Saturday, September 12, 2009

ഓര്‍മ്മയിലെ ഓണനാള്‍ അഥവാ ആദ്യപ്രതിഷേധം

ഓണത്തെ കുറിച്ചു ഓര്‍ക്കുമ്പോഴെല്ലാം മനസ്സില്‍ ആദ്യം കടന്നുവരിക `രുഗ്മിണി' എന്ന തമിഴ്‌സ്‌ത്രീയെയാണ്‌. പതിനെട്ട്‌ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ഉത്രാടനാളില്‍ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അവര്‍ എന്റെ ഓര്‍മ്മകളിലേക്ക്‌ നടന്നുകയറുകയായിരുന്നു. അമ്പതിനടുത്ത്‌ പ്രായം, തടിച്ച ശരീരം, കണ്ണുകളില്‍ ദൈന്യത, അവിടവിടായി കീറിയ കോട്ടണ്‍സാരി, പിന്നിത്തുടങ്ങിയ ബ്ലൗസ്‌, ക്ലാവ്‌ പിടിച്ച ചെമ്പിന്റെ കമ്മല്‍, പോറിയ കല്ലുകളുള്ള മൂക്കുത്തി, നിറം മങ്ങിയ പ്ലാസ്റ്റിക്‌ വളകള്‍...ഇന്നും കണ്‍മുന്നില്‍ നിന്നും മായാത്ത അവരുടെ രൂപം, കാതുകളില്‍ നിന്നകലാത്ത നിലവിളിശബ്‌ദം.
ഓണം അനുഭൂതിയുടെ ഉത്സവമാണ്‌. മാസങ്ങള്‍ നീണ്ട മഴക്കൊടുവില്‍ വെയില്‍ പരക്കുമ്പോള്‍ വര്‍ണ്ണങ്ങള്‍ ഹൃദയങ്ങളില്‍ ചിത്രങ്ങള്‍ വരച്ചുചേര്‍ക്കുന്ന ഉത്സവം. ഭൂമിയെ ചുംബിച്ചുറങ്ങുന്ന പൂവിതളുകള്‍ സ്വപ്‌നങ്ങളില്‍ ഗന്ധം ചൊരിയുന്നു. അഴകിന്റെ സമ്മോഹനങ്ങളായി കുറെ രാപ്പകലുകള്‍...അതുകൊണ്ടെല്ലാം തന്നെ ഓര്‍ക്കാനുണ്ടാകുക മനോഹരമായ അനുഭവങ്ങളാവാം. പക്ഷേ ഓണമെന്ന്‌ കേള്‍ക്കുമ്പോഴേ എന്നിലോര്‍മ്മ വരുക മുറിവുകളുടെ ആ സമ്മോഹനമാണ്‌.


ഉത്രാടനാളിലെ പകല്‍-
തൊടിയില്‍ കൊങ്ങിണിപ്പൂക്കള്‍ പറിക്കുകയാണ്‌ ഞാനും ചേച്ചിയും. വെയില്‍ കനത്തെങ്കിലും കാറ്റ്‌ ചൂടറിയാതിരിക്കാന്‍ വീശിക്കൊണ്ടിരിക്കുന്നു. അന്നൊക്കെ പൂക്കളമത്സരങ്ങളെക്കാള്‍ വാശിയായിരുന്നു പൂവ്‌ പറിക്കല്‍ മത്സരത്തിന്‌. ഏറ്റവും കൂടുതല്‍ പൂവ്‌ പറിച്ചെടുക്കുന്ന കാര്യത്തില്‍ ഞാനെന്നുമൊരു പരാജയമായിരുന്നെങ്കിലും വാശിയോടെയുള്ള ആ മത്സരം ഞങ്ങള്‍ക്കൊരു രസമായിരുന്നു.
അധ്യാപിക തല്ലിപഠിപ്പിച്ച ഏതോ കവിതയിലെ ഈരടികള്‍ മൂളുകയാണ്‌ ചേച്ചി. കമ്പില്‍ കവര കെട്ടി ഏത്തിപ്പിടിക്കാനാവാത്ത പൂക്കളെ ചായ്‌ച്ചുപിടിച്ചു പറിച്ചെടുക്കുകയാണ്‌ ഞാന്‍. പെട്ടന്നാണ്‌ വീടിനു മുകളിലെ തൊടിയില്‍ നിന്നും ഒരു സ്‌ത്രീയുടെ നിലവിളി കേട്ടത്‌.
പൂക്കൂടകള്‍ ഉപേക്ഷിച്ച്‌ ഞാനും ചേച്ചിയും ശബ്‌ദം കേട്ടഭാഗത്തേക്ക്‌ ഓടി.
ഒരു കീറിയ ചാക്കുമായി അലമുറയിടുന്ന സ്‌ത്രീ. അവരെ വടി കൊണ്ട്‌ മര്‍ദ്ദിക്കുന്ന അച്ഛന്‍.
ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല.
അവരുടെ ശരീരത്തില്‍ വടിപാഞ്ഞ ഭാഗത്തെല്ലാം തിണര്‍ത്തുകിടന്നിരുന്നു. വീണ്ടും അവരെ തല്ലാനോങ്ങിയപ്പോള്‍ ഞാന്‍ വടിയില്‍ കയറിപ്പിടിച്ചു. അടുത്ത അടി കിട്ടിയത്‌ എന്റെ തുടയിലായിരുന്നു. കരഞ്ഞുകൊണ്ടോടി മുറിയില്‍ കയറിയിരുന്നു. ജനലിലൂടെ പുറത്തേക്ക്‌ നോക്കുമ്പോള്‍ മറ്റു ചിലര്‍ കൂടി അവിടെ എത്തിയിരുന്നു. ഒരേ സമയം കുറെ പേര്‍ ചേര്‍ന്നു ആ സ്‌ത്രീയെ തല്ലാന്‍ തുടങ്ങിയിരുന്നു.
``എന്തിനാ അമ്മേ ആ സ്‌ത്രീയെ തല്ലുന്നത്‌ ?'' അടുക്കളജോലിയില്‍ വ്യാപൃതയായിരിക്കുന്ന അമ്മയോട്‌ ചോദിച്ചു.
``ആ പഴയ പ്ലാസ്റ്റിക്‌ ബക്കെറ്റെടുത്തു ചവിട്ടിയൊടിച്ചു ചാക്കിലിടാന്‍ നോക്കി.'' ഒന്നും സംഭവിക്കാത്തതു പോലെയുള്ള അമ്മയുടെ മറുപടി.
മര്‍ദ്ദനം അവസാനിച്ചു.
അവരുടെ കൈത്തണ്ടയില്‍ നിന്നും രക്തം വന്നുതുടങ്ങിയിരുന്നു. കിതച്ചുകൊണ്ട്‌ കുറെനേരം ആ സ്‌ത്രീ അവിടെ തന്നെയിരുന്നു. പിന്നെ ബദ്ധപ്പെട്ട്‌ എഴുന്നേറ്റു ചിതറിക്കിടന്ന പ്ലാസ്റ്റിക്‌ അവശിഷ്‌ടങ്ങളും, ചളുങ്ങിയതും തുരുമ്പിച്ച പാട്ടകളും പെറുക്കി ചാക്കിലിട്ട്‌ നടക്കാന്‍ ഒരുങ്ങി.
``ഈ നാട്ടിലിനി കക്കാന്‍ വരരുത്‌.'' അച്ഛന്റെ നിര്‍ദ്ദേശം.
``ഇരുപത്‌ വര്‍ഷായി ഈ നാട്ടില്‍. ഒന്നും ഇതുവരെ മോഷ്‌ടിച്ചിട്ടില്ല. ജീവിക്കാന്‍ വേണ്ടിയാ...'' തമിഴ്‌ ചുവയോടെയുള്ള അവരുടെ മറുപടി.
``നീ ഒന്നും പറയണ്ടടീ...വേഗം തിരിച്ചുപോയ്‌ക്കൊള്ളു.''
വീണ്ടും ജോലി തുടരാന്‍ അനുവദിക്കണമെന്ന അപേക്ഷയോടെ അവര്‍ കരച്ചിലടക്കി നോക്കിനില്‍ക്കുകയാണ്‌.
``ഇനി അടി വേണ്ടങ്കില്‍ തിരിച്ചുവിട്ടോ.''
``കുട്ടികള്‍ വിശന്നുകരയണത്‌ കൊണ്ടാ...'' അവര്‍ വീണ്ടും അപേക്ഷിക്കുകയാണ്‌.
അന്തരീക്ഷത്തെ കീറിമുറിച്ച്‌ ഒരിക്കല്‍ കൂടി വടി ഉയര്‍ന്നുപൊങ്ങി. വിങ്ങിപ്പൊട്ടി കരഞ്ഞുകൊണ്ട്‌ ആ സ്‌ത്രീ തിരിച്ചുനടന്നു.

അവരുടെ ദയനീയമുഖം മനസ്സില്‍ പതിഞ്ഞുപോയതുകൊണ്ടാവാം. പൂക്കളമൊരുക്കാനായി വലുതാക്കി കെട്ടിയ തറ ഞാന്‍ കല്ലുകള്‍ കൊണ്ട്‌ കുത്തിയിളക്കി നശിപ്പിച്ചു. പൂക്കൂടകളില്‍ നിറച്ചുവെച്ചിരുന്ന പൂക്കളിലെല്ലാം മണ്ണുവാരിയിട്ടു.
രാത്രി ഭക്ഷണം കഴിക്കാന്‍ വിളിച്ചെങ്കിലും ഞാന്‍ പോയില്ല. എന്റെ മനസ്സിലപ്പോഴും വിശന്നിരിക്കുന്ന കുറെ കുട്ടികളും അതിനുനടുവില്‍ നിസ്സഹായയായി ഇരിക്കുന്ന ആ സ്‌ത്രീയുമായിരുന്നു.
എന്റെ സങ്കടത്തില്‍ അത്രയും നേരം പങ്കുചേര്‍ന്ന ചേച്ചി അച്ഛന്റെ അടി ഭയന്നു പിന്മാറിക്കഴിഞ്ഞു. എന്തോ വിശപ്പിനെല്ലാം അപ്പുറത്തേക്ക്‌ അവരുടെ മുഖം എന്നേ തള്ളിയിട്ടുകൊണ്ടിരുന്നതിനാലാവാം എന്റെ പ്രതികരണം തീവ്രമായിരുന്നു.
വിശന്നിരിക്കുന്നതറിഞ്ഞപ്പോള്‍ അമ്മ ചോറുവാരി തരാന്‍ വന്നു. ഞാന്‍ വേണ്ടായെന്ന്‌ ശഠിച്ചു. കുറേ നേരം എന്നെ ചുറ്റിപറ്റി നടന്നെങ്കിലും ഞാന്‍ കഴിക്കാന്‍ തയ്യാറാവാത്തത്‌ കൊണ്ട്‌ അമ്മ മടങ്ങിപ്പോയി. രാത്രി അച്ഛന്‍ ഭക്ഷണം കഴിക്കാന്‍ വിളിച്ചു. വരില്ലെന്ന്‌ മനസ്സിലായപ്പോള്‍ എന്നെ എടുത്തുകൊണ്ടു പോയി തീന്‍മുറിയിലിരുത്തി. ഞാന്‍ അവിടെ നിന്നും എഴുന്നേറ്റു മുറിയിലേക്കോടി കട്ടിലിനടിയിലൊളിച്ചു. അവിടെ കിടന്ന്‌ എപ്പോഴോ ഉറങ്ങിപ്പോയി.

ഓണനാള്‍-
നേരം പുലരുമ്പോള്‍ മുറ്റത്ത്‌ പൂക്കളമൊരുക്കിയിരുന്നില്ല. അമ്മ ചായയുമായി വന്നെങ്കിലും ഞാന്‍ കുടിക്കാന്‍ തയ്യാറായില്ല. അമ്പലത്തില്‍ പോകാനായി കുളിക്കാന്‍ പറഞ്ഞെങ്കിലും അനങ്ങിയില്ല. പുതിയ വസ്‌ത്രങ്ങളിടാന്‍ അവശ്യപ്പെട്ടപ്പോള്‍ അതു കേള്‍ക്കാത്ത പോലെയിരുന്നു.
ഞാന്‍ വരില്ലെന്നറിഞ്ഞപ്പോള്‍ ചേച്ചിയും അടുത്ത വീട്ടിലെ കുട്ടികളും അമ്പലത്തില്‍ പോയി. അത്യാവശ്യ ജോലികള്‍ കഴിഞ്ഞപ്പോള്‍ അമ്മ പൂക്കളത്തിന്റെ തറ നേരെയാക്കുന്നത്‌ കണ്ടു. പിന്നെ ഞാന്‍ മണല്‍വാരിയിട്ട പൂക്കള്‍ കൈകള്‍ കൊണ്ട്‌ കുടഞ്ഞെടുത്തു തറയില്‍ നിരത്താന്‍ തുടങ്ങി.
``ഒമ്പതു ദിവസമിട്ടതല്ലേ. ഒരു ദിവസം മാത്രമായി ഇടാതിരിക്കാനാവില്ല.''
സ്വയം പറഞ്ഞുകൊണ്ട്‌ അമ്മ പൂക്കളമിടാന്‍ തുടങ്ങി.

സമയം മധ്യാഹ്നമായി.
തീന്‍മുറിയില്‍ ചോറും കറികളും പായസവുമെല്ലാം നിരന്നു.
അച്ഛന്‍ വിഷാദത്തോടെ എന്റെയരുകില്‍ വന്നിരിക്കുകയാണ്‌. എന്നെ എടുക്കാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ കൈകള്‍ തട്ടിമാറ്റി അകന്നുമാറിയിരുന്നു.
``ആ സ്‌ത്രീയെ തല്ലണ്ടായിരുന്നു.'' അമ്മ പരിതപിച്ചു.
``മാലേം പാത്രോം ഒക്കെ മോഷ്‌ടിക്കണ കൂട്ടരാ...ശ്രദ്ധിക്കാതെ വിട്ടാ അവരത്‌ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.'' അമ്മയുടെ വാക്കുകള്‍ അംഗീകരിക്കാനാവാതെ അച്ഛന്‍ പറഞ്ഞു.
``എനിക്കിപ്പോ ആ അമ്മയെ കാണണം.'' ഞാന്‍ ഉറക്കെ കരയാന്‍ തുടങ്ങി.
മനസ്സില്‍ അത്തപ്പൂക്കളമില്ലാത്ത ഒരു ഉമ്മറവും ഭക്ഷണമില്ലാത്ത ഒഴിഞ്ഞപാത്രങ്ങളും അതിനുചുറ്റും കരഞ്ഞുതളര്‍ന്നിരിക്കുന്ന കുട്ടികളും ദൈന്യതയോടെയിരിക്കുന്ന ആ സ്‌ത്രീയും കണ്‍മുന്നില്‍ തെളിയുകയാണ്‌. ദു:ഖത്തിന്റെ കടലിരമ്പി ആത്മാവിലേക്കടിച്ചുകയറുന്നു. മനസ്സിലെ മുറിവുകളില്‍ ഉപ്പടിഞ്ഞുകൂടി കുത്തിനോവിക്കുന്നു...
എന്റെ കരച്ചില്‍ ശക്തമായപ്പോള്‍ അവരെ തല്ലിപ്പോയത്‌ അബദ്ധമായല്ലോ എന്ന മട്ടില്‍ അച്‌ഛന്‍ അസ്വസ്ഥനാകുന്നതു കണ്ടു.
അമ്മയുടെ കണ്ണും നിറഞ്ഞുതുളുമ്പുകയാണ്‌. ചേച്ചി തീന്‍മുറിയില്‍ നിരത്തിവെച്ച ഭക്ഷണസാധനങ്ങളില്‍ ചിലതെല്ലാം ഒരു പാത്രത്തില്‍ കോരിയിട്ടു നുള്ളിപെറുക്കുന്നുണ്ട്‌.
``അവരെവിടെയാണ്‌ താമസിക്കുന്നതെന്ന്‌ അറിയുമോ?'' അമ്മ അച്ഛന്റെ മുഖത്തേക്ക്‌ നോക്കാതെ ചോദിച്ചു.
``പോലീസ്‌ സ്റ്റേഷന്‍ റോഡിലെ പഴയ എല്‍ പി സ്‌കൂള്‍ കെട്ടിടത്തില്‍...''സൗമ്യമായിരുന്നു അച്ഛന്റെ മറുപടി.
``എന്നാല്‍ അവിടെ വരെ ഇവനേം കൊണ്ടു പോയിട്ടുവാ...''
അമ്മയുടെ ആവശ്യം അച്ഛന്‍ നിഷേധിച്ചില്ല.
പോകാനിറങ്ങുമ്പോള്‍ രണ്ടു പൊതി ചോറും അവര്‍ക്കു കൊടുക്കാനായി അമ്മ തന്നുവിട്ടു.
വണ്ടിയിലിരിക്കുമ്പോള്‍ റോഡരികിലെ വീടുകള്‍ക്കു മുന്നില്‍ മനോഹരങ്ങളായ അത്തപ്പൂക്കളങ്ങള്‍ കണ്ടു. പുതിയ വസ്‌ത്രങ്ങളണിഞ്ഞു ആഹ്ലാദത്തോടെ കളിക്കുന്ന കുട്ടികളും, റേഡിയോയിലൂടെ ഒഴുകിയെത്തുന്ന ഓണപ്പാട്ടുകളും കണ്ണിനും കാതിനും അഴകേകി.
പോലീസ്‌ സ്റ്റേഷന്‍ റോഡിലെ എല്‍ പി സ്‌കൂള്‍ കെട്ടിടത്തിനു മുന്നിലെത്തിയപ്പോള്‍ മുറ്റത്ത്‌ കീറി പറിഞ്ഞ വസ്‌ത്രങ്ങളുടുത്തു കളിക്കുന്ന മൂന്നു കുട്ടികളെ കണ്ടു. സ്‌കൂളിന്റെ ഒരു മൂലയില്‍ ആ സ്‌ത്രീ റൊട്ടി ചുട്ടെടുക്കാനുള്ള ശ്രമത്തിലാണ്‌. തീ കെടുത്താനെത്തുന്ന കാറ്റിനെ ശപിച്ചുകൊണ്ട്‌ പാട്ടകൊണ്ട്‌ അടുപ്പിന്‌ ചുറ്റും മറ തീര്‍ത്തു വളരെ ശ്രദ്ധയോടെ അവര്‍ മാവു പരത്താന്‍ തുടങ്ങി.
ജോലിക്കിടെ ഞങ്ങളെ കണ്ടപ്പോള്‍ ആ സ്‌ത്രീ അല്‍പ്പം ഭീതിയോടെ എഴുന്നേറ്റു. പിന്നെ മുടി മാടിയൊതുക്കി അടുത്തേക്കു വന്നു.
അച്ഛന്‌ അവരുടെ മുഖത്തേക്ക്‌ നോക്കാന്‍ ജാള്യതയായിരുന്നു.
അവര്‍ അടുത്തുവന്നപ്പോള്‍ ഞാന്‍ കൈയ്യിലെ പൊതി നീട്ടി.
അവരെന്റെ മുന്നില്‍ മുട്ടുകുത്തിയിരുന്ന്‌ മുഖം കൈക്കുള്ളില്‍ കോരിയെടുത്തു. പിന്നെ ചോദിച്ചു.
``എന്തായിത്‌ ?''
``ഓണസദ്യ.'' ഞാന്‍ അവരോടു ചേര്‍ന്നുനിന്നു കൊണ്ടു പറഞ്ഞു.
അവര്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ വിളിച്ചു. ആഹ്ലാദത്തോടെ ഓടിയെത്തിയ അവര്‍ ചുറ്റിനും കൂടി. ഞാന്‍ അവരുടെ മടിയിലിരുന്നു.
പൊതിയഴിച്ച്‌ വാഴയിലയില്‍ പൊതിഞ്ഞ ചോറു കുഴച്ച്‌ ആദ്യമവര്‍ എനിക്കുനീട്ടി.
ഞാനത്‌ ആര്‍ത്തിയോടെ വാങ്ങി കഴിച്ചു. പിന്നീട്‌ കുട്ടികള്‍ക്ക്‌ വാരി കൊടുക്കാന്‍ തുടങ്ങി. ഞാന്‍ ആ മടിയില്‍ നിന്നെഴുന്നേറ്റ്‌ അച്ഛന്റെ വിരല്‍ത്തുമ്പ്‌ പിടിച്ചു അവര്‍ ഭക്ഷണം കഴിക്കുന്നത്‌ നോക്കി നിന്നു.
``ഇന്നലെ അങ്ങനെയൊക്കെ പറ്റിപ്പോയി. അതിനുശേഷം ഈ നിമിഷം വരെ ഇവന്‍ നിങ്ങളെ കാണാന്‍ വാശിപിടിച്ചുകരയുകയായിരുന്നു....''
അച്ഛന്റെ വാക്കുകള്‍ കേട്ട്‌ അവര്‍ പതിയെ ചിരിച്ചു.
``ഞങ്ങളുടെ നാട്ടില്‍ നിന്നു വരുന്ന ചിലരാണ്‌ എല്ലാത്തിനും കാരണം. ഇവിടെയുള്ളത്‌ നല്ല മനുഷ്യരാണ്‌. അനുഭവങ്ങളിലൂടെ അവര്‍ മാറുന്നതാണ്‌. എനിക്ക്‌ മോഷ്‌ടിക്കാനറിയില്ല. അങ്ങനെയായിരുന്നെങ്കില്‍ എന്റെ കുട്ടികള്‍ ഒരിക്കലും വിശന്നുകരയില്ലായിരുന്നു...''
ആഴത്തില്‍ തറഞ്ഞുകയറിയപ്പോയ അവരുടെ വാക്കുകളുടെ ഭാരവും പേറി അച്ഛന്‍ എന്റെ കൈയ്യും പിടിച്ചു തിരിഞ്ഞുനടന്നു.
തിരിഞ്ഞുനോക്കുമ്പോള്‍ ആ സ്‌ത്രീയും കുട്ടികളും കൈവീശികാണിക്കുന്നുണ്ടായിരുന്നു. അവരുടെ കണ്ണുകളില്‍ നിന്നും മുത്തുതുള്ളികള്‍ ഊര്‍ന്നിറങ്ങി ഒരുപാട്‌ കുട്ടികളുടെ കാല്‍പാദങ്ങള്‍ പതിഞ്ഞ ആ മണ്ണില്‍ പിച്ചവെക്കുന്നുണ്ടായിരുന്നു.

www.kalikaonline.com (september 2009)

Friday, February 27, 2009

ജനുവരിയിലെ മഴ

ജനുവരി ഒരു കുഞ്ഞിനെ പോലെയാണ്‌.
ഓര്‍മ്മകളുടെ അരിക്‌ തട്ടി വേദനിക്കുമ്പോള്‍
അത്‌ നിര്‍ത്താതെ കരയും
ഉറച്ചുപോയ കണ്ണുനീര്‍ അന്നു മഞ്ഞായി പെയ്‌തിറങ്ങും.
വീണുകിടക്കുന്ന കരിയിലകള്‍
തണുത്ത്‌ വിറച്ച്‌ മൃതിയടയും
ഭയങ്കരമായ ഏകാന്തത
നീയില്ലാത്ത ശൂന്യത
ഞാനെങ്ങനെ പിടിച്ചുനില്‍ക്കും ?
(ജനുവരി നാല്‌)

അറിഞ്ഞിരുന്നില്ല ഞാന്‍ നിന്നെ
നിന്റെ സ്‌നേഹത്തിന്റെ നീലിമയില്‍ മുങ്ങുമ്പോഴും
നിന്റെ മായാത്ത മൗനത്തെ നെഞ്ചിലേറ്റുമ്പോഴും
ഇന്നാ ഓട്ടോഗ്രാഫിന്റെ താള്‍ മറിക്കുമ്പോള്‍ മാത്രം
ഞാന്‍ ജീവിച്ചിരുന്നുവെന്ന്‌ തിരിച്ചറിയുന്നു.
നീയിന്നെവിടെയാണ്‌ ?
അജ്ഞാതമായ ഏതോ മേല്‍ക്കൂരക്ക്‌ കീഴിലിരുന്ന്‌
എന്നെയോര്‍ക്കുന്നുണ്ടാവുമോ ?
പ്രാരാബ്‌ദത്തിന്റെ തീച്ചൂളയില്‍ വേവുമ്പോഴും
ഞാനോര്‍ക്കാറുണ്ട്‌..
നീ തന്ന വസന്തകാലത്തെ...
(ജനുവരി പത്ത്‌)

ഏകാന്തതകളെ സ്വര്‍ഗ്ഗമെന്ന്‌ വിളിച്ചിരുന്നു
ബഹളങ്ങളെ നരകമെന്നും
ഇപ്പോള്‍ നേരെ തിരിച്ചാണ്‌.
വന്യമായ ഏകാന്തതകളെ ഇന്ന്‌ ഭയമാണ്‌.
നീ കൂടി അകന്നുപോവുമ്പോള്‍ മുറിവേറ്റ
സ്വപ്‌നങ്ങളെ എന്തു പറഞ്ഞു സമാധാനിപ്പിക്കും...
(ജനുവരി പതിനഞ്ച്‌)

നിലാവിന്‌ നിന്റെ നിറമാണ്‌.
മേഘങ്ങളില്‍ തട്ടി നിന്റെ സ്വപ്‌നങ്ങള്‍ തിളങ്ങുന്നത്‌ ഞാന്‍ കാണുന്നുണ്ട്‌.
മഴക്ക്‌ നിന്റെ ശബ്‌ദമാണ്‌.
ഭൂമിയില്‍ വീണത്‌ അലിഞ്ഞില്ലാതാകുന്നത്‌ ഞാനറിയുന്നുണ്ട്‌.
സ്‌നേഹത്തിന്റെ സുഗന്ധത്തില്‍ മുങ്ങി നില്‍ക്കുമ്പോള്‍
നീ കാറ്റാകുന്നതും കടലാകുന്നതും ഞാന്‍ കാണുന്നുണ്ട്‌.
വിസ്‌മരിക്കാനാവാത്ത ഓര്‍മ്മകളുടെ പേരോ നിന്റേത്‌.
(ജനുവരി ഇരുപത്‌)

മഴയുണ്ട്‌.
പക്ഷേ മനസിലെ അഗാധമായ
ദുഖങ്ങളില്‍ നിന്നാണ്‌ അത്‌ പെയ്‌തുകൊണ്ടിരിക്കുന്നതെന്നുമാത്രം
വെയിലുണ്ട്‌
ആത്മാവിലെ അടക്കിനിര്‍ത്താനാവാത്ത മോഹങ്ങളില്‍ നിന്നാണത്‌
പൊഴിയുന്നതെന്നുമാത്രം
രണ്ടും ചേര്‍ന്ന്‌ എന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു...
ഇനിയെന്നാവും മഞ്ഞുകാലം കടന്നുവരിക...
(ജനുവരി ഇരുപത്താറ്‌)

എനിക്കവള്‍ എന്നും മഴയായിരുന്നു. ഋതുക്കളെ കാക്കാതെ എന്റെ മനസ്സില്‍ അവള്‍ ഇന്നും പെയ്‌തുകൊണ്ടിരിക്കുന്നു. കഴിഞ്ഞുപോയ ജനുവരിയില്‍ മഴയുടെ ആര്‍ദ്രമായ ഓര്‍മ്മകളിലൂടെ ഞാന്‍ മനപ്പൂര്‍വം നടന്നതായിരുന്നില്ല. മറിച്ച്‌ എന്റെ ഡയറിക്കുറിപ്പുകളില്‍ അത്‌ ചോദിക്കാതെ കടന്നുവന്നതാണ്‌. എത്രയടുത്താണെങ്കിലും, ദൂരത്താണെങ്കിലും അവളുടെ കണ്ണുനിറഞ്ഞാല്‍ ഞാനറിയുന്നതിന്റെ കാരണമാണ്‌ ഇന്നും എനിക്ക്‌ മനസ്സിലാകാത്തത്‌. ഒരുമിച്ച്‌ പഠിപ്പിക്കുമ്പോഴും സായന്തനങ്ങള്‍ ചിലവിടുമ്പോഴും ഒടുവില്‍ എന്നില്‍ നിന്നകന്ന്‌ പോകുമ്പോഴുമെല്ലാം ആ കണ്ണുകളില്‍ കണ്ട വിഷാദത്തിന്റെ നിഴല്‍ അവള്‍ എന്നിലുപേക്ഷിച്ച്‌ നടന്നുമറയുകയായിരുന്നോയെന്ന്‌ ഇന്ന്‌ സംശയം തോന്നുന്നു. വിഷാദം അടുത്തെത്തുമ്പോഴെല്ലാം അവള്‍ എന്നിലേക്കത്‌ പറത്തിവിടുന്നത്‌ അതുകൊണ്ടാണെന്ന്‌ സന്ദേഹിക്കുന്നു. ഇന്നും കുത്തിപ്പറിക്കുന്ന ഓര്‍മ്മകളുടെ തുരുത്തില്‍ പെയ്‌തുകൊണ്ടിരിക്കുന്ന ഒരു മഴയെ പറ്റി പറയാതെ പറയേണ്ടി വരുന്നു എനിക്ക്‌...

ഓരോ തവണ അടുത്തെത്തുമ്പോഴും മഴ മന്ത്രിക്കാറുണ്ട്‌. ഉറഞ്ഞുപോയ അവളുടെ കണ്ണുനീരാണ്‌ ആലിപ്പഴമായി ഞാന്‍ നിനക്ക്‌ സമ്മാനിക്കുന്നതെന്ന്‌. കണ്ണുകള്‍ ആര്‍ദ്രമാവുമ്പോഴെല്ലാം അതാണ്‌ ഞാന്‍ ആലിപ്പഴങ്ങളെ കുറിച്ച്‌ പറയുന്നത്‌. കാറ്റിനോടൊത്ത്‌ ഇക്കിളിപ്പെടുത്തി ഗാഢാലിംഗനം ചെയ്യുമ്പോഴെല്ലാം മഴ പ്രണയത്തെ കുറിച്ച്‌ വാചാലമാകാറുണ്ട്‌. വിരഹത്തിന്‌ മുമ്പ്‌ അവളുടെ ആത്മാവില്‍ എന്റെ പേരെഴുതിയിട്ടതെന്തിനെന്ന്‌ അത്‌ പതിയെ ചോദിക്കാറുണ്ട്‌.
വികൃതിചെക്കനായോ കുസൃതിയായ കൂട്ടുകാരിയായോ മഴ ബാല്യത്തിലെ അരികിലെത്തുമായിരുന്നു. പൊടിഞ്ഞമരുന്ന മണ്ണപ്പത്തിനരുകിലിരുന്ന്‌ വിതുമ്പാറുള്ള എന്റെ ഹൃദയത്തിലെ ഉഷ്‌ണഭൂമിയെ തണുപ്പിച്ചവ പതിയെ ചിരിക്കും. അവളെ പോലെ...
ചിലപ്പോഴെല്ലാം ചോദിക്കുന്നതിനൊന്നും ഉത്തരം പറയാതെ മഴ നാണം കുണുങ്ങിയായി നില്‍ക്കും. ഒച്ചയുണ്ടാക്കാതെ പിന്നിലൂടെ ചെന്ന്‌ ഞാനവയുടെ കണ്ണുപൊത്തും. ഓലത്തുമ്പിലൂടെ ഊര്‍ന്നിറങ്ങുന്ന ജലധാരയില്‍ കൈനനച്ച്‌ മുഖത്തമര്‍ത്തും. മഴയുടെ മിഴിയില്‍ ആരവത്തിന്റെ പ്രളയവും അഭിനിവേശത്തിന്റെ തിളക്കവും കണ്ടയന്നാണ്‌ അവളോട്‌ എന്റെ പ്രണയം വെളിപ്പെടുത്തിയത്‌. ഉയരമേറിയ ജാലകത്തിനരുകിലിരുന്ന്‌ കൊന്നപ്പൂവടര്‍ത്തുന്ന മഴയെ ശപിക്കുന്ന അവളത്‌ കേട്ടോയെന്നറിയില്ല...
മഞ്ഞപ്പൂക്കളടര്‍ത്താന്‍ മാത്രമായിരുന്നു മഴ പെയ്യുന്നതെന്നായിരുന്നു അവളുടെ നിര്‍വചനം. ചോദിക്കാതെ കടന്നുവന്ന്‌ ഇണചേരുന്ന മഴയെ ബാല്യം മുതല്‍ അവള്‍ വെറുത്തിരുന്നുവെന്ന്‌ ഒരിക്കല്‍ എവിടെയോ എനിക്കെഴുതേണ്ടി വന്നു. കാലത്തിന്റെ കുതിച്ചുപായലില്‍ അവള്‍ക്കത്‌ തിരുത്തേണ്ടി വന്നുവെന്നറിയാതെ. ഉഷ്‌ണശിഖരങ്ങളായി ആടിയുലഞ്ഞ അവളെ ഒടുവില്‍ തണുപ്പിച്ചതും ആ ക്രൂരനായ മഴയായിരുന്നല്ലോ...
ജീവിതത്തില്‍ കാത്തുവെച്ചിരുന്ന സൗഹൃദങ്ങളെല്ലാം കടന്നുവന്നത്‌ വര്‍ഷകാലത്തിലായിരുന്നു. നനഞ്ഞൊലിച്ച്‌ ഞാവല്‍പ്പഴ ചുവട്ടിലൂടെ പോയ പ്രഭാതങ്ങള്‍ മുതല്‍ ചുമന്ന മണ്ണ്‌ കുത്തിയൊലിച്ചിറങ്ങുന്ന സായന്തനസവാരികളില്‍ വരെ വിരല്‍തുമ്പ്‌ പിടിച്ചുനടന്ന കൂട്ടുകാരിയും മഴയുടെ സമ്മാനമായിരുന്നു...ഒടുവില്‍ എന്റെ വിരല്‍തുമ്പ്‌ വിട്ടകന്ന്‌ ശൂന്യതയുടെ ഇരിപ്പിടങ്ങളിലേക്കവള്‍ കടന്നുപോയത്‌ മഴ അതിഥിയായെത്തിയ പകലിലും. വരണമാല്യത്തിന്റെ കനം പേറാനാവാതെ നിന്ന അവളുടെ സീമന്തത്തില്‍ ആരോ പതിച്ച ചോരച്ചാലുകള്‍ എന്റെ ഹൃദയം പിളര്‍ന്ന രക്തമഴയായിരുന്നു.
പുകഞ്ഞുതീരുന്ന രാത്രികളിലൊരിക്കല്‍ മഴ മുറ്റത്ത്‌ വന്നെന്നെ നോക്കി. കാണാനാതെ നിന്ന എന്റെ കണ്‍മുന്നില്‍ ആകാശം വെള്ളിവെള്ളിച്ചം പൊഴിച്ചു. അന്നാണ്‌ രാത്രിമഴ നാഗങ്ങളെ പോലെയാണെന്നും അവയെ സ്‌പര്‍ശിച്ചാല്‍ ദംശനമേല്‍ക്കുമെന്നും ആരോ പറഞ്ഞത്‌. അശരീരിയായി വന്ന ശബ്‌ദത്തിന്റെ ഉറവിടം തിരയാതെ വാതില്‍ വലിച്ചടച്ച്‌ പിന്‍തിരിയുമ്പോള്‍ മഴയെന്ന ശപിച്ചിട്ടുണ്ടാവും. എനിക്ക്‌ വേണ്ടി മാത്രമായി വന്നിട്ടും മുഖം തിരിച്ചതിന്‌...മുഖത്തടിച്ച പോലെ സ്വപ്‌നങ്ങള്‍ വലിച്ചടച്ചതിന്‌...
കൗമാരവിഹ്വലകളോടൊപ്പം കടന്നുവന്ന കുഞ്ഞുകുഞ്ഞുതെറ്റുകളിലും മഴ തന്നെയായിരുന്നു കൂട്ട്‌. പൊടിപിടിച്ചുകിടക്കുന്ന കാല്‍പ്പാദങ്ങള്‍ കഴുകി കളഞ്ഞേ ഉമ്മറത്തേക്കെന്നെ പറഞ്ഞുവിടൂ...ചൂരലിന്റെ ചൂതാട്ടം എന്നില്‍ ആഞ്ഞുപതിയുന്നത്‌ ഭയന്ന്‌ സഹായിക്കാന്‍ വരുമ്പോഴും എനിക്കറിയില്ലായിരുന്നു ആ മനസ്സിന്റെ പരിശുദ്ധിയെ...
കലാലയമുറ്റത്ത്‌ ചിത്രം വരച്ചുകടന്നുവരാറുണ്ടായിരുന്നു മഴ. പാടങ്ങള്‍ക്ക്‌ നടുവില്‍ ഏകാകിയായി നില്‍ക്കുന്ന എന്റെ കലാലയത്തെ കെട്ടിപുണര്‍ന്നത്‌ കടന്നുപോവുമ്പോഴേക്കും നനഞ്ഞുകുളിച്ചിട്ടുണ്ടാവും. ചില്ലടര്‍ന്ന ജാലകത്തിലൂടെ ജലകണവുമായി വരുന്ന കാറ്റ്‌ എത്ര വഴക്കുപറഞ്ഞാലും തിരിച്ചുപോവാതെ ചുറ്റിപറ്റി നടക്കും. ആരെയും കുറ്റം പറയാനാവാത്ത എന്റെ മനസ്സില്‍ ഊഷ്‌മളമായ അനുഭൂതി തന്നെയായിരുന്നു ആ മഴയും അതിനോടൊത്ത്‌ കടന്നുവരാറുള്ള കാറ്റും...
കാലം ഒഴുക്കുതുടര്‍ന്നുകൊണ്ടിരുന്നെങ്കിലും മഴ ഇടക്കിടെ എന്നിലേക്ക്‌ വന്നും പോയുമിരുന്നു...ആര്‍ദ്രമായി കടന്നുപോവുന്ന ഓര്‍മ്മകളുടെ ലാളിത്യവും സ്വപ്‌നങ്ങളുടെ കരച്ചിലുമായി അത്‌ നിര്‍ത്താതെ പെയ്‌തുകൊണ്ടിരുന്നു...എന്റെ തുവാലയില്‍ കട്ടപിടിച്ചുകിടന്ന നൊമ്പരവും എന്റെ നെറ്റിയില്‍ കാലം എഴുതിച്ചേര്‍ത്തുകൊണ്ടിരുന്ന വിഷാദത്തിന്റെ നീലിമയും കഴുതിത്തുടച്ചത്‌ പൊട്ടിക്കരയുന്നു...
ഒരിക്കല്‍ അവള്‍ ചോദിച്ചതാണോര്‍മ്മ വരുന്നത്‌...
നിന്റെ മഴയില്‍ (ഒരു കവിതയില്‍) ഇത്രയേറെ കണ്ണുനീരെങ്ങനെയൊളിപ്പിച്ചു. അതിന്റെ വരികള്‍ക്കിടയില്‍ നിന്റെ സങ്കടങ്ങളുടെ ഉപ്പുരസം കൊണ്ട്‌ നീയെങ്ങനെ നിറം നല്‍കി...
ആ പ്രതിസ്‌ഫുരണങ്ങളില്‍ നിന്ന്‌ മാത്രം അവളെന്റെ ആത്മാവിലെ പ്രണയം തിരിച്ചറിഞ്ഞിരുന്നുവെന്നറിഞ്ഞപ്പോള്‍ എനിക്ക്‌ മുന്നില്‍ വര്‍ണ്ണങ്ങള്‍ ഒഴുകിപ്പടര്‍ന്നൊരു മഴ വന്നു...
പക്ഷേ എല്ലാ നിറങ്ങള്‍ക്കും നരച്ചേ തീരൂ. ഇനിയും വരാനിരിക്കുന്ന നല്ല മഴക്കാലത്തെ കിനാവ്‌ കണ്ട്‌ ഞാനീ ഓര്‍മ്മകളെ കഴുത്തുഞെരിച്ചുകൊല്ലുകയാണ്‌. ജീവിതം കാണാത്തവന്റെ നിസ്സഹായതയെന്ന്‌ പറഞ്ഞ്‌ അവള്‍ ചിരിക്കട്ടെ...