തീവണ്ടിയുണ്ട്.ഇലകള്‍ നഷ്ടപ്പെട്ട മരങ്ങള്‍ മാത്രമുള്ള ഭൂമിയിലൂടെ പാളത്തെ ഞെരിച്ചമര്‍ത്തി അത് യാത്ര തുടര്‍ന്നുകൊണ്ടിരിക്കുന്നു.ആ തീവണ്ടിയെ ഞാന്‍ മരണമെന്ന് വിളിക്കും.ആത്മാവിന്റെ അഗാധതയില്‍ നിന്നും ജീവനെ തൂത്തെടുത്ത് ശൂന്യതയിലേക്ക് വലിച്ചെറിയുന്ന മരണമെന്ന്.
എന്റെ പുസ്തകതാളുകള്‍ക്കിടയില്‍ ഇപ്പോഴും എഴുന്നേറ്റ് പായാന്‍ കൊതിക്കുന്ന അവളുടെ അക്ഷരങ്ങളുണ്ട്.വായിക്കുംതോറും മനസിന്റെ ഉള്ളറകളിലേക്ക് വന്യമായ ഭീതിപടര്‍ത്തുന്ന വാക്കുകളുടെ കൂട്ടഹത്യ.അസ്തമയം കാണുമ്പോള്‍ ചോരയോടുപമിക്കുന്ന,മഴ കാണുമ്പോള്‍ പ്രളയത്തെ മോഹിക്കുന്ന, ഇളങ്കാറ്റ് തഴുകി കടന്നുപോകുമ്പോള്‍ കൊടുങ്കാറ്റിനെ സ്വപ്നം കാണുന്ന അവളുടെ കത്തുന്ന ചിന്താധാരകള്‍.
കടുത്തനൊമ്പരങ്ങളുടെ തീച്ചൂളയില്‍ ബാഷ്പമായിപ്പോയ അവളുടെ കണ്ണുനീര്‍ മഴയായിപെയ്യുന്ന രാത്രിക്കായി...പകലിനായി.. ഞാനിന്നും കാത്തിരിക്കുകയാണ്...വര്‍ഷങ്ങള്‍ നമുക്ക് മുന്നില്‍ വീണുചിതറിയാലും നിന്നെക്കുറിച്ചുള്ള ഓര്‍മകള്‍ അനായാസമായി തിരിച്ചുപിടിക്കുമെന്ന് പറഞ്ഞ അവളുടെ മധുര ശബ്ദത്തിനായി ഒരിക്കല്‍ കൂടി ഞാന്‍ കാതോര്‍ക്കുകയാണ്.
അവധിദിവസങ്ങളില്‍ ഇന്നും ഞാന്‍ പഴയ കലാലയത്തിന്റെ ഇടനാഴികളിലൂടേ സഞ്ചരിക്കാറുണ്ട്.ആടിതിമിര്‍ത്ത വേദിയില്‍ ഓര്‍മ്മകളെ തിരിച്ചുപിടിക്കാന്‍ ഏകാന്തതയെ കൂട്ടുവിളിക്കാറുണ്ട്.പെയ്തുതോരാന്‍ മടിക്കുന്ന വര്‍ഷകാലപകലുകളില്‍ ശൂന്യതയുടെ ഇരിപ്പിടത്തിലിരുന്ന് നഷ്ടപ്പെട്ടുപോയ സൌഹൃദങ്ങളെക്കുറിച്ചോര്‍ത്ത് പരിതപിക്കാറുണ്ട്...ഇതിനിടയിലെപ്പോഴോ അവളും കടന്നുവരും. കൃഷ്ണപ്രിയ.
ദൂരെനിന്ന് നനഞ്ഞൊലിച്ച് കടന്നുവരുമ്പോഴേ തിരിച്ചറിയാനാകും...അതവളാണെന്ന്..കസവുകള്‍ അരികുപാകിയ പാവാടയും ബ്ലൌസുമണിഞ്ഞ് തുളസിമാലയുമിട്ട് ഓര്‍മകളുടെ രാജകൊട്ടാരത്തിലേക്ക് അവള്‍ കയറിപ്പോവും...
ആത്മാവിനെ കീറിമുറിച്ചായാലും അവളെ പുറത്തെടുത്ത് അരികില്‍ നിര്‍ത്താന്‍ ഞാന്‍ വല്ലാതെ കൊതിക്കും.ഒരുപക്ഷേ കത്തുന്ന മിഴികളും, ജ്വലിക്കുന്ന മുഖവുമായി ഈ ലോകത്തെവിടെയെങ്കിലും അവളുണ്ടാവും.സ്വപ്നങ്ങളുടെ കടല്‍ ഉള്ളില്‍ തിളച്ചുമറിയുന്നത് കൊണ്ട് ഞാനാഗ്രഹിച്ചുപോകുകയാണ്..എന്നെ സ്നേഹിക്കാന്‍..കുത്തിക്കീറാന്‍,വേദനിപ്പിക്കാന്‍..സാന്ത്വനിപ്പിക്കാന്‍..ഒരിക്കല്‍കൂടി അവള്‍ വന്നിരുന്നെങ്കില്‍...
വേദനയില്‍ പൊതിഞ്ഞ് നല്‍കുമ്പോഴാണ് സ്നേഹം ഊഷ്മളമാകുന്നതെന്ന തിരിച്ചറിവ് നല്‍കിയ,ഉള്ളിലുള്ളത് മറച്ചുപിടിച്ചാല്‍ നഷ്ടപ്പെടുത്തുന്ന ദിവസങ്ങള്‍ ഒരിക്കലും തിരിച്ചുപിടിക്കാനാവില്ലെന്ന് പറഞ്ഞ..വരണ്ടുപോയ മോഹങ്ങളുടെ വറുതിയില്പോലും പുഞ്ചിരിക്കാറുള്ള എന്റെ കൃഷ്നയെ കണ്ടുമുട്ടിയിരുന്നെങ്കില്‍...
"മരിച്ചവര്‍ അവരുടെ തീരുമാനത്തില്‍തന്നെ
ഉറച്ചുനില്‍ക്കുന്നു
മറ്റൊരു മരണം മരിക്കുന്നില്ല."
മഴയുടെ നാനാര്‍ത്ഥങ്ങളിലൂടെ നൊമ്പരത്തിന്റെ നിഴലുകള്‍ പെറുക്കിക്കൂട്ടി ഞാനെഴുതിയ ആ‍ കവിത അവള്‍ സൂക്ഷിക്കുന്നുണ്ടോ എന്നറിയില്ല.പക്ഷേ ഒക്ടേവിയാ പാസിന്റെ വാചകങ്ങള്‍ കോര്‍ത്തിണക്കി മരണത്തെക്കുറിച്ച് അവളെഴുതിത്തന്ന ലേഖനം ഇപ്പോഴും ഞാന്‍ സൂക്ഷിക്കുന്നുണ്ട്.മരണം,മഴ,മയില്‍പ്പീലി തുടങ്ങിയ വൈകാരികബിംബങ്ങള്‍ മാത്രമാണ് മത്സരിച്ചെഴുതുമ്പോഴും ഞങ്ങള്‍ക്ക് വിഷയങ്ങളായി കണ്ടെത്താനായിരുന്നത്.ഒരു പക്ഷേ ബലഹീനതയാവാം.ചാപല്യങ്ങള്‍ക്ക് പിന്നാലെ ഒരു തീവണ്ടിയായി ഇഴഞ്ഞുനീങ്ങുകയായിരുന്ന രണ്ട് മനസ്സുകള്‍ കണ്ടതും,തിരിച്ചറിഞ്ഞതും ശൂന്യത മാത്രമായിരുന്നുവെന്ന് തിരിച്ചറിയാന്‍ ഏറെ വൈകിയിരുന്നു.വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും പഴയ വിദ്യാലയത്തിന്റെ ചവിട്ടുപടികളില്‍ തന്നെ ഇന്നും അവളും ഞാനും കുരുങ്ങിക്കിടക്കുകയാണ്..
കണ്ട് മുട്ടിയത് നിരര്‍ത്ഥകത എന്നെ ആകമാനം പൊതിഞ്ഞ ഒരു നട്ടുച്ചയിലാണ്.കാറ്റിന്റെ താളത്തിനൊത്ത് മഴ ചെരിഞ്ഞിറങ്ങുന്ന ആ പകലില്‍ ചുവന്നവസ്ത്രം ധരിച്ച് പാതിനനഞ്ഞ് കോളേജ് റോഡിലൂടെ അവള്‍ പതിയെ നടന്നുനീങ്ങുമ്പോള്‍ പിന്നില്‍ നനഞ്ഞൊലിച്ച് ഞാനുമുണ്ടായിരുന്നു...പിന്നിലേക്ക് തലവെട്ടിച്ച് അവള്‍ പുഞ്ചിരിച്ചു.മുഖക്കുരുക്കള്‍ പഴുത്തുനിന്നിരുന്ന അവളുടെ വെളുത്തമുഖത്ത്കൂടി വെള്ളതുള്ളികള്‍ ഊര്‍ന്നിറങ്ങുന്നത് നോക്കി ഞാന്‍ തിരിച്ചും.
ക്ലാസ്സ് തുടങ്ങിയിരുന്നു.
നനഞ്ഞൊട്ടി കയറിച്ചെല്ലുന്നതിലും നല്ലത് പോവാതിരിക്കുന്നതാണെന്ന് മനസ്സ് പറഞ്ഞു.ഒഴിവുസമയങ്ങളില്‍ സാധാരണ ഇരിക്കാറുള്ള ഒഴിഞ്ഞ ക്ലാസ്സ് മുറിയിലേക്ക് പോയി.മഴ വല്ലാതെ ശക്തിപ്രാപിക്കുന്നുണ്ടായിരുന്നു.വെള്ളത്തുള്ളികള്‍ കാറ്റിന്റെ താളത്തിനൊത്ത് ജനലിലൂടെ അകത്തേക്ക് കടന്ന് അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.ഷര്‍ട്ട് പിഴിഞ്ഞെടുത്ത് ധരിച്ചശേഷം ഡസ്കില്‍ കയറിയിരുന്നു.
അപ്രതീക്ഷിതമായി കൃഷ്നപ്രിയ കടന്നുവന്നു.
"നല്ല മഴ..ല്ലെ?" ചിരിച്ചുകൊണ്ടവള്‍ എന്റെ മുഖത്തേക്ക് നോക്കി
എന്തു പറ്റി ഇന്നു വൈകാ‍ന്‍?
ഗിരിയെന്താ ഇന്നു വൈകിയത്?എന്റെ ചോദ്യത്തിന് അവള്‍ മറുചോദ്യമുന്നയിച്ചു.
ഞാനെന്നും ഇങ്ങനെയൊക്കെതന്നെയാണ്.
എന്റെ ഉത്തരം കേട്ട് മുഖത്ത് ഗൌരവം വരുത്തി അവള്‍ പറഞ്ഞു.
ഞാനും..
ഇവളാള് കൊള്ളാലോ പറ്റിയ കൂട്ട് തന്നെ.
മനസ്സില്‍ വന്നത് പുറത്ത്പറയാതെ അവളിലേക്കും ആ ജീവിതത്തിന്റെ വിശാലതയിലേക്കും വാക്കുകളിലൂടെ സഞ്ചരിക്കാന്‍ തുടങ്ങി.ഒരുമണിക്കൂര്‍ കഴിഞ്ഞ് പിരിയുമ്പോള്‍ തിരിച്ചറിയുകയായിരുന്നു ഓരോ ദിവസവും ജീവിതത്തിലേക്ക് കടന്നുവരുന്നവരുടെ വ്യത്യസ്തതകളെപറ്റി.പരസ്പരം അറിയാമായിരുന്നിട്ടും പരിചയപ്പെടാന്‍ വൈകിയ നിമിഷങ്ങളെപറ്റി.

ദിവസങ്ങള്‍ക്കകം ഞങ്ങള്‍ വല്ലാതെയടുത്തു.മനസ്സിലുള്ളതെല്ലാം ഒരുപകലില്‍ കൃഷ്ണ കണ്ടെത്തിയപ്പോള്‍ ഞാനാകെ ചുരുങ്ങിപ്പോയി...
എത്ര ദിവസമായി എന്നോട് പറയാനുള്ളതെല്ലാം മനസ്സിലിങ്ങനെ കൊണ്ട് നടക്കുന്നു?
എല്ലാമൊന്ന് തുറന്ന് പറഞ്ഞ് ഈ കനം കുറച്ചൂടേ?
അവളുടെ ചോദ്യം എന്നെ അമ്പരപ്പിച്ചുകളഞ്ഞു.
എനിക്കറിയാം..ഗിരിയെന്നെ വല്ലാതെ സ്നേഹിക്കുന്നു..നിന്റെ മനസ്സില്‍ അധിനിവേശമായി എത്തിയ ആ മഴ ഞാനല്ലേ...മനസ്സില്‍ സ്നേഹം പുരട്ടി തടവിയ ആ മയില്‍പ്പീലിത്തുണ്ട് ഞാനല്ലേ.എഴുതുന്ന വരികളിലെല്ലാം ഞാന്‍ മാത്രമായി ചുരുങ്ങിപ്പോകുന്നു..ല്ലേ?
അതേ
എന്റെ നേര്‍ത്തശബ്ദം കേട്ട് നിശബ്ദയായി അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു.
പക്ഷേ,അവളുടെ നെറ്റിയില്‍ ഉണങ്ങി കിടന്നിരുന്ന നീലഭസ്മവും,കൈകളില്‍ ചുറ്റിയിട്ട തുളസിമാലയും ആ ചതിയുടെ നിഗൂഢത മറച്ചുകളഞ്ഞു.

സ്നേഹം ശത്രുവിനെപ്പോലും മിത്രമാക്കുമെന്ന് പറയുന്നത് വെറുതെയല്ലെന്ന് ജീവിതം പഠിപ്പിച്ചത് അവളുമൊത്തുള്ള ആ ദിവസളിലായിരുന്നു.പ്രണയം ഒരു സര്‍പ്പമായി എന്നെ ചുറ്റിവരിഞ്ഞ ആ നാളുകളില്‍ കൃഷ്ണ സത്യം തുറന്നുപറഞ്ഞു.
അവളുടെ കസിനായിരുന്നു വിമല്‍.അവന്റെ മനസ്സില്‍ ആഴത്തില്‍ വേരൂന്നിപ്പോയ ഒരുപെണ്‍കുട്ടിയുണ്ടായിരുന്നു ..ഹരിത..ബാല്യകാലം മുതല്‍ എന്റെയൊപ്പമുണ്ടായിരുന്ന ഒരു കൂട്ടുകാരി.അവളുടെ മനസ്സിലെപ്പോഴോ ഞാന്‍ കയറിക്കൂടിയിരുന്നു.അതറിയാവുന്ന ഒരേഒരാള്‍ കൃഷ്ണയും.എന്നെ പരിചയപ്പെടുന്നതിനു മുന്‍പെ ഞങ്ങള്‍ സ്നേഹത്തിലാണെന്ന് ഹരിതയുടെ മുഖത്ത് നോക്കി കൃഷ്ണ പറഞ്ഞപ്പോള്‍ അവള്‍ക്ക് മുന്നില്‍ പതിയെ വിമലിന്റെ രൂപം തെളിഞ്ഞുവന്നു.
ഞങ്ങളെ പൂര്‍ണ്ണമായി അകറ്റാന്‍ താനും,വിമലും തീര്‍ത്ത കെണിയായിരുന്നു ഈ പ്രണയമെന്നും അവള്‍ പറഞ്ഞു.പക്ഷേ ഇപ്പോള്‍ നിന്റെ ഹൃദയരശ്മികള്‍ എന്നെ പിടിച്ചുലക്കുന്നു.നിന്റെ സ്നേഹത്തിന്റെ തീഷ്ണതയില്‍ ഞാന്‍ ഉരുകിയൊലിക്കുന്നു.
എല്ലാം മറന്നെന്നെ സ്നേഹിച്ചൂടെ?ഈ തുറന്നുപറയാന്‍ കാണിച്ച എന്റെ മനസ്സിന്റെ സ്നിഗ്തതയെ തിരിച്ചറിഞ്ഞൂടെ?അവളുടെ മുഖത്തെ ദയനീയത എന്റെ കോപത്തെ തണുപ്പിച്ചുകൊണ്ടേയിരുന്നു.അതൊരു മഞ്ഞുകട്ടയായി ഹൃദയത്തെ മരവിപ്പിച്ചുകൊണ്ടിരുന്നു.
ചതിയുടെ ആന്തരികതയ്ക്ക് ഇത്ര മനോഹാരിതയുണ്ടെങ്കില്‍ അവളുടെ സ്നേഹം എത്ര സുന്ദരമായിരിക്കും..അതായിരുന്നു അപ്പോള്‍ എന്റെ മനസ്സിലൂടെ മിന്നിമാഞ്ഞത്.....

പിന്നീട്
ഇണക്കങ്ങളേക്കാള്‍ പിണക്കങ്ങളുമായി പരസ്പരം മുന്നോട്ട് പോകാനാവാതെ ശ്വാസം മുട്ടിക്കൊണ്ടേയിരുന്നു.ഒരിക്കലും മോഹിക്കാനാവാത്ത വിധം ഉയരമേറിയതായിരുന്നു അവളുടെ ജാലകങ്ങളെന്ന് തിരിച്ചറിഞ്ഞ് ആഗ്രഹങ്ങളെ അവധിക്ക് വിട്ട് മറവിയില്‍ മുങ്ങിച്ചാവാന്‍ കൊതിക്കുകയായിരുന്നു ഞാന്‍.അവളെ ജീവിതത്തിലേക്ക് കൂട്ടാന്‍ കൊതിച്ചെങ്കിലും കഴിയാത്തവിധത്തില്‍ നിലനിന്നിരുന്ന അന്തരങ്ങള്‍ ഞാന്‍ അവളറിയാതെ തിരിച്ചറിഞ്ഞിരുന്നു.
എന്റെ വീര്‍പ്പുമുട്ടല്‍ തിരിച്ചറിഞ്ഞാവാം ഒരിക്കല്‍ കൃഷ്ണ പറഞ്ഞു.
നമ്മള്‍ പരസ്പരം വെറുത്തുതുടങ്ങിയിരിക്കുന്നു ഇല്ലേ ഗിരീ?
എനിക്കറിയാം...ആ മനസ്സില്‍ ഞാന്‍ മാത്രമാണെന്ന്...പക്ഷേ മതത്തിന്റെ കനത്തകണ്ണികള്‍ അതിര്‍വരമ്പുകളിട്ട് നമ്മെ അകറ്റി നിര്‍ത്തുന്നുവെന്ന്..നീയെന്നയല്ല എന്റെ മതത്തെ ഭയപ്പെടുന്നുവെന്ന്.
ശരിയാണ്..നമ്മുടെയീ‍ ദിവസങ്ങളുടെ അന്ത്യം അടുത്തിരിക്കുന്നുവെന്ന് ആരൊക്കെയോ പറയുന്നത് പോലെ എനിക്കും തോന്നിത്തുടങ്ങിയിരിക്കുന്നു.
പിരിയാം നമുക്ക്..അല്ലെങ്കില്‍ വേണ്ട..പിണങ്ങാം നമുക്ക്...എന്നെങ്കിലും കൂട്ടുകൂടുമെന്ന വിശ്വാസത്തോടെ.
ചുമന്ന മിഴികളുമായി അവള്‍ യാത്ര പറഞ്ഞിറങ്ങിപ്പോയി.

അവളില്ലാത്ത പകലിന്റെ ശൂന്യത എന്നെ വരിഞ്ഞുമുറുക്കിക്കൊണ്ടിരുന്നു.ഞാന്‍ തിരിച്ചറിയുകയായിരുന്നു അവളുടെ സാമീപ്യത്തിന്റെ അവര്‍ണ്ണനീയതകളെപറ്റി.ക്ലാസ് മുറിയിലെ ഒഴിഞ്ഞകോണില്‍ മുഖത്തോട്മുഖം നോക്കി മിണ്ടാതിരിക്കുമ്പോഴും തിരിച്ചറിഞ്ഞിരുന്ന മൌനത്തിന്റെ ഭാഷകളെ പറ്റി.

തിരക്കേറിയ മറ്റൊരു പകലിലാണ് കൃഷ്ണയുമായി വീണ്ടുമടുത്തത്.
ഫൈന്‍ ആര്‍ട്സ് സെക്രട്ടറി തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം.മത്സരാര്‍ത്ഥിയായ കൂട്ടുകാരന് വിജയാശംസ നേര്‍ന്നുമടങ്ങുമ്പോള്‍ നാരങ്ങപിഴിഞ്ഞൊഴിച്ച വൈറ്റ് റം കഴിച്ചിരുന്നു.ചൂടുപിടിച്ച തിരഞ്ഞെടുപ്പിന്റെ അന്തരീക്ഷത്തിലൂടെ തിരിച്ചുനടക്കുമ്പോള്‍ അപ്രതീക്ഷിതമായി മുന്നില്‍ കൃഷ്ണ.
ഒന്നും പറയാനാവാതെ അല്പനേരം നിന്നു.
ഗിരീ..എനിക്ക് സംസാരിക്കാനുണ്ട്.
അവളുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു.
പിന്നാലെ നടന്നു....
ഒഴിഞ്ഞ ക്ലാസ് മുറിയിലെത്തിയപ്പോള്‍ കയ്യിലുണ്ടായിരുന്ന നോട്ബുക്ക് അവള്‍ നീട്ടി.
അതുവാങ്ങി തുറന്നുനോക്കുമ്പോള്‍ ഒരാളുടെ ചിത്രം കണ്ടു.
"ഇതാ എന്റെയാള്..ഇഷ്ടമായോ?
അപ്രതീക്ഷിതമായ അവളുടെ ചോദ്യം എന്നെ വല്ലാതെ തളര്‍ത്തികളഞ്ഞു.
അവള്‍ക്ക് തീരെ യോജിച്ച മുഖമല്ലായിരുന്നു അത്.അവളുടെ മുഖത്ത് നോക്കാതെ ഇഷ്ടമായി എന്ന് പറഞ്ഞു.
ഗിരി നുണപറയുകയാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.പക്ഷേ ഇതെന്റെ നിയോഗമാണ്.കാലം എന്നെ മോഹഭംഗങ്ങളുടെ നിരാശയില്‍ തളച്ചിടാനൊരുങ്ങുന്നു.എനിക്കിപ്പോള്‍ എന്റെയീ പ്രതിബിംബത്തോടു തോന്നുന്ന വെറുപ്പിന്റെ വ്യാപ്തി നിനക്ക് പറഞ്ഞാല്‍ മനസ്സിലാകില്ല.
നീ നിസ്സഹായനാണ്. നിനക്കൊരിക്കലും മറ്റൊരു പോംവഴിയെക്കുറിച്ചാലോചിക്കാന്‍ പോലുമാവില്ലെന്നറിയാം.അതുകൊണ്ട് ഞാനീ മഷി ഒപ്പിയെടുക്കാനൊരുങ്ങുകയാണ്.ആകാശത്തിന്റെ പടിഞ്ഞാറന്‍ മാനത്ത് നിന്ന് നൊമ്പരത്തിന്റെയീ ശോണിമയെ.
ഞാന്‍...ഞാനൊന്ന് തൊട്ടോട്ടെ?
എന്റെ ചോദ്യം കേട്ടവള്‍ പുഞ്ചിരിച്ചു.
ഇതെന്താ ഇപ്പൊ ഇങ്ങനെ തോന്നാന്‍?
അതിശയത്തോടെ അവളെന്റെ മുഖത്തേക്ക് നോക്കി.
എനിക്കറിയില്ല.
പെട്ടെന്നുള്ള എന്റെ മറുപടി കേട്ട് അവള്‍ അടുത്തേക്ക് ചേര്‍ന്നുനിന്ന് കൈനീട്ടി.
അവളുടെ വിരലുകള്‍ക്കിടയിലൂടെ കൈകോര്‍ത്ത് ഞാന്‍ ചേര്‍ത്തുപിടിച്ചു.
അവളുടെ മിഴികള്‍ ആര്‍ദ്രമാകുന്നത് കണ്ടപ്പോള്‍ ഞാന്‍ തീയില്‍ തൊട്ടപോലെ കുതറിമാറി.
ഗിരീ..നീ നിര്‍വ്വികാരനാണോ?
അല്ലെങ്കില്‍ ഞാന്‍ എന്നെ ഉരുകിയൊലിച്ചെനേ....നിന്റെ ഹൃദയരശ്മികളുടെ ചൂടേറ്റ്..നിന്റെ വികാരതിമിര്‍പ്പുകളുടെ അഗ്നിയില്‍ ഞാനെന്നേ വെന്തു വിഭൂതിയായേനെ..
അത്രയും പറഞ്ഞ് മിഴികള്‍ തുടച്ച് അവളിറങ്ങിപ്പോയി.

ഒരാഴ്ചക്ക് ശേഷം അവള്‍ എന്നെ തേടി വീണ്ടും ക്ലാസ്സില്‍ വന്നു.
വല്ലാ‍ത്തൊരാഹ്ലാദത്തില്‍ എന്റെ കയ്യില്‍ പിടിച്ച് നടന്നു.
ഗിരീ...ഇന്നലെ താംബൂലപ്രശ്നം വച്ചു.ഞങ്ങളുടെ ജാതകങ്ങള്‍ തമ്മില്‍ ചേരില്ല.ഇനി ഒരുവര്‍ഷത്തിനുശേഷമേ കല്യാണം പാടുള്ളുവത്രെ.
എന്താണെന്നറിയില്ല...മനസ്സിന് വല്ലാത്ത സന്തോഷം..
എന്തോ ഒരു നിമിഷം ഞാനും അറിയാതെ ചിരിച്ചുപോയി.
കാലം എന്നെ കുത്തിനോവിക്കാനുള്ള തയ്യാറെടുപ്പാണെന്നറിഞ്ഞിട്ടും....

ഒടുവില്‍...
ഇനിയും കണ്ടുമുട്ടുമെന്നും കാലത്തിന് നമ്മളെ പിരിക്കാനാവില്ലെന്ന ഉറപ്പോടെ വേനലിന്റെ ഹൃദയത്തിലൂടെ ഞങ്ങള്‍ നടന്നുപോയി.അവസാനമായി അവള്‍ക്ക് നല്‍കിയ കൈമുറിച്ചെഴുതിയ ആശംസാകാര്‍ഡ് കണ്ടപ്പോള്‍ എന്റെ കൈകൊണ്ട് മുഖം പൊത്തി കൃഷ്ണ കുറേ നേരം കരഞ്ഞു.അവളുടെ പിടക്കുന്ന മിഴികളുടെ താളം ഞാനറിഞ്ഞു.അതിന് മറുപടിയായി ജന്മങ്ങള്‍ക്കപ്പുറവും ഞാന്‍ കാത്തിരിക്കാമെന്ന് വാക്കുതന്ന അവളുടെ ആശംസാകാര്‍ഡ് എന്നില്‍ നിന്നും നഷ്ടമായി.പക്ഷേ അതിലവളെഴുതിക്കൂട്ടിയ ജീവനുള്ള വാക്കുകള്‍ ഇന്നും എന്റെ മനസ്സില്‍ കിടന്നു പിടക്കുന്നുണ്ട്.നാളെ കാണാമെന്ന് പറഞ്ഞ് ഒരു സായന്തനതില്‍ യാത്ര പറഞ്ഞ്പോയ അവളെ ജീവിതത്തിലിതുവരെ കണ്ടെടുക്കാനായില്ല എനിക്ക്. പക്ഷേ മനസ്സിലെ മ്യൂസിയത്തില്‍ അവള്‍ എനിക്ക് സമ്മാനിച്ച ജീവനുള്ള അക്ഷരങ്ങള്‍ ഇന്നും സ്പന്ദിച്ചുകൊണ്ടേയിരിക്കുന്നു.
"എന്റെ പേര് പൊടിപിടിച്ചുതുടങ്ങിയിരിക്കുന്നു...
ഈ താളുകളില്‍..
എന്റെ ഹൃദയത്തില്‍...
പിന്നെ നിന്റെയും...

പിണങ്ങിയിരുന്ന ഒരു കലോത്സവനാളില്‍ പ്രഹേളികയെന്ന വിഷയത്തില്‍ അവളോടൊപ്പമിരുന്ന് കഥയെഴുതിയത് ഓര്‍മ്മയില്‍ തെളിയുന്നു.പ്രഹേളികയെന്ന വാക്കിന്റെ അര്‍ത്ഥം പോലും പിടികിട്ടാതെയിരിക്കുന്ന എനിക്ക് മുന്നില്‍ വന്നത് അവളുടെ ജീവിതം തന്നെയായിരുന്നു.സായ്ഭജന് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോകുമായിരുന്ന സായന്തനങ്ങളും,കടങ്കഥ പോലെയുള്ള അവളുടെ ജീവിതത്തിന്റെ ഇടറിയ വഴികളുമെല്ലാം എന്റെ പേനക്ക് ഇരകളായി.
മഴയും,മരണവും ,മയില്‍പ്പീലിയും എന്ന തലക്കെട്ടില്‍ എഴുതിയ ആ കഥ ഒന്നാംസ്ഥാനത്തിനര്‍ഹമായപ്പോള്‍ അവള്‍ ചിരിച്ചുകൊണ്ടടുത്ത് വന്നു.
ഇപ്പോ ഗിരി ജയിച്ചു. പക്ഷേ ജീവിതത്തിലെനിക്കായിരിക്കും വിജയം.
പുഞ്ചിരിയോടെ പറയുമ്പോഴും എഴുതിക്കൂട്ടിയതെല്ലാം അവളെക്കുറിച്ചായിരുന്നുവെന്ന് കൃഷ്ണയറിഞ്ഞില്ല.
കാലത്തിന്റെ സഞ്ചാരപഥങ്ങളില്‍ വീണ്ടുമൊരുപാട് മുഖങ്ങള്‍ വന്നും പോയുമിരിക്കുന്നു.എന്നാലും അവളിന്നെവിടെയാകുമെന്നൊരു ചിന്ത ഇടക്കെല്ലാം എന്നെ അലട്ടിക്കൊണ്ടിരിക്കുന്നു...
എന്റെ ജീവിതം ജയിച്ചോ..തോറ്റോ..എന്നിനിയും പറയാനായിട്ടില്ല.പക്ഷേ ഒന്നുറപ്പാണ് കൃഷ്ണ വിജയിച്ചിട്ടുണ്ടാവും.
പുഞ്ചിരിയിലും ആ മിഴികളില്‍ ഞാന്‍ കണ്ട രൌദ്രത എങ്ങനെ മറക്കാനാകും?

Wednesday, May 7, 2008

ഡ്രാക്കുള

(വയനാട്‌ ജില്ലയിലെ കോളജ്‌ കലോത്സവങ്ങളില്‍ ഏറ്റവും മികച്ചത്‌ ഞങ്ങളുടെ കോളജിലേതാണെന്ന്‌ കണ്ണുമടച്ച്‌ പറയാന്‍ സാധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു...അങ്ങനെയൊരു കലോത്സവത്തിന്റെ തലേദിവസത്തേക്ക്‌ വെറുതെ ഒന്നു മടങ്ങിപോവുന്നു..)

സമയം വൈകുന്നേരം ആറുമണി..
ഓഡിറ്റോറിയത്തിന്റെയും ഹാളിന്റെയും അവസാനമിനുക്ക്‌ പണികള്‍ പൊടിപൊടിക്കുകയാണ്‌. ഹൗസ്‌ ക്യാപ്റ്റന്‍മാരായി വിലസുന്നവരില്‍ ചിലരും റിഹേഴ്സലിന്റെ പേര്‌ പറഞ്ഞ്‌ ഷൈന്‍ ചെയ്യുന്നവരുമെല്ലാം ഇനി സ്റ്റേജില്‍ കാണാമെന്ന്‌ പറഞ്ഞ്‌ പരസ്പരം വെല്ലുവിളിച്ച്‌ പിരിഞ്ഞുപോയി. സാധാരണ എല്ലാ കലോത്സവങ്ങളിലും രാത്രി കോളേജില്‍ തങ്ങാറാണ്‌ പതിവ്‌. പക്ഷേ അന്ന്‌ അവിടെ തങ്ങുന്ന കാര്യമൊന്നും തീരുമാനമായിട്ടില്ല. അങ്ങനെ വീട്ടിലേക്ക്‌ തിരിച്ചുപോകാനൊരുങ്ങുമ്പോഴാണ്‌..ഒരു കന്നാസ്‌ നിറയെ നാടന്‍വാറ്റുമായി അരവിന്ദന്റെ കാറെത്തിയത്‌. അങ്ങനെ അന്ന്‌ അവിടെ കൂടാന്‍ തീരുമാനിച്ചു.
രാത്രി എട്ട്‌ മണിയോടെ കലോത്സവവേദിയും ഹാളുമെല്ലാം അതിമനോഹരമായി അണിഞ്ഞൊരുങ്ങി കഴിഞ്ഞു॥കോളജിലെ മികച്ച്‌ നാടകനടനുള്ള പുരസ്ക്കാരം നിരവധി തവണ സ്വന്തമാക്കിയിട്ടുള്ള അരവിന്ദന്റെ നാടകറൂമിലായിരുന്നു ഞങ്ങള്.ഞങ്ങള്‍ എന്ന്‌ പറയുന്നതില്‍ പൂര്‍ണ്ണതയില്ലാത്തതിനാല്‍എല്ലാവരെയും ഒന്നു പരിചയപ്പെടുത്താം.ഹൗസ്‌ ക്യാപ്റ്റന്‍ അഭി, പിന്നെ ബിജു, എന്റെ സഹപാഠികളായ ബെയ്സില്‍, ജസ്റ്റിന്‍ പിന്നെ ഓള്‍ ഇന്ന്‌ ഓള്‍ അരവിന്ദനും..ഇതിനിടയില്‍ നാടന്‍വാറ്റ്‌ അടിക്കാത്തവര്‍ക്ക്‌ വേണ്ടി കട്ടയിട്ട്‌ കളര്‍ വാങ്ങുവാനായി അഭിയും ബെയ്സിലും അടുത്തുള്ള ബാറിലേക്ക്‌ പോയി...വെറുതെയിരുന്നു മടുത്തപ്പോ അരയില്‍ തിരുകിവെച്ച രണ്ടുകുത്ത്‌ ചീട്ടെടുത്ത്‌ റമ്മി കളിക്കാന്‍ തുടങ്ങി..

ജോസഫ്‌ സാറ്‌ വളരെ സീരിയസായി റൂമിലേക്ക്‌ കയറിവന്നപ്പോള്‍ എന്തോ പ്രശ്നമുണ്ടെന്നാണ്‌ കരുതിയത്‌..ചീട്ടെല്ലാം പെട്ടന്ന്‌ വാരിക്കൂട്ടി ഒളിപ്പിക്കാന്‍ ശ്രമിക്കുന്നത്‌ കണ്ട്‌ അദ്ദേഹം വേണ്ട എന്ന്‌ ആംഗ്യം കാട്ടി.
അരവിന്ദാ..നാടകമത്സരത്തിന്‌ ആകെ നാലു ടീമേ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളു. കഴിവുള്ള കുട്ടികളല്ലേ..തല്‍ക്കാലം നിങ്ങള്‍ക്ക്‌ ഒരു നാടകം തട്ടിക്കൂട്ടിക്കൂടെ...(കലോത്സവത്തോട്‌ അനുബന്ധിച്ച്‌ മരിച്ചുപോയ ഒരു അധ്യാപകന്റെ സ്മരണാര്‍ത്ഥം എല്ലാവര്‍ഷവും നാടകമത്സരം നടത്തിവരാറുണ്ടായിരുന്നു)
സാറിന്റെ ആ പുകഴ്ത്തല്‍ തറച്ചത്‌ അരവിന്ദന്റെ മനസിലാണ്‌..അധികം ആലോചിക്കാതെ അവന്‍ സമ്മതം മൂളി..പിന്നെ സീരിയസായി ഞങ്ങളെ നോക്കി പറഞ്ഞു..
എല്ലാവരും വേഗം ഡ്രസൊക്കെ മാറൂ.
ജെസ്റ്റിനും ബിജുവും ഞാനും അവിടെയുണ്ടായിരുന്ന അരവിന്ദന്റെ നാടകഡ്രസുകളില്‍ ചിലതെടുത്ത്‌ ധരിച്ചു. എനിക്ക്‌ കിട്ടിയത്‌ ഒരു കറുത്ത ഗൗണായിരുന്നു. ജയില്‍പുള്ളിയുടെ വേഷം ജസ്റ്റിനും.ബിജു മേറ്റ്ന്തോ ഒരു ഡ്രസും.
ക്ലാസ്‌റൂമിലുണ്ടായിരുന്ന ബള്‍ബെടുത്ത്‌ അരവിന്ദന്‍ അതില്‍ ചുവന്ന ഗ്രാസ്സ്‌ പേപ്പര്‍ ചുറ്റി. മുറിയില്‍ ചുവന്ന വെട്ടം പരന്നു.
കുപ്പി വാങ്ങാന്‍ പോയത്‌ കൊണ്ട്‌ നല്ല വേഷങ്ങള്‍ നഷ്ട്ടപ്പെട്ട അഭിയെയും ബെയ്സിലിനേയും മനസിലോര്‍ത്ത്‌ ഞാന്‍ പരിതപിച്ചു.
സംവിധായകന്‍ താടി ചൊറിഞ്ഞു.ഒരു പേപ്പറെടുത്ത്‌ എന്തൊക്കെയോ കുത്തികുറിച്ചിട്ടു...അഭിനയത്തിന്‌ ഹരം വരാനായി കന്നാസില്‍ നിന്നും നാടനെടുത്ത്‌ ഞാനും ജെസ്റ്റിനും വായിലേക്ക്‌ കമിഴ്ത്തി.നിമിഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ ശരിക്കും കഥാപാത്രങ്ങളായി മാറി കഴിഞ്ഞിരുന്നു.

രംഗം ഒന്ന്‌...
ജയില്‍പുള്ളിയായി ജസ്റ്റിന്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു.
ചുവന്ന വെളിച്ചത്തില്‍ കറുത്ത ഗൗണ്‍ ധരിച്ച്‌ ഞാന്‍ അവന്റെ അരുകിലേക്ക്‌ പതിയെ നടന്നടുക്കുന്നു.അടുത്തെത്തിയപ്പോള്‍ അവന്‍ ഞെട്ടിയെഴുന്നേല്‍ക്കുന്നു.പെട്ടന്ന്‌ ഞാന്‍ ഒഴിഞ്ഞുമാറി അപ്രത്യക്ഷമാവുന്നു.
പേടിച്ചരണ്ട്‌ ജസ്റ്റിന്‍ എഴുന്നേറ്റിരിക്കുന്നു...
'ഈ നശിച്ചസ്വപ്നം മൂലം ഉറക്കം നഷ്ടപ്പെട്ടിട്ട്‌ നാളുകളായിരിക്കുന്നു...' ഇതാണ്‌ അപ്പോഴുള്ള അവന്റെ ഡയലോഗ്‌..
അരവിന്ദാ..ഡയലോഗില്ലെങ്കില്‍ ഞാന്‍ അഭിനയിക്കില്ല...മദ്യലഹരിയില്‍ കുഴഞ്ഞ എന്റെ ശബ്ദം കേട്ട്‌ അരവിന്ദന്‍ തുറിച്ച്‌ നോക്കി എന്നെ ഭീതിപ്പെടുത്തി..
നിനക്ക്‌ ഡയലോഗ്‌ ഉണ്ട്‌..അവന്‍ എന്നെ സമാധാനിപ്പിച്ചു..
വീണ്ടും ഒരു മൂന്നാല്‌ തവണ കൂടി അതേ രംഗം ഞങ്ങളെ കൊണ്ട്‌ സംവിധായകന്‍ അഭിനയിപ്പിച്ചു..
പിന്നെ ചെറിയൊരു ഇടവേള തന്നു. ഞങ്ങള്‍ അഭിനയിച്ച്‌ ക്ഷീണിച്ചത്‌ കൊണ്ടല്ല മറിച്ച്‌ കഥയുടെ ബാക്കിയെഴുതാന്‍ വേണ്ടിയുള്ള ഇടവേള.
ഒരു സിഗരേറ്റ്ടുത്ത്‌ കത്തിച്ച്‌ കുറ്റിതാടി ഇടക്കിടെ ചൊറിഞ്ഞ്‌ അരവിന്ദന്‍ തീഷ്ണമായ ആലോചനയില്‍ മുഴുകിയപ്പോള്‍ ഒളിപ്പിച്ചുവെച്ച ചീട്ടെടുത്ത്‌ ഞങ്ങള്‍ വീണ്ടും റമ്മി കളിക്കാന്‍ തുടങ്ങി..ഈ സമയത്ത്‌ ബാറിലേക്ക്‌ പോയ ബെയ്സിലും അഭിയും തിരിച്ചെത്തി. രണ്ട്‌ ഫുള്‍ബോട്ടില്‍ ബ്രാന്‍ഡി കണ്ടപ്പോള്‍ കന്നാസിലുള്ള നാടനെടുത്ത്‌ വാറ്റ്‌ പ്രിയരായ ചിലര്‍ക്ക്‌ നല്‍കാന്‍ മറന്നില്ല..സില്‍വര്‍ സ്റ്റാലിന്‍ എന്ന ബ്രാന്റ്‌ നെയിമുള്ള ബ്രാന്‍ഡി എടുത്ത്‌ ഡിസ്പോസിബിള്‍ ഗ്ലാസില്‍ ഒഴിച്ച്‌ അഭി എല്ലാവര്‍ക്കുമായി നീട്ടി. അതിന്റെ ഒടുക്കത്തെ ചവര്‍പ്പിനെ മനോഹരമായി അവഗണിച്ച്‌ വായിലേക്ക്‌ കമിഴ്ത്തി റോസ്റ്റ്‌ കടല ചവച്ചു..
അരവിന്ദന്‍ അപ്പോഴേക്കും മൂന്നാല്‌ രംഗങ്ങള്‍ കൂടി തട്ടിക്കൂട്ടി ഞങ്ങള്‍ക്കിടയിലേക്ക്‌ വന്നു...ഒഴിച്ചുവെച്ചിരുന്ന ഗ്ലാസ്‌ കാലിയാക്കി ആദ്യം മുതല്‍ ഒന്നു കൂടി അഭിനയിക്കാന്‍ അവന്‍ ആവശ്യപ്പെട്ടു..
റൂമില്‍ വീണ്ടും ചുവന്ന പ്രകാശം തെളിഞ്ഞു..
ജസ്റ്റിന്‍ ജയില്‍പുള്ളിയായി നീണ്ടുനിവര്‍ന്നു കിടന്നു. ഞാന്‍ കറുത്ത ഗൗണിട്ട്‌ അവനെ ഭീതിപ്പെടുത്താന്‍ തുടങ്ങി..
അഭിയുടെയും ബെയ്സിലിന്റെയും വേഷത്തെ ചൊല്ലി ഇതിനിടയില്‍ തര്‍ക്കം തുടങ്ങിയിരുന്നു..നായകനായി ജസ്റ്റിനും വില്ലനായി ഞാനും തിരഞ്ഞെടുക്കപ്പെട്ടതായിരുന്നു കാരണം.എഴുതിക്കൂട്ടിയ സീനുകളിലൊന്നിലും ഞാനും ജസ്റ്റിനുമല്ലാതെ മറ്റൊരുമുണ്ടായിരുന്നില്ല.പുതിയ കഥാപാത്രങ്ങളുണ്ട്‌ എന്ന്‌ പറയുന്നതല്ലാതെ മറ്റാരെയും നാടകത്തിലുള്‍പ്പെടുത്താന്‍ സാമാന്യം നല്ല പൂസില്‍ നില്‍ക്കുന്ന അരവിന്ദന്‌ കഴിഞ്ഞില്ല..തര്‍ക്കം ഉന്തും തള്ളിലും പിന്നെ നീണ്ട ഇടവേളയിലേക്കും കാര്യങ്ങളെത്തിച്ചു..
ജെസ്റ്റിനും ബിജുവും വസ്ത്രങ്ങളഴിച്ച്‌ വെച്ച്‌ പുറത്തേക്ക്‌ പോയി..അരവിന്ദനും അഭിയും ആ ബഹളത്തിനിടയിലും സില്‍വര്‍ സ്റ്റാലിനെ കാലിയാക്കി കൊണ്ടിരുന്നു.

ഓഡിറ്റോറിയത്തില്‍ ജോസഫ്‌ സാറും റജിയും മറ്റും ചീട്ടുകളിക്കുന്നുണ്ടായിരുന്നു..അവരുടെയടുത്ത്‌ പോയിരുന്നു..അവ്യക്തമായി ജോക്കറിനെ മാത്രം എനിക്ക്‌ മനസിലായി..പിന്നെ അടുക്കിയിട്ടിരുന്ന ബെഞ്ചില്‍ കയറി നിന്ന്‌ ചുള്ളിക്കാടിന്റെ ആനന്ദധാര ഉറക്കെചൊല്ലി. കറുത്ത ഗൗണിന്റെ ചിറകുകള്‍ ഉയര്‍ത്തി വീശി കൊണ്ടിരുന്നു.എല്ലാ കണ്ണുകളും എന്നിലേക്ക്‌ പതിച്ചപ്പോള്‍ വീണ്ടും ഞാന്‍ ജോസഫ്‌ സാറിന്‌ കോച്ചിംഗ്‌ നല്‍കാനായി അടുത്ത്‌ പോയിരുന്നു.
സാറേ.എനിക്കൊരു സങ്കടം പറയാനുണ്ട്‌.
എന്റെ വാക്കുകള്‍ കേട്ട്‌ നീ പറയടാ എന്ന്‌ പറഞ്ഞ്‌ അദ്ദേഹം ഒരു കൈയെടുത്ത്‌ എന്റെ തോളിലിട്ടു.
ഇത്രേം കാലം ഇവിടെ പഠിച്ചിട്ടും ഒരു ലൈനിടാന്‍ പേറ്റെല സാറെ.ഇനിയാകെ ഒരു വര്‍ഷം മാത്രം.എനിക്ക്‌ സങ്കടം സഹിക്കാന്‍ പറ്റുന്നില്ല സാറെ.
സില്‍വര്‍ സ്റ്റാലിന്റെ സംസാരം കേട്ട്‌ സാറൊന്ന്‌ പകച്ചു.പിന്നെ ശാന്തനായി പറഞ്ഞു.
നീ തീരെ പോരാ ട്ടോ.
എന്നെ കുറിച്ചറിയുമോ നിനക്ക്‌.
എസ്‌ എസ്‌ എല്‍ സിക്ക്‌ പഠിക്കുമ്പോ മൂന്നുപേര്‍, പി ഡി സിക്ക്‌ രണ്ടുപേര്‍, ഡിഗ്രിക്ക്‌ രണ്ടു പേര്‍, എല്ലാരും സുന്ദരികളായിരുന്നു. പി ജിക്ക്‌ പഠിക്കുമ്പോ ഉള്ള ആളെം കൊണ്ട്‌ ഞാനിങ്ങ്‌ പോരുകയും ചെയ്തു.
എന്നിട്ട്‌ സാറിന്‌ ഈ ഉടാസ്‌ സാധനത്തെയെ കിട്ടിയുള്ളോ..എവിടെയോ ഫ്ലാറ്റാവാന്‍ തയ്യാറെടുക്കുന്ന ബെയ്സില്‍ വിളിച്ചുചോദിച്ചു.
പക്ഷേ സാറ്‌ അല്‍പം പോലും ചമ്മിയില്ല.അല്‍പം സീരിയസായി പറഞ്ഞു,
അവളന്ന്‌ സുന്ദരിയായിരുന്നെടാ.

അരവിന്ദന്‍ നാടകം എങ്ങിനെ തുടരും എന്ന ചിന്തയില്‍ തന്നെയായിരുന്നു.ആളൊഴിഞ്ഞ ഒരു ക്ലാസില്‍ പോയി മെഴുകുതിരിവെട്ടത്തില്‍ അപ്പോഴും അവന്‍ എന്തൊക്കെയോ എഴുതിക്കൂട്ടിക്കൊണ്ടിരുന്നു.
എനിക്ക്‌ നന്നായി വിശക്കുന്നുണ്ടായിരുന്നു..എന്തെങ്കിലും കിട്ടണമെങ്കില്‍ ടൗണിലെ തട്ട്‌ കടയില്‍ പോകണം..വെറുതെ പോയിട്ട്‌ കാര്യമില്ലല്ലോ പൈസ വേണ്ടേ.
ഹൗസ്‌ ക്യാപ്റ്റാ എന്ന്‌ നീട്ടി വിളിച്ചപ്പോ എവിടെ നിന്നോ അഭിയുടെ ശബ്ദം കേട്ടു.സില്‍വര്‍ സ്റ്റാലിന്റെ രണ്ടാം കുപ്പിയിലെ ആദ്യപെഗ്‌ ചുവന്ന വെളിച്ചത്തിലിരുന്നു അകത്താക്കുകയായിരുന്നു അവന്‍.

എനിക്ക്‌ പത്തുരൂപ വേണം.
എന്റെ ആവശ്യം കേട്ട്‌ മുഖമുയര്‍ത്താതെ തന്നെ കീശയില്‍ നിന്നും ഇരുപത്‌ രൂപയെടുത്ത്‌ തന്നു.
ഒരു കിലോ മീറ്ററെങ്കിലും നടക്കണം ടൗണിലെത്താന്‍..എന്തോ ഗൗണ്‍ ഊരിക്കളയാന്‍ തോന്നിയില്ല..അതിട്ടെ പിന്നെ തണുപ്പും തീരെ തോന്നിയിരുന്നില്ല..അങ്ങനെ നടക്കുമ്പോഴാണ്‌ സതീഷിനെ വീട്ടില്‍ കൊണ്ടുവിടാനായി ശിവരാജന്‍ ബൈക്കുമായി വന്നത്‌. അതിന്റെ ബാക്കില്‍ ഞാനും കയറിക്കൂടി..തട്ടുകടയുടെ മുന്നില്‍ എന്നെയിറക്കി വിട്ട്‌ അവര്‍ ബൈക്കോടിച്ച്‌ പോയി.
സിനിമാ തിയ്യറ്ററിന്‌ മുന്നിലെ സജീവമായ തട്ടുകടയില്‍ വെള്ളയപ്പം ചൂട്ടുകൊണ്ടിരിക്കുന്നയാളുടെ അടുത്തേക്ക്‌ ചെന്നു.
രണ്ട്‌ അപ്പം.
എന്റെ ചോദ്യം കേട്ടപ്പോള്‍ ഗൗണിലേക്കായിരുന്നു അയാളുടെ നോട്ടം.ഇതിനിടെ അറിയാതെ ഞാന്‍ കയ്യൊന്ന്‌ നിവര്‍ത്തിയപ്പോള്‍ അയാളുടെ മുഖത്ത്‌ എന്തോ കോപം വന്നു. ഒരു പക്ഷേ ഗൗണിന്റെ ചിറകുകള്‍ കണ്ടാവാം.എന്തായാലും അര്‍ദ്ധരാത്രിയില്‍ ഒരു വക്കീല്‍ നല്ല ഫിറ്റായി ഇങ്ങനെ വരില്ലല്ലോ.ചിലപ്പോ ഭ്രാന്തനാകും, അയാള്‍ അങ്ങനെ ചിന്തിച്ചിരിക്കാം.
ഇവിടെ അപ്പമില്ല.
കുന്നുപോലെ കൂട്ടിയിട്ട്‌ അപ്പത്തിനരുകില്‍ നിന്നയാള്‍ പറഞ്ഞു.
അപ്പമെന്താണെന്ന്‌ തിരിച്ചറിയാത്ത പോലെ ഞാന്‍ നിന്നു.
പിന്നെ തൊട്ടടുത്ത കടയിലേക്ക്‌ നടന്നു..
അവിടെ ചെന്നപാടെ കയ്യിലുണ്ടായിരുന്ന രൂപ കടക്കാരനെ ഏല്‍പ്പിച്ചു. അവിടെ നിന്നു കൂടി ഭക്ഷണം കിട്ടിയില്ലെങ്കില്‍ പിന്നെ അടുത്തൊത്തും കടയില്ല..എന്റെ കോലം കണ്ട്‌ പൈസയില്ല എന്ന്‌ കരുതിയാവും ആദ്യ കടക്കാരന്‍ ഒന്നും തരാത്തതെന്ന്‌ ആ ഫിറ്റിലും ഞാന്‍ മനസിലാക്കിയിരുന്നു..
പൈസ കൊടുത്തതോടെ അയാള്‍ ഒംലറ്റും ബന്നും കട്ടന്‍കാപ്പിയും തന്നു..ചുറ്റിനുമിരിക്കുന്നവര്‍ അത്ഭുതത്തോടെ നോക്കുന്നത്‌ കണ്ടപ്പോള്‍ എല്ലാവരെയും ഒന്നു പറ്റിച്ചേക്കാമെന്ന്‌ കരുതി ഞാന്‍ ആര്‍ത്തിയോടെ വലിച്ചുവാരി തിന്നാന്‍ തുടങ്ങി..തുറിച്ചുനോക്കിയവരില്‍ ചിലര്‍ അത്‌ കണ്ട്‌ മുഖം തിരിച്ചു..
അവിടെ നിന്നും തിരിച്ചു നടക്കുമ്പോള്‍ റോഡിന്റെയരുകിലുള്ള ശ്മശാനത്തില്‍ നിന്നും നായ്ക്കള്‍ ഓരിയിടുന്നുണ്ടായിരുന്നു..
കുറെ നടന്ന്‌ കോളേജിലേക്കുള്ള ഇറക്കമിറങ്ങിക്കൊണ്ടിരിക്കുമ്പോഴാണ്‌ കടത്തിണ്ണയില്‍ നിന്നും ആരൊക്കെയോ തുറിച്ച്‌ നോക്കുന്നത്‌ കണ്ടത്‌..
ഞാന്‍ കൈയുയര്‍ത്തി വീശിയപ്പോള്‍ ഗൗണിന്റെ ചിറകുകള്‍ വെഞ്ചാമരം പോലെയായി..
അയ്യോ ഡ്രാക്കുള. എന്ന്‌ വിളിച്ച്‌ ഉറങ്ങിക്കൊണ്ടിരുന്ന നാടോടികള്‍ എഴുന്നേറ്റോടുന്നത്‌ കണ്ടു..
അങ്ങകലെ നിന്നും നൈറ്റ്‌ പട്രോളിംഗ്‌ നടത്തുന്ന പൊലീസ്‌ ജീപ്പ്പ്‌ വരുന്നുണ്ടായിരുന്നു..ഒരു നിമിഷം കൊണ്ട്‌ എന്റെ ഫിറ്റെല്ലാം എവിടെയോ പോയി...
ജീപ്പ്പ്‌ നൂറുമീറ്റര്‍ അകലെയെത്തിയപ്പോഴേക്കും ശിവരാജന്റെ ബൈക്ക്‌ മുന്നില്‍ വന്നു നിന്നു..അതില്‍ കയറി. മിന്നായം പോലെ അവന്‍ വണ്ടി പായിച്ചു.

കോളജിലെത്തുമ്പോള്‍ സംവിധായകന്‍ അരവിന്ദന്‍ എഴുതിപൂര്‍ത്തിയാക്കാനാവാത്ത സ്ക്രിപ്റ്റിന്‌ മുകളില്‍ തലയും വെച്ചു കിടന്നുറങ്ങുന്നുണ്ടായിരുന്നു.
നാടകമുറിയില്‍ വാളുവെച്ച്‌ അഭിയും തൊട്ടരുകില്‍ ജെസ്റ്റിനും ബിജുവും മലര്‍ന്ന്‌ കിടക്കുന്നുണ്ടായിരുന്നു..
ബെയ്സിലിനെ മാത്രം എവിടെയും കണ്ടില്ല.
അരവിന്ദന്റെ കസേരയില്‍ ചാഞ്ഞിരിക്കുമ്പോള്‍ പാതി തീര്‍ന്ന രണ്ടാമത്തെ കുപ്പിയുടെ പുറത്തുണ്ടായിരുന്ന സില്‍വര്‍ സ്റ്റാലിന്‍ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

Wednesday, March 12, 2008

ഒളിച്ചോട്ടം

അന്നു നേരം പുലര്‍ന്നത്‌ പുതിയൊരു വാര്‍ത്തയുമായിട്ടായിരുന്നു..ഇറച്ചിവെട്ടുകാരന്‍ ജബ്ബാര്‍ക്കാന്റെ മോന്‍ സൂപ്പി നാടുവിട്ടു..പത്രങ്ങളൊക്കെ എത്തി തുടങ്ങും മുമ്പെ പരദൂഷണക്കാര്‍ മുഖേന വാര്‍ത്ത പരന്നുകഴിഞ്ഞു...കാരണമെന്താണെന്നറിയാനുള്ള ആകംഷയായിരുന്നു എല്ലാവര്‍ക്കും. ഞായറാഴ്ച ഇറച്ചിക്കടയിലെ നിറസാന്നിധ്യമാണ്‌ സൂപ്പി. തേക്കിന്റെ ഇലയില്‍ ഇറച്ചി തൂക്കി അവന്‍ പൊതിഞ്ഞുകൊടുക്കുന്നത്‌ കാണാന്‍ തന്നെ നല്ല രസമാണ്‌. സ്കൂളില്‍ പോവാനും മദ്‌റസയില്‍ പോവാനുമൊക്കെ കുഴിമടിയനാണ്‌..പിന്നെ വികൃതി അല്‍പം കൂടുതലായത്‌ കൊണ്ട്‌ ഇടക്കിടെ ചുട്ട അടിയും ജബ്ബാര്‍ക്കാന്റെ വക കിട്ടും. ഇതൊക്കെയാവാം ഒരു പക്ഷേ ഈ നാടുവിടലിന്‌ കാരണം. മിക്കവരുടേയും അനുമാനം അങ്ങനെയായിരുന്നു. സാമ്പത്തികമായി തീരെ പിന്നോക്കം നില്‍ക്കുന്ന കുടുംബമല്ലെങ്കിലും കുട്ടികള്‍ക്ക്‌ വേണ്ടത്ര ശ്രദ്ധയും പരിപാലനവും കിട്ടിയിരുന്നില്ലെന്ന്‌ വളരെ സെന്റിമെന്റലായ ചില അമ്മച്ചിമാര്‍ പിറുപിറുത്തു. എന്തായാലും സൂപ്പിയുടെ അസാന്നിദ്ധ്യം അന്നത്തെ ഇറച്ചിവില്‍പനയെ സാരമായി ബാധിച്ചു. തേക്കിലയില്‍ പൊതിഞ്ഞെടുക്കാനൊന്നും അറിയാത്ത മറ്റൊരു പയ്യന്‍ അന്ന്‌ തത്രപ്പെടുന്നത്‌ കാണാനും നല്ല രസമായിരുന്നു.
കച്ചവടം കഴിഞ്ഞ്‌ വരവും ചിലവും ലാഭവുമെല്ലാം കണക്കാക്കി കടപൂട്ടി ജബ്ബാര്‍ക്കാ അങ്ങാടിയിലേക്ക്‌ പോയി. അബ്ദുക്കാന്റെ ചായക്കടയില്‍ സൂപ്പിയുടെ ഒളിച്ചോട്ടമായിരുന്നു പ്രധാനചര്‍ച്ചാവിഷയം. സമീര്‍ക്കാന്റെ ബാര്‍ബര്‍ഷോപ്പിന്‌ മുന്നിലെ വളഞ്ഞ ബെഞ്ചില്‍ ഇന്ന്‌ ചെസ്‌ കളി ഇന്നുണ്ടായിരിക്കുന്നതല്ലെന്ന്‌ വെട്ടുകിളി എന്ന ഓമനപേരില്‍ വിളിക്കുന്ന ഷെറീഫിന്റെ അനൗണ്‍സ്മെന്റ്‌ കേട്ടു. ചര്‍ച്ചക്ക്‌ നേതൃത്വം കൊടുക്കുന്നത്‌ ജലാപ്പിയും അവറാനുമാണ്‌. സൂപ്പിയില്ലാത്ത അങ്ങാടി ആര്‍ക്കും അത്രവേഗം അംഗീകരിക്കാനേ കഴിഞ്ഞില്ല. അടിച്ചുമാറ്റിയ നൂറു രൂപ തീരുമ്പോ ഓനിങ്ങുവന്നോളും ജബ്ബാറക്കാ..ചായക്കടയിലേക്ക്‌ വന്ന ജബ്ബാര്‍ക്കാനേ നോക്കി അവറാന്‍ പറഞ്ഞു.
ന്നാലും പെരുന്നാളല്ലാ വരണത്‌...കടേല്‌ ആരുല്ലങ്കില്‍ ബല്യ പ്രശ്നാ. ചുണ്ടിലെ എരിയുന്ന ബീഡി ഒരു വശത്തേക്ക്‌ മാറ്റി ജബ്ബാര്‍ക്കാ പറഞ്ഞു.
അയാള്‍ക്ക്‌ ഓന്‍ പോയേല്ലല്ല വിഷമം..മറിച്ച്‌ കച്ചവടം പോണേനാ..ചര്‍ച്ചയിലെ പ്രധാന കേള്‍വിക്കാരില്‍ ചിലര്‍ ദേഷ്യത്തോടെ പിറുപിറുത്തു.
ജബ്ബാറേ ഇജ്ജ്‌ ഒരു കാര്യം ചെയ്യ്‌...ഓന്‍ പോവാണേ തന്നെ ഏട വരേ പോവാനാ..കല്‍പ്പറ്റക്കപ്പുറം പോണാച്ചാ ഓന്‍ ഒന്നൂടെ ജനിക്കണം..ബല്ല ഹോട്ടലിലോ മറ്റോ ഒന്ന്‌ തപ്പീന്ന്‌..എപ്പോഴും വിഡ്ഡിത്വം മാത്രം പറയാറുള്ള മമ്മദ്ക്കാന്റെ ആ അഭിപ്രായം കേട്ട്‌ പലരും മിഴിച്ചിരുന്നു..
അത്‌ ശരിയാണ്‌ ജബ്ബാറക്കാ..ചര്‍ച്ചയിലെ പ്രധാന പങ്കാളികളെല്ലാം ഒരുമിച്ച്‌ പറഞ്ഞു..
വൈകുന്നേരത്തെ ക്ലബ്ബിലെ ചീട്ടുകളിസഭയിലും സൂപ്പിയുടെ ഒളിച്ചോട്ടം തന്നെയായിരുന്നു പ്രധാനവിഷയം..ബാപ്പാനെ വിളിച്ചിട്ട്‌ സ്കൂളീ കേറിയാ മതീന്ന്‌ ഓനോട്‌ കുര്യന്‍മാഷ്‌ പറഞ്ഞത്രെ...പ്രോഗ്രസ്‌ കാര്‍ഡില്‌ മൊട്ടയിട്ട്‌ മടുത്തത്രെ മാഷിന്‌...മുനീറ്‌ പൊരേന്ന്‌ പറയണത്‌ കേട്ടതാ..കരീംക്കാ പട്രോള്‍മാക്സിന്റെ മുകളിലൂടെ സിഗരറ്റ്‌ കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ പറഞ്ഞു.
ഇത്‌ പുതിയ കാര്യാണല്ലോ കരീമേ..ചെക്കനെ വല്ലാതെ ദ്രോഹിക്കണത്‌ കൊണ്ടാ നാടുവിട്ടേന്നാ പൊതുവേ സംസാരം. ഗോപിയേട്ടന്‍ തുരുപ്പ്ചീട്ട്‌ ഇട്ട്‌ വെട്ടികൊണ്ട്‌ പറഞ്ഞു.
എന്തായാലും നാളെ രാവിലെ ജബ്ബാറക്കാ അന്വേഷിച്ച്‌ പോകാനിരിക്കാ...തൊട്ടപ്പുറത്തെ ബെഞ്ചില്‍ അരണ്ട വെളിച്ചത്തിലിരുന്ന്‌ തലേദിവസത്തെ പത്രം വായിക്കുകയായിരുന്ന ജോയിച്ചേട്ടന്‍ തലയുയര്‍ത്തി എല്ലാവരോടുമായി പറഞ്ഞു...
ഗ്രാമത്തിന്റെ മേല്‍ ഒരു തവണ കൂടി ഇരുട്ട്‌ വന്നുവീണു. പീടികകളും ചായക്കടകളും പൂട്ടി ചൂട്ടും കത്തിച്ച്‌ കച്ചവടക്കാരും പിരിഞ്ഞു പോയി.

സൂപ്പിയെ തിരഞ്ഞു ജബ്ബാറക്കാ ടാക്സിജീപ്പില്‍ കയറുമ്പോള്‍ ഗ്രാമത്തിലെ ഭൂരിഭാഗം പേരുമുണ്ടായിരുന്നു ചുറ്റിനും. എത്ര ഉപദ്രവകാരിയാണെങ്കിലും മരിച്ചാല്‍ പുകഴ്ത്താറുള്ളത്‌ പോലെ ദുഖത്തിന്റെ നിഴലുകള്‍ വീണ ചില മുഖങ്ങള്‍ സൂപ്പിയുടെ ഇല്ലാത്ത കഴിവുകളെ കുറിച്ച്‌ വാ തോരാതെ സംസാരിക്കാറുണ്ടായിരുന്നു. പഠിക്കൂലാച്ചാലും ഓന്‍ നന്നായി പണീടുക്കാരൂന്ന്‌...ഒരു പാട്‌ ചിന്തകള്‍ ഒരുമിച്ച്‌ ചേര്‍ന്ന്‌ ഇങ്ങനെയൊരു നിര്‍വചനത്തിലെത്തുമ്പോള്‍ പാലത്തിനടിയില്‍ തൊഴില്‍ രഹിതരായ യുവാക്കളുടെ ശീട്ടുകളി പൊടിപൊടിക്കുന്നുണ്ടായിരുന്നു...
കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‌ മുന്നില്‍ ബസിറങ്ങി ജബ്ബാറക്കാ ഓരോ ഹോട്ടലിലും കയറി സൂപ്പിയെ അന്വേഷിച്ചുകൊണ്ടിരുന്നു. രണ്ടുമണിക്കൂര്‍ നിരന്തരമായി അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. ഒടുവില്‍ ബസ്റ്റാന്റില്‍ തിരിച്ചുപോരാനായി നിരാശയോടെ ഇരിക്കുമ്പോഴാണ്‌ കോഴിക്കോട്‌ ഫാസ്റ്റ്‌ വന്നത്‌. അറാംപെറന്നോന്‍ ചിലപ്പോ കോയിക്കോട്ടങ്ങാനും പോയിറ്റുണ്ടാവോ..ചിന്തകള്‍ക്ക്‌ കടിഞ്ഞാണിടാതെ തന്നെ ജബ്ബാറക്ക തിരക്കൊഴിഞ്ഞ ആ ബസില്‍ ചാടി കയറി.
അടിവാരം, താമരശ്ശേരി, കൊടുവള്ളി, കുണ്ടമംഗലം എന്നിങ്ങനെയുള്ള ചെറുടൗണുകള്‍ പിന്നിടുമ്പോഴെല്ലാം ജബ്ബാറക്കാന്റെ കണ്ണുകള്‍ തെരുവിലെ കച്ചവടസ്ഥാപനങ്ങളിലും ഹോട്ടലുകളിലുമായിരുന്നു..നായിന്റെ മോനെ കയ്യീ കിട്ടിയാ കൊത്തിയരിയും ഞാ...ഇരച്ചുവരുന്ന ദേഷ്യം സഹിക്കാനാവാതെ അയാള്‍ ഇടക്ക്‌ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.. സഹയാത്രികരില്‍ ചിലര്‍ അരോജകമായ അയാളുടെ പെരുമാറ്റത്തില്‍ അതൃപ്തി പൂണ്ട്‌ പിശുപിശുക്കുന്നുണ്ടായിരുന്നു...

പൊരിവെയിലില്‍ അയാള്‍ കോഴിക്കോട്‌ ബസിറങ്ങി.
നഗരത്തിന്റെ പ്രധാനഭാഗങ്ങളിലെ ഹോട്ടലുകളിലെല്ലാം അയാള്‍ കയറിയിറങ്ങി. പക്ഷേ സൂപ്പിയെ കണ്ടെത്താനായില്ല...കൊടുംചൂടില്‍ വിയര്‍ത്തുകുളിച്ച്‌ നടക്കുമ്പോള്‍ അയാളുടെ മനസില്‍ ഇറച്ചിക്കടയും വീടും എല്ലാമെത്തി നോക്കി. മൂന്നാലെണ്ണമുണ്ടാരുന്നെങ്കിലും അല്‍പമെങ്കിലും തന്നെ സഹായിച്ചിരുന്നത്‌ ഓന്‍ തന്നാ. പൈസ കക്കുമ്പോഴും പൊരേക്ക്‌ സാധനം വാങ്ങി വഴീ കളിച്ചുനിക്കുമ്പോഴും തല്ലീട്ടുണ്ട്ന്നല്ലാതെ ഉള്ളില്‌ സ്നേഹം കൂടുതല്‌ ഓനോട്‌ തന്നാരുന്ന്‌. പിന്നെ പഠിക്കാത്തോനെന്ന്‌ പലരും വിളിച്ചുകൂവുമ്പോ ഒന്നും തോന്നീരുന്നില്ല..ന്റെ മോനല്ലേ ഓന്‍..എങ്ങനെ പഠിക്കാനാ. ന്നാലും എന്റെ ഹമുക്കേ ഇഞ്ഞ്‌ ഞമ്മളെ ഇട്ട്‌ പൊയ്ക്കളഞ്ഞല്ലോ..
അയാള്‍ക്ക്‌ തൊണ്ട വരളുന്നത്‌ പോലെ തോന്നി...
കറന്റ്‌ പോസ്റ്റില്‍ പിടിച്ച്‌ അല്‍പനേരം നിന്ന അയാള്‍ തൊട്ടടുത്ത്‌ കണ്ട ചെറിയൊരു ചായക്കടയിലേക്ക്‌ കയറി..
ഒരു ലൈറ്റ്‌ ചായ...
വീടിനോട്‌ ചേര്‍ന്ന്‌ താല്‍കാലികമായി കെട്ടിയുണ്ടാക്കിയ അവിടെ ആരെയും കണ്ടില്ല.
അയാള്‍ വീണ്ടും പറഞ്ഞു..
ഒരു ലൈറ്റ്‌ ചായ..
അകത്ത്‌ നിന്നും പുറത്തേക്ക്‌ വന്ന ഒരാള്‍ വിളിച്ച്‌ പറഞ്ഞു...
സുലൈമാനേ...ഒരു ലൈറ്റ്ചായ
മനസില്‍ സൂപ്പിയെ കുറിച്ചുള്ള ഓര്‍മ്മകളില്‍ തന്നെയായിരുന്നു അപ്പോഴും ജബ്ബാര്‍ക്കാ..
ചായ കൊണ്ടു മേശമേല്‍ വെച്ച ശേഷം സുലൈമാന്‍ ഉറക്കെ ചോദിച്ചൂ..
കടി മാണോ..
മാണ്ട..ജബ്ബാര്‍ക്കാ മുഖമുയര്‍ത്തി നോക്കി..
അയ്യോ ബാപ്പ...സുലൈമാന്‍ അകത്തേക്ക്‌ ഓടി.
ന്റെ മോനാ..ന്നെ പറ്റിച്ച പോലെ ഓന്‍ ഇങ്ങ്ലെം പറ്റിച്ച്‌..സൂപ്പീന്നാ ഓന്റെ പേര്‌ സുലൈമാനെന്നല്ല...
ചിരിച്ചുകൊണ്ട്‌ ജബ്ബാര്‍ക്കാ പറഞ്ഞു...
സന്ധ്യയോടെ കെ എസ്‌ ആര്‍ ടി സി ബസിന്റെ സൈഡ്‌ സീറ്റില്‍ ഇരുന്ന്‌ തിരിച്ചുവരുമ്പോള്‍ ഗ്രാമവാസികളൊന്നടക്കം സൂപ്പിയെ കാത്ത്‌ നില്‍ക്കുന്നുണ്ടായിരുന്നു.
ബസില്‍ നിന്നറങ്ങിയ സൂപ്പിയെ ഒരു നേതാവിനെയെന്നവണ്ണം ആളുകള്‍ പൊതിഞ്ഞു..
ആരോടും ഒന്നുംമിണ്ടാതെ ജബ്ബാറക്കാ വീട്ടിലേക്ക്‌ നടന്നു..
ഹമുക്കേ പൊരേക്ക്‌ വാ...അനക്ക്‌ ബെച്ചിട്ടുണ്ട്‌..നാലു ദീസം ഇറച്ചിവെട്ടിയാ കിട്ടണ കാശാ ഒറ്റ ദിവസം കൊണ്ട്‌ ഇജ്ജ്‌ കളഞ്ഞത്‌..
ബസ്‌ ടിക്കറ്റ്‌ ചുരുട്ടി വലിച്ചെറിഞ്ഞുകൊണ്ട്‌ അയാള്‍ ഒരു ബീഡിക്ക്‌ തീകൊളുത്തി.