Wednesday, May 7, 2008

ഡ്രാക്കുള

(വയനാട്‌ ജില്ലയിലെ കോളജ്‌ കലോത്സവങ്ങളില്‍ ഏറ്റവും മികച്ചത്‌ ഞങ്ങളുടെ കോളജിലേതാണെന്ന്‌ കണ്ണുമടച്ച്‌ പറയാന്‍ സാധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു...അങ്ങനെയൊരു കലോത്സവത്തിന്റെ തലേദിവസത്തേക്ക്‌ വെറുതെ ഒന്നു മടങ്ങിപോവുന്നു..)

സമയം വൈകുന്നേരം ആറുമണി..
ഓഡിറ്റോറിയത്തിന്റെയും ഹാളിന്റെയും അവസാനമിനുക്ക്‌ പണികള്‍ പൊടിപൊടിക്കുകയാണ്‌. ഹൗസ്‌ ക്യാപ്റ്റന്‍മാരായി വിലസുന്നവരില്‍ ചിലരും റിഹേഴ്സലിന്റെ പേര്‌ പറഞ്ഞ്‌ ഷൈന്‍ ചെയ്യുന്നവരുമെല്ലാം ഇനി സ്റ്റേജില്‍ കാണാമെന്ന്‌ പറഞ്ഞ്‌ പരസ്പരം വെല്ലുവിളിച്ച്‌ പിരിഞ്ഞുപോയി. സാധാരണ എല്ലാ കലോത്സവങ്ങളിലും രാത്രി കോളേജില്‍ തങ്ങാറാണ്‌ പതിവ്‌. പക്ഷേ അന്ന്‌ അവിടെ തങ്ങുന്ന കാര്യമൊന്നും തീരുമാനമായിട്ടില്ല. അങ്ങനെ വീട്ടിലേക്ക്‌ തിരിച്ചുപോകാനൊരുങ്ങുമ്പോഴാണ്‌..ഒരു കന്നാസ്‌ നിറയെ നാടന്‍വാറ്റുമായി അരവിന്ദന്റെ കാറെത്തിയത്‌. അങ്ങനെ അന്ന്‌ അവിടെ കൂടാന്‍ തീരുമാനിച്ചു.
രാത്രി എട്ട്‌ മണിയോടെ കലോത്സവവേദിയും ഹാളുമെല്ലാം അതിമനോഹരമായി അണിഞ്ഞൊരുങ്ങി കഴിഞ്ഞു॥കോളജിലെ മികച്ച്‌ നാടകനടനുള്ള പുരസ്ക്കാരം നിരവധി തവണ സ്വന്തമാക്കിയിട്ടുള്ള അരവിന്ദന്റെ നാടകറൂമിലായിരുന്നു ഞങ്ങള്.ഞങ്ങള്‍ എന്ന്‌ പറയുന്നതില്‍ പൂര്‍ണ്ണതയില്ലാത്തതിനാല്‍എല്ലാവരെയും ഒന്നു പരിചയപ്പെടുത്താം.ഹൗസ്‌ ക്യാപ്റ്റന്‍ അഭി, പിന്നെ ബിജു, എന്റെ സഹപാഠികളായ ബെയ്സില്‍, ജസ്റ്റിന്‍ പിന്നെ ഓള്‍ ഇന്ന്‌ ഓള്‍ അരവിന്ദനും..ഇതിനിടയില്‍ നാടന്‍വാറ്റ്‌ അടിക്കാത്തവര്‍ക്ക്‌ വേണ്ടി കട്ടയിട്ട്‌ കളര്‍ വാങ്ങുവാനായി അഭിയും ബെയ്സിലും അടുത്തുള്ള ബാറിലേക്ക്‌ പോയി...വെറുതെയിരുന്നു മടുത്തപ്പോ അരയില്‍ തിരുകിവെച്ച രണ്ടുകുത്ത്‌ ചീട്ടെടുത്ത്‌ റമ്മി കളിക്കാന്‍ തുടങ്ങി..

ജോസഫ്‌ സാറ്‌ വളരെ സീരിയസായി റൂമിലേക്ക്‌ കയറിവന്നപ്പോള്‍ എന്തോ പ്രശ്നമുണ്ടെന്നാണ്‌ കരുതിയത്‌..ചീട്ടെല്ലാം പെട്ടന്ന്‌ വാരിക്കൂട്ടി ഒളിപ്പിക്കാന്‍ ശ്രമിക്കുന്നത്‌ കണ്ട്‌ അദ്ദേഹം വേണ്ട എന്ന്‌ ആംഗ്യം കാട്ടി.
അരവിന്ദാ..നാടകമത്സരത്തിന്‌ ആകെ നാലു ടീമേ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളു. കഴിവുള്ള കുട്ടികളല്ലേ..തല്‍ക്കാലം നിങ്ങള്‍ക്ക്‌ ഒരു നാടകം തട്ടിക്കൂട്ടിക്കൂടെ...(കലോത്സവത്തോട്‌ അനുബന്ധിച്ച്‌ മരിച്ചുപോയ ഒരു അധ്യാപകന്റെ സ്മരണാര്‍ത്ഥം എല്ലാവര്‍ഷവും നാടകമത്സരം നടത്തിവരാറുണ്ടായിരുന്നു)
സാറിന്റെ ആ പുകഴ്ത്തല്‍ തറച്ചത്‌ അരവിന്ദന്റെ മനസിലാണ്‌..അധികം ആലോചിക്കാതെ അവന്‍ സമ്മതം മൂളി..പിന്നെ സീരിയസായി ഞങ്ങളെ നോക്കി പറഞ്ഞു..
എല്ലാവരും വേഗം ഡ്രസൊക്കെ മാറൂ.
ജെസ്റ്റിനും ബിജുവും ഞാനും അവിടെയുണ്ടായിരുന്ന അരവിന്ദന്റെ നാടകഡ്രസുകളില്‍ ചിലതെടുത്ത്‌ ധരിച്ചു. എനിക്ക്‌ കിട്ടിയത്‌ ഒരു കറുത്ത ഗൗണായിരുന്നു. ജയില്‍പുള്ളിയുടെ വേഷം ജസ്റ്റിനും.ബിജു മേറ്റ്ന്തോ ഒരു ഡ്രസും.
ക്ലാസ്‌റൂമിലുണ്ടായിരുന്ന ബള്‍ബെടുത്ത്‌ അരവിന്ദന്‍ അതില്‍ ചുവന്ന ഗ്രാസ്സ്‌ പേപ്പര്‍ ചുറ്റി. മുറിയില്‍ ചുവന്ന വെട്ടം പരന്നു.
കുപ്പി വാങ്ങാന്‍ പോയത്‌ കൊണ്ട്‌ നല്ല വേഷങ്ങള്‍ നഷ്ട്ടപ്പെട്ട അഭിയെയും ബെയ്സിലിനേയും മനസിലോര്‍ത്ത്‌ ഞാന്‍ പരിതപിച്ചു.
സംവിധായകന്‍ താടി ചൊറിഞ്ഞു.ഒരു പേപ്പറെടുത്ത്‌ എന്തൊക്കെയോ കുത്തികുറിച്ചിട്ടു...അഭിനയത്തിന്‌ ഹരം വരാനായി കന്നാസില്‍ നിന്നും നാടനെടുത്ത്‌ ഞാനും ജെസ്റ്റിനും വായിലേക്ക്‌ കമിഴ്ത്തി.നിമിഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ ശരിക്കും കഥാപാത്രങ്ങളായി മാറി കഴിഞ്ഞിരുന്നു.

രംഗം ഒന്ന്‌...
ജയില്‍പുള്ളിയായി ജസ്റ്റിന്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു.
ചുവന്ന വെളിച്ചത്തില്‍ കറുത്ത ഗൗണ്‍ ധരിച്ച്‌ ഞാന്‍ അവന്റെ അരുകിലേക്ക്‌ പതിയെ നടന്നടുക്കുന്നു.അടുത്തെത്തിയപ്പോള്‍ അവന്‍ ഞെട്ടിയെഴുന്നേല്‍ക്കുന്നു.പെട്ടന്ന്‌ ഞാന്‍ ഒഴിഞ്ഞുമാറി അപ്രത്യക്ഷമാവുന്നു.
പേടിച്ചരണ്ട്‌ ജസ്റ്റിന്‍ എഴുന്നേറ്റിരിക്കുന്നു...
'ഈ നശിച്ചസ്വപ്നം മൂലം ഉറക്കം നഷ്ടപ്പെട്ടിട്ട്‌ നാളുകളായിരിക്കുന്നു...' ഇതാണ്‌ അപ്പോഴുള്ള അവന്റെ ഡയലോഗ്‌..
അരവിന്ദാ..ഡയലോഗില്ലെങ്കില്‍ ഞാന്‍ അഭിനയിക്കില്ല...മദ്യലഹരിയില്‍ കുഴഞ്ഞ എന്റെ ശബ്ദം കേട്ട്‌ അരവിന്ദന്‍ തുറിച്ച്‌ നോക്കി എന്നെ ഭീതിപ്പെടുത്തി..
നിനക്ക്‌ ഡയലോഗ്‌ ഉണ്ട്‌..അവന്‍ എന്നെ സമാധാനിപ്പിച്ചു..
വീണ്ടും ഒരു മൂന്നാല്‌ തവണ കൂടി അതേ രംഗം ഞങ്ങളെ കൊണ്ട്‌ സംവിധായകന്‍ അഭിനയിപ്പിച്ചു..
പിന്നെ ചെറിയൊരു ഇടവേള തന്നു. ഞങ്ങള്‍ അഭിനയിച്ച്‌ ക്ഷീണിച്ചത്‌ കൊണ്ടല്ല മറിച്ച്‌ കഥയുടെ ബാക്കിയെഴുതാന്‍ വേണ്ടിയുള്ള ഇടവേള.
ഒരു സിഗരേറ്റ്ടുത്ത്‌ കത്തിച്ച്‌ കുറ്റിതാടി ഇടക്കിടെ ചൊറിഞ്ഞ്‌ അരവിന്ദന്‍ തീഷ്ണമായ ആലോചനയില്‍ മുഴുകിയപ്പോള്‍ ഒളിപ്പിച്ചുവെച്ച ചീട്ടെടുത്ത്‌ ഞങ്ങള്‍ വീണ്ടും റമ്മി കളിക്കാന്‍ തുടങ്ങി..ഈ സമയത്ത്‌ ബാറിലേക്ക്‌ പോയ ബെയ്സിലും അഭിയും തിരിച്ചെത്തി. രണ്ട്‌ ഫുള്‍ബോട്ടില്‍ ബ്രാന്‍ഡി കണ്ടപ്പോള്‍ കന്നാസിലുള്ള നാടനെടുത്ത്‌ വാറ്റ്‌ പ്രിയരായ ചിലര്‍ക്ക്‌ നല്‍കാന്‍ മറന്നില്ല..സില്‍വര്‍ സ്റ്റാലിന്‍ എന്ന ബ്രാന്റ്‌ നെയിമുള്ള ബ്രാന്‍ഡി എടുത്ത്‌ ഡിസ്പോസിബിള്‍ ഗ്ലാസില്‍ ഒഴിച്ച്‌ അഭി എല്ലാവര്‍ക്കുമായി നീട്ടി. അതിന്റെ ഒടുക്കത്തെ ചവര്‍പ്പിനെ മനോഹരമായി അവഗണിച്ച്‌ വായിലേക്ക്‌ കമിഴ്ത്തി റോസ്റ്റ്‌ കടല ചവച്ചു..
അരവിന്ദന്‍ അപ്പോഴേക്കും മൂന്നാല്‌ രംഗങ്ങള്‍ കൂടി തട്ടിക്കൂട്ടി ഞങ്ങള്‍ക്കിടയിലേക്ക്‌ വന്നു...ഒഴിച്ചുവെച്ചിരുന്ന ഗ്ലാസ്‌ കാലിയാക്കി ആദ്യം മുതല്‍ ഒന്നു കൂടി അഭിനയിക്കാന്‍ അവന്‍ ആവശ്യപ്പെട്ടു..
റൂമില്‍ വീണ്ടും ചുവന്ന പ്രകാശം തെളിഞ്ഞു..
ജസ്റ്റിന്‍ ജയില്‍പുള്ളിയായി നീണ്ടുനിവര്‍ന്നു കിടന്നു. ഞാന്‍ കറുത്ത ഗൗണിട്ട്‌ അവനെ ഭീതിപ്പെടുത്താന്‍ തുടങ്ങി..
അഭിയുടെയും ബെയ്സിലിന്റെയും വേഷത്തെ ചൊല്ലി ഇതിനിടയില്‍ തര്‍ക്കം തുടങ്ങിയിരുന്നു..നായകനായി ജസ്റ്റിനും വില്ലനായി ഞാനും തിരഞ്ഞെടുക്കപ്പെട്ടതായിരുന്നു കാരണം.എഴുതിക്കൂട്ടിയ സീനുകളിലൊന്നിലും ഞാനും ജസ്റ്റിനുമല്ലാതെ മറ്റൊരുമുണ്ടായിരുന്നില്ല.പുതിയ കഥാപാത്രങ്ങളുണ്ട്‌ എന്ന്‌ പറയുന്നതല്ലാതെ മറ്റാരെയും നാടകത്തിലുള്‍പ്പെടുത്താന്‍ സാമാന്യം നല്ല പൂസില്‍ നില്‍ക്കുന്ന അരവിന്ദന്‌ കഴിഞ്ഞില്ല..തര്‍ക്കം ഉന്തും തള്ളിലും പിന്നെ നീണ്ട ഇടവേളയിലേക്കും കാര്യങ്ങളെത്തിച്ചു..
ജെസ്റ്റിനും ബിജുവും വസ്ത്രങ്ങളഴിച്ച്‌ വെച്ച്‌ പുറത്തേക്ക്‌ പോയി..അരവിന്ദനും അഭിയും ആ ബഹളത്തിനിടയിലും സില്‍വര്‍ സ്റ്റാലിനെ കാലിയാക്കി കൊണ്ടിരുന്നു.

ഓഡിറ്റോറിയത്തില്‍ ജോസഫ്‌ സാറും റജിയും മറ്റും ചീട്ടുകളിക്കുന്നുണ്ടായിരുന്നു..അവരുടെയടുത്ത്‌ പോയിരുന്നു..അവ്യക്തമായി ജോക്കറിനെ മാത്രം എനിക്ക്‌ മനസിലായി..പിന്നെ അടുക്കിയിട്ടിരുന്ന ബെഞ്ചില്‍ കയറി നിന്ന്‌ ചുള്ളിക്കാടിന്റെ ആനന്ദധാര ഉറക്കെചൊല്ലി. കറുത്ത ഗൗണിന്റെ ചിറകുകള്‍ ഉയര്‍ത്തി വീശി കൊണ്ടിരുന്നു.എല്ലാ കണ്ണുകളും എന്നിലേക്ക്‌ പതിച്ചപ്പോള്‍ വീണ്ടും ഞാന്‍ ജോസഫ്‌ സാറിന്‌ കോച്ചിംഗ്‌ നല്‍കാനായി അടുത്ത്‌ പോയിരുന്നു.
സാറേ.എനിക്കൊരു സങ്കടം പറയാനുണ്ട്‌.
എന്റെ വാക്കുകള്‍ കേട്ട്‌ നീ പറയടാ എന്ന്‌ പറഞ്ഞ്‌ അദ്ദേഹം ഒരു കൈയെടുത്ത്‌ എന്റെ തോളിലിട്ടു.
ഇത്രേം കാലം ഇവിടെ പഠിച്ചിട്ടും ഒരു ലൈനിടാന്‍ പേറ്റെല സാറെ.ഇനിയാകെ ഒരു വര്‍ഷം മാത്രം.എനിക്ക്‌ സങ്കടം സഹിക്കാന്‍ പറ്റുന്നില്ല സാറെ.
സില്‍വര്‍ സ്റ്റാലിന്റെ സംസാരം കേട്ട്‌ സാറൊന്ന്‌ പകച്ചു.പിന്നെ ശാന്തനായി പറഞ്ഞു.
നീ തീരെ പോരാ ട്ടോ.
എന്നെ കുറിച്ചറിയുമോ നിനക്ക്‌.
എസ്‌ എസ്‌ എല്‍ സിക്ക്‌ പഠിക്കുമ്പോ മൂന്നുപേര്‍, പി ഡി സിക്ക്‌ രണ്ടുപേര്‍, ഡിഗ്രിക്ക്‌ രണ്ടു പേര്‍, എല്ലാരും സുന്ദരികളായിരുന്നു. പി ജിക്ക്‌ പഠിക്കുമ്പോ ഉള്ള ആളെം കൊണ്ട്‌ ഞാനിങ്ങ്‌ പോരുകയും ചെയ്തു.
എന്നിട്ട്‌ സാറിന്‌ ഈ ഉടാസ്‌ സാധനത്തെയെ കിട്ടിയുള്ളോ..എവിടെയോ ഫ്ലാറ്റാവാന്‍ തയ്യാറെടുക്കുന്ന ബെയ്സില്‍ വിളിച്ചുചോദിച്ചു.
പക്ഷേ സാറ്‌ അല്‍പം പോലും ചമ്മിയില്ല.അല്‍പം സീരിയസായി പറഞ്ഞു,
അവളന്ന്‌ സുന്ദരിയായിരുന്നെടാ.

അരവിന്ദന്‍ നാടകം എങ്ങിനെ തുടരും എന്ന ചിന്തയില്‍ തന്നെയായിരുന്നു.ആളൊഴിഞ്ഞ ഒരു ക്ലാസില്‍ പോയി മെഴുകുതിരിവെട്ടത്തില്‍ അപ്പോഴും അവന്‍ എന്തൊക്കെയോ എഴുതിക്കൂട്ടിക്കൊണ്ടിരുന്നു.
എനിക്ക്‌ നന്നായി വിശക്കുന്നുണ്ടായിരുന്നു..എന്തെങ്കിലും കിട്ടണമെങ്കില്‍ ടൗണിലെ തട്ട്‌ കടയില്‍ പോകണം..വെറുതെ പോയിട്ട്‌ കാര്യമില്ലല്ലോ പൈസ വേണ്ടേ.
ഹൗസ്‌ ക്യാപ്റ്റാ എന്ന്‌ നീട്ടി വിളിച്ചപ്പോ എവിടെ നിന്നോ അഭിയുടെ ശബ്ദം കേട്ടു.സില്‍വര്‍ സ്റ്റാലിന്റെ രണ്ടാം കുപ്പിയിലെ ആദ്യപെഗ്‌ ചുവന്ന വെളിച്ചത്തിലിരുന്നു അകത്താക്കുകയായിരുന്നു അവന്‍.

എനിക്ക്‌ പത്തുരൂപ വേണം.
എന്റെ ആവശ്യം കേട്ട്‌ മുഖമുയര്‍ത്താതെ തന്നെ കീശയില്‍ നിന്നും ഇരുപത്‌ രൂപയെടുത്ത്‌ തന്നു.
ഒരു കിലോ മീറ്ററെങ്കിലും നടക്കണം ടൗണിലെത്താന്‍..എന്തോ ഗൗണ്‍ ഊരിക്കളയാന്‍ തോന്നിയില്ല..അതിട്ടെ പിന്നെ തണുപ്പും തീരെ തോന്നിയിരുന്നില്ല..അങ്ങനെ നടക്കുമ്പോഴാണ്‌ സതീഷിനെ വീട്ടില്‍ കൊണ്ടുവിടാനായി ശിവരാജന്‍ ബൈക്കുമായി വന്നത്‌. അതിന്റെ ബാക്കില്‍ ഞാനും കയറിക്കൂടി..തട്ടുകടയുടെ മുന്നില്‍ എന്നെയിറക്കി വിട്ട്‌ അവര്‍ ബൈക്കോടിച്ച്‌ പോയി.
സിനിമാ തിയ്യറ്ററിന്‌ മുന്നിലെ സജീവമായ തട്ടുകടയില്‍ വെള്ളയപ്പം ചൂട്ടുകൊണ്ടിരിക്കുന്നയാളുടെ അടുത്തേക്ക്‌ ചെന്നു.
രണ്ട്‌ അപ്പം.
എന്റെ ചോദ്യം കേട്ടപ്പോള്‍ ഗൗണിലേക്കായിരുന്നു അയാളുടെ നോട്ടം.ഇതിനിടെ അറിയാതെ ഞാന്‍ കയ്യൊന്ന്‌ നിവര്‍ത്തിയപ്പോള്‍ അയാളുടെ മുഖത്ത്‌ എന്തോ കോപം വന്നു. ഒരു പക്ഷേ ഗൗണിന്റെ ചിറകുകള്‍ കണ്ടാവാം.എന്തായാലും അര്‍ദ്ധരാത്രിയില്‍ ഒരു വക്കീല്‍ നല്ല ഫിറ്റായി ഇങ്ങനെ വരില്ലല്ലോ.ചിലപ്പോ ഭ്രാന്തനാകും, അയാള്‍ അങ്ങനെ ചിന്തിച്ചിരിക്കാം.
ഇവിടെ അപ്പമില്ല.
കുന്നുപോലെ കൂട്ടിയിട്ട്‌ അപ്പത്തിനരുകില്‍ നിന്നയാള്‍ പറഞ്ഞു.
അപ്പമെന്താണെന്ന്‌ തിരിച്ചറിയാത്ത പോലെ ഞാന്‍ നിന്നു.
പിന്നെ തൊട്ടടുത്ത കടയിലേക്ക്‌ നടന്നു..
അവിടെ ചെന്നപാടെ കയ്യിലുണ്ടായിരുന്ന രൂപ കടക്കാരനെ ഏല്‍പ്പിച്ചു. അവിടെ നിന്നു കൂടി ഭക്ഷണം കിട്ടിയില്ലെങ്കില്‍ പിന്നെ അടുത്തൊത്തും കടയില്ല..എന്റെ കോലം കണ്ട്‌ പൈസയില്ല എന്ന്‌ കരുതിയാവും ആദ്യ കടക്കാരന്‍ ഒന്നും തരാത്തതെന്ന്‌ ആ ഫിറ്റിലും ഞാന്‍ മനസിലാക്കിയിരുന്നു..
പൈസ കൊടുത്തതോടെ അയാള്‍ ഒംലറ്റും ബന്നും കട്ടന്‍കാപ്പിയും തന്നു..ചുറ്റിനുമിരിക്കുന്നവര്‍ അത്ഭുതത്തോടെ നോക്കുന്നത്‌ കണ്ടപ്പോള്‍ എല്ലാവരെയും ഒന്നു പറ്റിച്ചേക്കാമെന്ന്‌ കരുതി ഞാന്‍ ആര്‍ത്തിയോടെ വലിച്ചുവാരി തിന്നാന്‍ തുടങ്ങി..തുറിച്ചുനോക്കിയവരില്‍ ചിലര്‍ അത്‌ കണ്ട്‌ മുഖം തിരിച്ചു..
അവിടെ നിന്നും തിരിച്ചു നടക്കുമ്പോള്‍ റോഡിന്റെയരുകിലുള്ള ശ്മശാനത്തില്‍ നിന്നും നായ്ക്കള്‍ ഓരിയിടുന്നുണ്ടായിരുന്നു..
കുറെ നടന്ന്‌ കോളേജിലേക്കുള്ള ഇറക്കമിറങ്ങിക്കൊണ്ടിരിക്കുമ്പോഴാണ്‌ കടത്തിണ്ണയില്‍ നിന്നും ആരൊക്കെയോ തുറിച്ച്‌ നോക്കുന്നത്‌ കണ്ടത്‌..
ഞാന്‍ കൈയുയര്‍ത്തി വീശിയപ്പോള്‍ ഗൗണിന്റെ ചിറകുകള്‍ വെഞ്ചാമരം പോലെയായി..
അയ്യോ ഡ്രാക്കുള. എന്ന്‌ വിളിച്ച്‌ ഉറങ്ങിക്കൊണ്ടിരുന്ന നാടോടികള്‍ എഴുന്നേറ്റോടുന്നത്‌ കണ്ടു..
അങ്ങകലെ നിന്നും നൈറ്റ്‌ പട്രോളിംഗ്‌ നടത്തുന്ന പൊലീസ്‌ ജീപ്പ്പ്‌ വരുന്നുണ്ടായിരുന്നു..ഒരു നിമിഷം കൊണ്ട്‌ എന്റെ ഫിറ്റെല്ലാം എവിടെയോ പോയി...
ജീപ്പ്പ്‌ നൂറുമീറ്റര്‍ അകലെയെത്തിയപ്പോഴേക്കും ശിവരാജന്റെ ബൈക്ക്‌ മുന്നില്‍ വന്നു നിന്നു..അതില്‍ കയറി. മിന്നായം പോലെ അവന്‍ വണ്ടി പായിച്ചു.

കോളജിലെത്തുമ്പോള്‍ സംവിധായകന്‍ അരവിന്ദന്‍ എഴുതിപൂര്‍ത്തിയാക്കാനാവാത്ത സ്ക്രിപ്റ്റിന്‌ മുകളില്‍ തലയും വെച്ചു കിടന്നുറങ്ങുന്നുണ്ടായിരുന്നു.
നാടകമുറിയില്‍ വാളുവെച്ച്‌ അഭിയും തൊട്ടരുകില്‍ ജെസ്റ്റിനും ബിജുവും മലര്‍ന്ന്‌ കിടക്കുന്നുണ്ടായിരുന്നു..
ബെയ്സിലിനെ മാത്രം എവിടെയും കണ്ടില്ല.
അരവിന്ദന്റെ കസേരയില്‍ ചാഞ്ഞിരിക്കുമ്പോള്‍ പാതി തീര്‍ന്ന രണ്ടാമത്തെ കുപ്പിയുടെ പുറത്തുണ്ടായിരുന്ന സില്‍വര്‍ സ്റ്റാലിന്‍ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

22 comments:

ദ്രൗപദി said...

രംഗം ഒന്ന്‌...
ജയില്‍പുള്ളിയായി ജസ്റ്റിന്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു.
ചുവന്ന വെളിച്ചത്തില്‍ കറുത്ത ഗൗണ്‍ ധരിച്ച്‌ ഞാന്‍ അവന്റെ അരുകിലേക്ക്‌ പതിയെ നടന്നടുക്കുന്നു.അടുത്തെത്തിയപ്പോള്‍ അവന്‍ ഞെട്ടിയെഴുന്നേല്‍ക്കുന്നു.പെട്ടന്ന്‌ ഞാന്‍ ഒഴിഞ്ഞുമാറി അപ്രത്യക്ഷമാവുന്നു.
പേടിച്ചരണ്ട്‌ ജസ്റ്റിന്‍ എഴുന്നേറ്റിരിക്കുന്നു...
'ഈ നശിച്ചസ്വപ്നം മൂലം ഉറക്കം നഷ്ടപ്പെട്ടിട്ട്‌ നാളുകളായിരിക്കുന്നു...' ഇതാണ്‌ അപ്പോഴുള്ള അവന്റെ ഡയലോഗ്‌..
അരവിന്ദാ..ഡയലോഗില്ലെങ്കില്‍ ഞാന്‍ അഭിനയിക്കില്ല...മദ്യലഹരിയില്‍ കുഴഞ്ഞ എന്റെ ശബ്ദം കേട്ട്‌ അരവിന്ദന്‍ തുറിച്ച്‌ നോക്കി എന്നെ ഭീതിപ്പെടുത്തി..
നിനക്ക്‌ ഡയലോഗ്‌ ഉണ്ട്‌..അവന്‍ എന്നെ സമാധാനിപ്പിച്ചു..

ഡ്രാക്കുള-പുതിയ പോസ്റ്റ്‌ (കലാലയജീവിതത്തിലേക്ക്‌ ഒരു തിരിഞ്ഞുനോട്ടം)

ആഗ്നേയാ said...
This comment has been removed by the author.
ആഗ്നേയാ said...

അതു ശരി..അപ്പോ തനിനിറം പുറത്തുവരട്ടെ..
പാവം കരഞ്ഞോണ്ട് നടക്കുന്ന ഒരു നിരാശാ കാമുകന്ന്നല്ലേ കരുതിയേ...(എന്തിനാ ഇമേജ് കളഞ്ഞേ?)
സത്യം പറയാല്ലോ ഈ പോസ്റ്റ് വായിച്ചപ്പോ കിക്കായിപ്പോയി.ആ മാതിരി കള്ളുകുടിയല്ലേ വിവരിച്ചിരിക്കുന്നേ..മോശായിപ്പോയി ദ്രൌപദീ, മഹാ മോശം..ഇയാള്‍ടെ കയ്യീന്നിതു പ്രതീക്ഷിച്ചില്ല.
ഓ.ടോ.അന്നെടുത്ത ഫോട്ടോയാണല്ലേ ഓര്‍കൂട്ടില്‍ ഡി.പി.ആയിട്ടിരിക്കുന്നേ.അതോ മേക്-അപ് ഇല്ലാത്ത ഫോട്ടോ ആണൊ?(ഈ കമന്റ് ഡെലീറ്റ്യാ വിവരറിയും)

ആഗ്നേയാ said...

പറയാന്‍ മറന്നു..
വളരെ നല്ല പോസ്റ്റ്..:)
എപ്പോഴും ഞങ്ങളെ ഇട്ടിങ്ങനെ കരയിക്കാതെ ഇടക്കിങ്ങനെ കളം മാറിചവിട്ടാംട്ടോ..
നന്നേ വഴങ്ങുന്നുണ്ടീ ശൈലി..:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അതുശരി അപ്പോള്‍ ആഗ്നേയ പറഞ്ഞത്പോലെ കരയിപ്പിക്കാന്‍ മാത്രമല്ല അല്ല അറിയാവുന്നത്..ഇതും സെന്റിയാന്ന് കരുതിവന്നതാ ഗൊള്ളാം ഗൊള്ളാം..
ഞാന്‍ പാമ്പായില്ല കെട്ടാ കാരണം ഇത് വായിക്കാന്‍ തുടങ്ങിയപ്പോഴെ ഞാന്‍ പാമ്പാണ്..:)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഞാനിവിടെ ഒറ്റയ്ക്കാണ് താമസിക്കുന്നെ ചുമ്മാ
ഡ്രാക്കുളാന്നു പറഞ്ഞ് പേടിപ്പിക്കല്ലേ

അത്ക്കന്‍ said...

തണ്ണി കൊണ്ടൊരു തുലാഭാരം കൂടി ആ‍വാം ല്ലേ..

Rare Rose said...

ദ്രൌപദീ.,സ്ഥിരം ശൈലിയില്‍ നിന്നുമൊരു മാറിനടപ്പാണല്ലോ ഇവിടെ...ഡയലോഗിനായി ആര്‍ത്തി പിടിച്ചു അരവിന്ദനെ പേടിപ്പിക്കുന്നതും,ഡ്രാക്കുളയായി ഗൌണിന്റെ ചിറകുകള്‍ വീശി നാടോടികളെ ഓടിച്ചതും മനസ്സിലോര്‍ത്തു കുറെ ചിരിച്ചൂ....ആഗ്നേയ പറഞ്ഞതു പോലെ ഇമേജ് നഷ്ടപ്പെടുത്തിയെങ്കിലും കലാലയജീവിതത്തിലെ രസം പകരുന്ന നുറുങ്ങുകള്‍ പങ്കുവച്ചതു ഏറെ ഇഷ്ടായിട്ടാ..ഇനിയും പോരട്ടെ ഇത്തരം കലാലയസ്മരണകള്‍..:)

ഏകാകി said...

വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു രണ്ട് പെഗ്ഗടിച്ച പോലെ... നന്നായിരിക്കുന്നു.

കുഞ്ഞന്‍ said...

അങ്ങിനെ ആദ്യത്തെ അരങ്ങേറ്റവും അവതാളത്തിലായെന്നു പറഞ്ഞാല്‍ മതിയല്ലൊ.

പിന്നീട് ആരെയെങ്കിലും പ്രേമിക്കാന്‍ അവസരം കിട്ടിയൊ?

തോന്ന്യാസി said...

ഹെന്തായാലും ഡ്രാക്കുളയ്ക്കൊരു രൂപം കിട്ടി

ഞാന്‍ ഇരിങ്ങല്‍ said...

കോളജ് ദിനങ്ങളും പ്രവര്‍ത്തനങ്ങളും ഓര്‍മ്മിപ്പിക്കാന്‍ ഈ പോസ്റ്റ് സഹായകമായി. ഇത് വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു സഹപാഠിവിളിക്കുക കൂടി ചെയ്തപ്പോള്‍ ഞങ്ങളുടെ സംസാരവും ആ വഴിക്ക് പോയി.

എങ്കിലും കവിതയിലെ ഒഴുക്ക് വിവരണത്തില്‍ കണ്ടില്ല

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

lakshmy said...

ഈ ഡ്രാക്കുള നാടകം അസ്സലായി

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഡ്രാക്കുള വേഷത്തില്‍ ആഹാരം കഴിക്കുന്നത് ഒന്ന് ഇമാജിന്‍ ചെയ്തു...

ഹ ഹ ഹ എനിക്കു വയ്യ

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

ദ്രൌപതീ ഇങ്ങനേം എഴുതും അല്ലേ! വിഷാദ വിഷയങ്ങളുള്ള കവിതകള്‍ മാത്രമേ ഉള്ളൂ എന്നാ ഇത്രേം കാലം കരുതിയത്. ഇത് രസിച്ചു. ഒന്നൂടെ ശൈലീകൃതമാക്കാന്‍ ശ്രദ്ധിച്ചാല്‍ ഹ്യൂമര്‍ പതഞ്ഞുപൊങ്ങിവരും എന്നുതോന്നുന്നു. :)

ഹരിയണ്ണന്‍@Hariyannan said...

നാടകം അവസാനിക്കരുതേ...
:)

ഹരിശ്രീ said...

നല്ല പോസ്റ്റ്....

കലാലയ സ്മരണകളിലേക്ക് കുറച്ചു നേരത്തേക്ക് മടങ്ങാന്‍ ഈ പോസ്റ്റ് ഉപകരിച്ചു....

:)

അന്യന്‍ said...

കഥ കൊള്ളാമല്ലോടാ..മച്ചൂ..ഇത്‌ വായിച്ചപ്പോള്‍ എണ്റ്റെ കലാപകാല ജീവിതം സോറി...കലാലയ ജീവിതം(രണ്ടും ഫലത്തില്‍ ഒന്നു തന്നെ)...ഓര്‍മ്മ വന്നെടേയ്‌ മച്ചൂ.... എം സി സിയില്‍ കാലെടുത്തു കുത്തിയ ആദ്യ വര്‍ഷം തന്നെ ഒരു റം എന്നെ ചതിച്ചു... സംഭവം മറ്റൊന്നുമല്ല...കുതിരയ്ക്ക്‌ കൊടുക്കുന്ന ആ സാധനം ഉള്ളില്‍ കേറിയ ഉടന്‍ തന്നെ ഞാന്‍ ഒടുക്കത്തെ ധൈര്യം കാണിച്ചതാണ്‌ പ്രശ്നമായത്‌. .ക്യാംപസ്‌ ഡേയുടെയന്നാണ്‌ സംഭവം..ഞങ്ങള്‍ സുഹൃത്തുക്കളെല്ലാം...ചേര്‍ന്ന്‌ വെള്ളമടിക്കാന്‍ കട്ടയിട്ടു...കൂട്ടത്തിലേറെയും പിശുക്ക്‌ തീരെയില്ലാത്തവരായതിനാല്‍ നാലു പേര്‍ ചേര്‍ന്ന്‌ പിരിച്ചെടുത്തത്‌.. വെറും നൂറ്റിയിരുപത്തഞ്ച്‌ രൂപ അമ്പത്‌ പൈസ...ഇതു കൊണ്ട്‌ എന്താകാന്‍ എന്ന്‌ ചിന്തിച്ചാണ്‌ ബീവറേജിണ്റ്റെ പടിപ്പുരയില്‍ നില്‍ക്കുന്നു...നല്ല സൊയമ്പന്‍ വൈറ്റ്‌ റം... എണ്റ്റെ ജീവിതത്തില്‍ ഞാനാദ്യമായാണ്‌ അത്തരമൊന്ന്‌ കാണുന്നത്‌...ഇഷ്ടണ്റ്റെ പേര്‌ 'ബ്ളാക്ക്‌ പാന്തര്‍'. ഒരു ഫുള്ളിന്‌ വില വെറും നൂറ്റിരുപത്‌ രൂപ...അതായത്‌...തണ്റ്റെ സില്‍വര്‍ സ്റ്റാലനെക്കാളളാള്‍ വില കൂറവ്‌..കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ കുതിര പോലും കുടിക്കാത്ത കാട്ടാസ്‌ റം.. എന്തുചെയ്യാന്‍ വാങ്ങിപ്പോയില്ലേ....കൂടെയുള്ള മൂവരും അധികമൊന്നും അകത്താക്കാന്‍ ധൈര്യപ്പെട്ടില്ല..കാരണം ആദ്യത്തെ ഇറക്കില്‍ തന്നെ ശരിക്കറിയുന്നുണ്ട്‌...നല്ല എരിച്ചില്‍ സമ്മാനിച്ചുകൊണ്ട്‌ ഇഷ്ടണ്റ്റെ അകത്തുകൂടെയുള്ള പ്രയാണം....പാന്തര്‍ ചേട്ടണ്റ്റെ പകുതിയും ഞാനാണകത്താക്കിയത്‌...വെള്ളമടിയില്‍ ഡോക്ടറേറ്റെടുത്തവരെന്ന്‌ അവകാശപ്പെട്ടിരുന്ന മറ്റു മൂന്നു പേരും എന്തോ.അന്ന്‌...അത്ര പോള്‍ ചെയ്തില്ല...ഈ സാധനം ഉള്ളില്‍ കടന്നയുടന്‍ ഞാന്‍ എഴുന്നേറ്റിരുന്നു പ്രഖ്യാപിച്ചു..'.രശ്മി ജി നായരെ എനിക്കിഷ്ടമാണ്‌....'... മൂവരും അതുകേട്ട്‌ ഞെട്ടലോടെ എന്നെ നോക്കി...കൂട്ടത്തിലെ ജഗജില്ലിയായ സുബിന്‍ കാക്കൂറ്‍ എന്നെയൊന്നാക്കിക്കൊണ്ട്‌ പറഞ്ഞു...'ചില്ലറ പൂതിയൊന്നുമല്ലല്ലോ...മോനേ...നിണ്റ്റെ മനസ്സില്‍..'. സംഭവമെന്താച്ചാല്‍ ഈ പറഞ്ഞ രശ്മി എന്നെക്കാള്‍ സീനിയറാണ്‌..രണ്ടാംവര്‍ഷ ഇംഗ്ളീഷുകാരി...മുമ്പ്‌ ഗൃഹലക്ഷ്മിയടക്കമുള്ളവയുടെ മുഖചിത്രമായി വന്ന സുന്ദരവദനത്തിനുടമ.... ബ്ളാക്ക്‌ പാന്തര്‍ എന്നെക്കൊണ്ട്‌ നടത്തിച്ച പ്രഖ്യാപനത്തില്‍ കയറി സുബിനും ജിജിലും സീജീഷ്‌ ജോണും..ആഞ്ഞുപിടിച്ചു...അത്ര ധൈര്യമുണ്ടെങ്കില്‍ നീയവളോട്‌ ഇന്നു തന്നെ പോയി പറയണം...'മെം തുമേ പ്യാര്‍ കര്‍ത്താ ഹൂം' എന്ന്‌...മൂന്നുപേരും ഒരേസ്വരത്തില്‍ ആജ്ഞാപിച്ചു....മാത്രമല്ല...കയറി കയറി അവരെണ്റ്റെ പുരുഷത്വത്തെ ചോദ്യം ചെയ്യുന്നതരത്തില്‍ വെല്ലുവിളി നടത്തിയപ്പോള്‍ ഞാന്‍ വീണു...ഞാനിന്നവളോട്‌...അത്‌ പറയും... പിന്നെ സംഭവിച്ചതെന്താണ്‌..നിങ്ങളോടെല്ലാവരോടും എനിക്കു പറയണമെന്നുണ്ട്‌.....അതെണ്റ്റെ തടിയ്ക്ക്‌ ദോഷം ചെയ്യുമെങ്കിലും പക്ഷേ....ആ പെണ്ണും, അവളുടെ ആങ്ങളയും, പിന്നെ എന്നെയറിയുന്ന മറ്റ്‌ എം സി സി സുഹൃത്തുക്കളും ഈ ബ്ളോഗുലകത്തിലുളളതിനാല്‍ ഒരര്‍ലപം രഹസ്യമായി മാത്രമേ...ഞാന്‍ ബാക്കി പറയൂ.....ഒന്നും വിചാരിക്കരുത്‌...

ദൈവം said...

ഹോ,ഭൂതകാലക്കുളിര്‍.
ആന്നൊക്കെ ഡിസ്പോസിബിള്‍ ഗ്ലാസ്സ് അവതരിച്ചിട്ടില്ലായിരുന്നു എന്ന് മാത്രം :)

മനോഹരം

ദ്രൗപദി said...

abiprayangalkk akamazhinja nandi...

abhilash said...
This comment has been removed by the author.
abhilash said...

Hai , I am ABHILASH
From Manappuram Genaral Finance and Leasing Ltd
Mysore Area Manager
Mo No 9742379947
9379168211

Sorry ,Ithonnum onnum malla. Nee Onnu Thelichezhuuthada Giri,Marannu Poyathellam Njanum Bijude Vaichappol Tharkkikkuka airunnu ithella adhyam ithella addyam ennupakuthi vaichu oridavela vannu karanam AAA DAILOGE EPPOLUM CHEVIL MUZHANGUNNU (Chirichittu vaya )ethreum petannu ezhutheda ella karyaum
Ennu ninte priya Kootukaran

ABHI