Monday, August 4, 2008

പെയ്‌ത്‌ തീരാതെ ഒരു പെണ്‍മഴ


എന്റെ മുന്നില്‍ ഇപ്പോള്‍ കാര്‍മേഘങ്ങള്‍ മാത്രമുള്ളൊരാകാശമുണ്ട്‌.എവിടെ നിന്നോ പാറിയെത്തിയ കൂറെ മയില്‍പീലിതുണ്ടുകള്‍ മുന്നില്‍ നിന്ന്‌ വിലപിക്കുന്നത്‌ കാണുമ്പോള്‍ ഭീതിയാവുന്നു.രാവെന്നോ പകലെന്നോ ഇല്ലാതെ എന്നിലേക്ക്‌ ആഞ്ഞടിക്കുന്ന ചുവന്ന തിരകളുടെ സീല്‍ക്കാരങ്ങള്‍. കുത്തിപറിക്കുന്ന സ്വപ്‌നങ്ങളില്‍ നിന്ന്‌ പ്രാണന്‍ പറിഞ്ഞുപോകുന്നതറിയുന്നു ഞാന്‍.അന്യമാവാന്‍ മാത്രമായി വന്ന സ്‌നേഹത്തിന്റെ പാഥേയം ശിഥിലമായി മനസില്‍ വീണു ചിതറുകയാണ്‌. ഓരോ വറ്റും പെറുക്കിയെടുത്ത്‌ ചുണ്ടോടുചേര്‍ക്കാന്‍ കരങ്ങള്‍ക്ക്‌ ശേഷിയില്ലാതായിരിക്കുന്നു.ആത്മാവ്‌ പറിഞ്ഞുപോകുന്ന വേദന.മൃതിയുടെ കറുത്ത കൈകളിലേക്ക്‌ എന്നെയെടുത്തെറിയാന്‍ ഇനിയെന്നാവും ശിശിരം വരിക.

മഴയുടെ ചിതറിയ തുള്ളികളില്‍ ഇന്നലെകളുടെ രോദനമുണ്ടായിരുന്നു..ഓര്‍മ്മകളെ പെയ്യിച്ചത്‌ ആത്മാവിലേക്ക്‌ വീണുടയുമ്പോള്‍ ഹൃദയം നഷ്‌ടങ്ങളുടെ ചുംബനം ഏറ്റുവാങ്ങുമായിരുന്നു. എവിടെ നിന്നോ എന്നിലേക്ക്‌ പറയാതെ പാറി വന്ന ശലഭമായിരുന്നു അവള്‍ `അനുപമ'. ഈ ഭൂമിയില്‍ ഏറ്റവും മനോഹരമായ മറ്റൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ല.പൂക്കളോടുള്ള അതിന്റെ പ്രണയത്തെ, ഇതളുകളോടുള്ള ആത്മാര്‍ത്ഥതയെ, തണ്ടുകളോടുള്ള കടപ്പാടിനെ. ഒക്കെ ഒരു കാഴ്‌ചക്കാരനായി മാറി നിന്ന്‌ വീക്ഷിക്കുകയായിരുന്നു ഞാന്‍. അവളുടെ ശബ്‌ദം, പെരുമാറ്റം ഒക്കെ എന്റെ ഹൃദയത്തിലേക്കാഴ്‌ണ്ടിറങ്ങിയത്‌ ഞാന്‍ പോലുമുറിയാതെയായിരുന്നു. പലപ്പോഴും നിര്‍വികാരികതയെയും നിഷ്‌കളങ്കതയെയും കൂട്ടുപിടിച്ച്‌ അവളോട്‌ സംവദിക്കുമ്പോഴും എന്റെ മനസിലൊരു വസന്തമുണ്ടായിരുന്നു.എനിക്ക്‌ മാത്രം സ്വന്തമായവ..എന്റെ പൂന്തോട്ടത്തിലെ കൊഴിയാനൊരുങ്ങി നില്‍ക്കുന്ന പുഷ്‌പങ്ങള്‍ക്കിടയിലേക്ക്‌ ആകസ്‌മികമായി വന്നുനില്‍ക്കുമ്പോഴും പിന്നീട്‌ ഏതോ ചെടികളുടെ ഇലകളാല്‍ അവള്‍ മറക്കപ്പെടുമ്പോഴും എനിക്കറിയാമായിരുന്നു എനിക്ക്‌ വെറുമൊരു ക്ഷണികവേദന സമ്മാനിച്ച്‌ അനു ചിരിക്കുന്നുണ്ടാവുമെന്ന്‌...
പിന്നെയാണ്‌ എനിക്ക്‌ മുന്നില്‍ വര്‍ഷകാലത്തിന്റെ ശൂന്യത വന്നത്‌। വിരഹത്തിന്റെ സംഗീതവും വേര്‍പാടിന്റെ തണുപ്പും എന്നെയാഴത്തില്‍ പുണര്‍ന്നത്‌ അവളറിഞ്ഞതേയില്ല. ഹൃദയരാഗങ്ങളുടെ ഊര്‍വരതയുമായി എന്നെ വിസ്‌മരിച്ച്‌ എന്റെ പൂന്തോട്ടത്തില്‍ നിന്ന്‌ അവള്‍ പടിയിറങ്ങിപ്പോയത്‌ എന്നെ ആഴത്തില്‍ മുറിവേല്‍പ്പിച്ചായിരുന്നുവെന്ന്‌ അവളിന്നുമറിഞ്ഞിരിക്കില്ല. എന്റെ മനസിലെ മിന്നിതിളങ്ങുന്ന താരകങ്ങള്‍ പാതി കെട്ടതും എന്റെ മനസിലെ വര്‍ണങ്ങള്‍ പാതിനരച്ചതും എല്ലാം ഞാന്‍ മാത്രമറിഞ്ഞ ശിശിരത്തിന്റെ തമാശകള്‍...
ഏകാന്തതയോടായിരുന്നു എന്നും ചങ്ങാത്തം. പലപ്പോഴും അതിന്‌ പല രൂപങ്ങള്‍ നല്‍കും. എന്നിട്ട്‌ അതിനോട്‌ സംസാരിക്കും. ഇടക്കെപ്പോഴോ അതെന്നോടും. പിന്നീടാണ്‌ മഴ കുറവുള്ള മഴക്കാലരാവുകളിലും വിഭാതങ്ങളിലും ഏകാന്തതക്ക്‌ അവളുടെ പേര്‌ നല്‍കിയത്‌...തിരിച്ചൊന്നും ചോദിക്കാതെ ഇടക്ക്‌ എന്റെ ചോദ്യങ്ങളുടെ ശബളിമയില്‍ അവള്‍ ചിരിക്കുന്നതും എനിക്കായി താളത്തില്‍ പാട്ടുമൂളുന്നതും ഞാനറിഞ്ഞു. അകന്നുപോയ മനോഹരചിറകുകള്‍ വീണ്ടുമെന്നിലേക്ക്‌ പൊട്ടിമുളക്കാന്‍ തുടങ്ങിയത്‌ അങ്ങനെയാണ്‌. ആയിരം കാതങ്ങള്‍ക്കപ്പുറം അവളപ്പോള്‍ ചിന്തകളുടെ ഓരത്ത്‌ പോലും എന്നെ നിര്‍ത്തിയിട്ടുണ്ടാവില്ല. ആര്‍ദ്രമാവാന്‍ മറന്ന മിഴികളില്‍ പൂമൊട്ടുകളൊളിപ്പിച്ച്‌ എന്റെ കാലൊച്ച പോലും അവള്‍ ശ്രദ്ധിച്ചിരിക്കില്ല. ഞാന്‍..വഴിതെറ്റി വരുന്ന സ്വപ്‌നങ്ങളെയെല്ലാം ആട്ടിപായിച്ച്‌ എല്ലാ അലോസരപ്പെടുത്തലുകളില്‍ നിന്നും അവളെ കാത്ത്‌ സൂക്ഷിക്കാന്‍ തണുത്തകാറ്റായി ജാലകത്തിലൂടെ കടന്നുവന്ന്‌ തിരിച്ചുപോവുമ്പോഴും അവളൊന്നുമറിയുന്നുണ്ടായിരുന്നില്ല...

പകലുകളും പകലറുതികളും അവള്‍ക്ക്‌ മുന്നില്‍ വീണുടയുമ്പോള്‍ വേനലായും വര്‍ഷമായും ആ മനസ്‌ കണ്ടുമടങ്ങിയിട്ടുണ്ട്‌ എന്റെ സ്വപ്‌നങ്ങള്‍.. അവളപ്പോള്‍ മരിച്ചുപോയൊരു സങ്കല്‍പ്പത്തിന്‌ ശ്രാദ്ധമൂട്ടുകയായിരുന്നു. സ്‌നേഹിക്കാന്‍ മാത്രം കടന്നുവന്നൊരു പെണ്‍കുട്ടിയുടെ ദാരുണമൃത്യുവിന്റെ നിഴലുകള്‍ അപ്പോഴും അവളെ വേട്ടയാടുന്നുണ്ടായിരുന്നു. പക്ഷേ അവളെ പഴി പറയാന്‍ ആ രൂപത്തിന്റെ പുനര്‍ജന്മമായി തിരിച്ചെത്തുമ്പോഴും ഞാന്‍ അശക്തനായിരുന്നു. കാണും മുമ്പെ, സംസാരിക്കും മുമ്പെ, അറിയും മുമ്പെ എന്റെ മനസിന്റെ ഓരത്ത്‌ പിടിച്ചിരുത്തിപോയിരുന്നു ഞാന്‍. ആയിരം നഷ്‌ടവസന്തങ്ങള്‍ക്ക്‌ പകരമായി ദൈവം എനിക്ക്‌ സമ്മാനിച്ച ഒരൊറ്റദീപനാളമായിരുന്നു അവള്‍. കെടാതെ എന്നിലേക്ക്‌ വെളിച്ചം വീശി എന്നുമരികത്തുണ്ടാവണേ എന്ന ആത്മാര്‍ത്ഥപ്രാര്‍ത്ഥന മാത്രം. അവളെ നുള്ളിനോവിക്കാന്‍ അസൂഖങ്ങളെത്തുമ്പോഴെല്ലാം ഉള്ളുരുകി കരഞ്ഞിരുന്നു ഞാന്‍. ആഴത്തില്‍ മനസില്‍ പതിഞ്ഞുപോയ ഒരു ചിത്രത്തെ പരിപാലിച്ചുപോരേണ്ട ദൗത്യം അവളറിയാതെ ഏറ്റെടുത്തിരുന്നു ഞാന്‍. ഒരു ഏകാകിനിയില്‍ നിന്ന്‌ ശലഭത്തിന്റെ ചിറകുകളുമായി എന്റെ ശ്രീകോവിലിലെ ദേവിയായി അവള്‍ പരിണമിക്കുമ്പോള്‍ ഞാന്‍ വെറുതെ മോഹിച്ചു. അവള്‍ വന്നതും എന്റെ മനസില്‍ ആനന്ദത്തിന്റെ പൂ ചൊരിഞ്ഞതും എന്നും ബാക്കിയാവുമെന്ന്‌...
സ്‌നേഹം പലപ്പോഴും അടുത്തു വന്ന്‌ കൊതിതീരും മുമ്പ്‌ പറന്നുപോയതാണ്‌॥ ചിലതെല്ലാം അടുത്തുവരും മുമ്പെ ശിഥിലമാവുകയും ചെയ്‌തു। മുറിഞ്ഞുതീരാനായി മാത്രം വന്ന ചിലത്‌ വേറെയും..ഇങ്ങനെയെല്ലാം വീര്‍പ്പമുട്ടിയപ്പോഴാണ്‌ വരികളെ കൂട്ടുപിടിക്കാന്‍ തുടങ്ങിയത്‌. പലതും ആരെയും കാട്ടാതെ പുസ്‌തകതാളിലൊളിപ്പിച്ചുവെച്ചു. പിന്നീട്‌ കാറ്റിലേക്കത്‌ പറത്തിവിടുമ്പോഴും ഉള്ളിന്റെയുള്ളില്‍ ഞാനനുഭവിക്കുന്ന ശൂന്യത ബാക്കി കിടക്കുകയായിരുന്നു. അന്നെല്ലാം വേദനയില്‍ നിന്ന്‌ മുക്തി നേടാന്‍ മറ്റു പോംവഴികളില്ലായിരുന്നു..ഈ എഴുത്തല്ലാതെ...

അവള്‍ ചിന്തിക്കുന്നുണ്ടാവും എന്റെ ചെറിയ വേദനകളുടെ ആഴങ്ങളെ പറ്റി.മനസിന്റെയുള്ളില്‍ ഒളിച്ചുവെച്ചതെല്ലാം ആ കൂട്ടുകാരിയുടെ മുന്നില്‍ തുറന്നിടേണ്ടി വരുന്നു എനിക്ക്‌...
ആദ്യമായി ഞാന്‍ വല്ലാതെ വേദനിച്ച ദിവസം എന്റെ കൂട്ടുകാരി ആത്മഹത്യ ചെയ്‌തയന്നായിരുന്നു. തലേദിവസം ആത്മഹത്യയെ പറ്റി ഞങ്ങള്‍ ഒരുപാട്‌ സംസാരിച്ചിരുന്നു. ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളുമായാണ്‌ അവള്‍ എത്തിയതെന്ന്‌ തിരിച്ചറിയാന്‍ ഞാനും വൈകി. മറ്റെല്ലാ സുഹൃത്തുകളും സ്വയംഹത്യക്കെതിരെ ശബ്‌ദമുയര്‍ത്തിയപ്പോള്‍ എനിക്കതിനെ അനുകൂലിക്കേണ്ടി വന്നു..അമ്മ നഷ്‌ടപ്പെട്ട അവളെ മറ്റൊരു രീതിയില്‍ ഒരു കഥയില്‍ വിവരിക്കാന്‍ ശ്രമിച്ചിരുന്നു...

നട്ടുച്ചക്ക്‌ വെളുത്ത പുതപ്പണിഞ്ഞ്‌ നീണ്ടുനിവര്‍ന്ന്‌ കിടക്കുമ്പോള്‍ ആ മുഖത്തെ തിളക്കം ജീവനുള്ളപ്പോള്‍ പോലും അവളില്‍ കണ്ടിട്ടില്ല ഞാന്‍. മെഴുകുതിരികളെ അകമ്പടി നിര്‍ത്തി അവളില്‍ നിന്ന്‌ വേര്‍പിരിയുമ്പോള്‍ മനസ്‌ ഒരിക്കലുമില്ലാത്ത വിധം ശൂന്യമാവുമായിരുന്നു. തോന്നുമ്പോ ക്ലാസില്‍ വരാറുള്ള ക്ലാസ്‌ കട്ട്‌ ചെയ്യാറുള്ള ആ കലാലയത്തിലെ ഒരേയൊരു പെണ്‍കുട്ടി അവളായിരുന്നു. കുസൃതിപെണ്ണെന്ന്‌ മുദ്ര കുത്തുമ്പോഴും അവളുടെ വികൃതികള്‍ ആസ്വദിക്കാനായിരുന്നു എനിക്കിഷ്‌ടം...അവളുടെ മാംസത്തിന്‌ വേണ്ടിയുളള പിതാവിന്റെ മോഹമായിരുന്നു മരണകാരണമെന്നറിഞ്ഞപ്പോള്‍ മനസില്‍ നിസംഗത നിറഞ്ഞു. അവള്‍ ചെയ്‌തതാണ്‌ ശരിയെന്ന്‌ മറ്റൊരുമറിയാതെ പറഞ്ഞു.

അകാരണമായ വഴക്കായിരുന്നു വീട്ടില്‍ പലപ്പോഴും..ഇതിനിടയില്‍ കിടന്ന്‌ വീര്‍പ്പുമുട്ടുമ്പോഴാണ്‌ പലപ്പോഴും കുന്നിന്‍ചെരുവിനെയും പുഴയെയുമൊക്കെ ആശ്രയിക്കുക. അച്ഛനും അമ്മയും വര്‍ഷങ്ങളോളം സ്‌നേഹിച്ച്‌ വിവാഹം കഴിച്ചതുകൊണ്ടാവാം എനിക്കോര്‍മ്മയുള്ള കാലം മുതല്‍ വഴക്കില്ലാത്ത ദിവസങ്ങളെ ഇല്ലായിരുന്നു..ദുശീലങ്ങളൊന്നുമില്ലാതിരുന്ന അച്ഛന്‍, ശാഠ്യങ്ങളൊന്നും സൂക്ഷിക്കാത്ത അമ്മ എന്നിട്ടും അവര്‍ക്കിടയില്‍ എങ്ങനെ വഴക്കുകള്‍ കടന്നുവരുന്നുവെന്നോര്‍ത്ത്‌ അത്ഭുതപ്പെട്ടിട്ടുണ്ട്‌ ഞാന്‍...ഇതിനിടയില്‍ കിടന്ന്‌ വീര്‍പ്പുമുട്ടുമ്പോള്‍ രാത്രിയെ വക വെക്കാതെ ഇറങ്ങിപോകും...പരന്നുകിടക്കുന്ന പാടത്ത്‌ നീണ്ടുനിവര്‍ന്ന്‌ കിടക്കും. നക്ഷത്രങ്ങളോടും കാറ്റിനോടും ചന്ദ്രബിംബത്തോടും സംസാരിക്കും...ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ വീര്‍പ്പുമുട്ടുന്ന മറ്റൊരു സുഹൃത്തുമുണ്ടാവും ചിലപ്പോഴെല്ലാം...പിന്നെ ഞങ്ങള്‍ നിലാവിന്റെ അകമ്പടിയില്‍ പുഴക്കടവിലേക്ക്‌ നടക്കും. തിരിച്ചെത്തുമ്പോഴേക്കും കടല്‍പോലെ ശാന്തമായിരിക്കും വീട്‌. ഇങ്ങനെ നിരന്തരമായ സംഘര്‍ഷങ്ങള്‍ക്കിടയില്‍ കൂറെ വര്‍ഷങ്ങള്‍. ആത്മാവിനെ നുള്ളിപറിക്കുന്ന വെറും ഓര്‍മ്മകള്‍ മാത്രമായി ഇന്നവ മാറിയെന്നിരിക്കെ ബഹളമില്ലാത്ത വീടാണ്‌ ഇന്നെന്നെ അലോസരപ്പെടുത്തുന്നത്‌.

കലാലയത്തിലെ ബഹളങ്ങളിലേക്ക്‌ ഇറങ്ങിചെല്ലുമ്പോഴും കാര്യമായ സൗഹൃദങ്ങളൊന്നും ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞില്ല എനിക്ക്‌. മിക്കപ്പോഴും ഒറ്റക്ക്‌ ഒതുങ്ങിക്കൂടും. സ്‌കൂള്‍ ജീവിതം വിട്ട്‌ കോളജിലെത്തുമ്പോള്‍ ആര്‍ക്കുമുണ്ടാകുന്ന ഒരു തരം ഭയപ്പാട്‌. ആദ്യ രണ്ടുവര്‍ഷം നന്ദിത ടീച്ചറായിരുന്നു ഇംഗ്ലീഷ്‌ പഠിപ്പിച്ചിരുന്നത്‌..(അവരുടെ ഓരോ ചലനങ്ങളും ഇന്നും ഓര്‍ത്തെടുക്കാറുണ്ട്‌...). പിന്നീട്‌ ഡിഗ്രിക്ക്‌ പഠിക്കുമ്പോഴാണ്‌ അല്‍പമെങ്കിലും സൗഹൃദത്തിന്റെ തലോടലറിയാന്‍ കഴിഞ്ഞത്‌. ആ മൂന്നു വര്‍ഷത്തെ ജീവിതം പൂര്‍ണമായും ആനന്ദപ്രദമായിരുന്നു എന്ന്‌ പറയാനാവില്ല. ഞാന്‍ കണ്ടെത്തിയ ചില സൗഹൃദങ്ങള്‍ എന്റെ മാത്രം സൗഹൃദങ്ങളായിരുന്നുവെന്ന്‌ തിരിച്ചറിയാന്‍ ഏറെ വൈകി. ആദ്യനോട്ടത്തില്‍ അധ്യാപകനെ കുറ്റം പറഞ്ഞ കൂട്ടുകാരി അയാള്‍ക്കൊപ്പം ജിവിതത്തിലേക്കിറങ്ങിപ്പോയപ്പോള്‍ വല്ലാതെ പകച്ചുപോയി ഞാന്‍. കൗമാരമിറങ്ങിപ്പോകും മുമ്പെ ഇരുപത്‌ വയസെങ്കിലും അധികമുള്ള അയാള്‍ക്കൊപ്പം അവള്‍ ഇറങ്ങിപ്പോയത്‌ എന്നെ മാത്രമല്ല. ചില അധ്യാപകരെയും കൂട്ടുകാരെയുമെല്ലാം തളര്‍ത്തികളഞ്ഞു...അവള്‍ എന്റെ കൂട്ടുകാരിയായിരുന്നെങ്കിലും ഞാനവളുടെ ആരുമായിരുന്നില്ലെന്ന്‌ തിരിച്ചറിഞ്ഞ ആദ്യത്തെ സംഭവമായിരുന്നു അത്‌. ഇല്ലെങ്കില്‍ എന്തെങ്കിലുമൊരു സൂചന നല്‍കുമായിരുന്നില്ലേ അവള്‍. അതേ ക്ലാസില്‍ പഠിക്കുമ്പോഴാണ്‌ മറ്റൊരു കൂട്ടുകാരിയെ ഒരാള്‍ നശിപ്പിച്ചത്‌. കുട്ടികളെല്ലാം സ്വയം നീറിയില്ലാതായ ദിവസങ്ങളായിരുന്നു അത്‌. ഇതിനിടയില്‍ മതപരിവര്‍ത്തനത്തിന്റെ പാതയില്‍പെട്ടുപോയ ഒന്നു രണ്ടു പേര്‍. പ്രാരാബ്‌ദങ്ങളുടെ തീയില്‍ ഉരുകിതുടങ്ങിയവര്‍ക്ക്‌ ആശ്രയം നല്‍കുന്നതായിരുന്നു ഇത്തരം കേന്ദ്രങ്ങള്‍. അതിന്റെ ഏജന്റുമാരായ സ്വന്തം കൂട്ടുകാര്‍ തന്നെ പ്രവര്‍ത്തിക്കുമ്പോള്‍ അങ്ങനെയൊരു ചതിക്കുഴിയില്‍ അറിയാതെ പെട്ടുപോകുകയായിരുന്നു പലരും. വിധേയത്വമെന്ന വാക്കിനെ വല്ലാതെ വെറുത്തുപോയി ചില വേദനിപ്പിക്കുന്ന കഥകള്‍ കേട്ടപ്പോള്‍...
മൂന്നു വര്‍ഷത്തിന്‌ തിരശീല വീഴുമ്പോള്‍ ഒരിക്കല്‍ കൂടി തിരിച്ചെത്തണമെന്നുണ്ടായിരുന്നു അതേ കലാലയത്തില്‍. ആടിതിമര്‍ത്ത കലോത്സവവേദികളും ഓര്‍മ്മയില്‍ തെളിയുന്ന ചില ബന്ധങ്ങളും എന്നെ വീണ്ടും വലിച്ചടുപ്പിക്കുകയായിരുന്നു അവിടേക്ക്‌.
പിന്നിയും ശിഥിലമാവാന്‍ മാത്രം കുറെ ബന്ധങ്ങള്‍. കൂട്ടിയോജിപ്പിക്കാനാവാതെ മുറിച്ച്‌ പോയ പ്രണയങ്ങള്‍, സൗഹൃദങ്ങള്‍, നൈരാശ്യങ്ങള്‍..

അനുവിലേക്ക്‌ തന്നെ തിരിച്ചുവരേണ്ടി വരുന്നു എനിക്ക്‌...
ഒരു ദിവസം ഒരു മെയിലിന്റെ രൂപത്തില്‍ ഓടി കയറിവരുമ്പോള്‍। ഭീതിപ്പെടുത്തുന്ന നിസംഗതയായിരുന്നു മനസില്‍. പിന്നീട്‌ വീണ്ടുമൊരിക്കല്‍ കൂടി അവളുടെ അക്ഷരങ്ങള്‍ എന്നോട്‌ കൂട്ടുകൂടിയപ്പോള്‍ ആ പേരും ഞാന്‍ സൃഷ്‌ടിച്ചെടുത്ത രൂപവുമെല്ലാം സ്വന്തമാക്കിയ ആഹ്ലാദമായിരുന്നു മനസില്‍. വറ്റിവരണ്ട മനസിലേക്ക്‌ തണുത്തമഴ ചാറിച്ചുള്ള ആ വരവിനോടാണ്‌ ആദ്യമായി ഞാന്‍ നന്ദി പറയേണ്ടത്‌. വാക്കുകള്‍ പലതും ഞാനറിയാതെയാണ്‌ എന്നില്‍ നിന്ന്‌ പൊഴിഞ്ഞിരുന്നത്‌॥മിക്കതും അതിജീവനത്തിനായി കുറിച്ചിട്ടവ..അവളുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞുപോയ ചില വരികളുണ്ടെന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍. എന്തെന്നില്ലാത്ത സന്തോഷമായിരുന്നു മനസില്‍. പിന്നീടാണ്‌ അവളുടെ ശബ്‌ദം കേള്‍ക്കാന്‍ ഭാഗ്യം ലഭിച്ചത്‌. അവളുടെ സങ്കല്‍പത്തെ കീറിമുറിച്ച്‌ കുറച്ചുവാക്കുകളെ കൂടി പറത്തിവിടുമ്പോള്‍ എന്തെന്നില്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഞാന്‍. അതവിടെ കിട്ടുമ്പോള്‍ ആ മുഖം (എന്റെ മനസിലെ) ചുവക്കുന്നതും ഞരമ്പുകള്‍ വലിഞ്ഞുമുറുകുന്നതും കണ്ട്‌ ഞാന്‍ വല്ലാതെ ഭയന്നിരുന്നു..ഒടുവില്‍ അവള്‍ വിളിക്കുന്നത്‌ തിരിച്ചറിഞ്ഞപ്പോള്‍ ഞാനില്ലാതാകുന്നതായി തോന്നി. പിന്നീട്‌ ആര്‍ക്കോ വേണ്ടി യാത്ര പറഞ്ഞുപിരിഞ്ഞപ്പോ ഞാന്‍ കണ്ടതും തിരിച്ചറിഞ്ഞതുമായ സ്വപ്‌നങ്ങളെല്ലാം എന്നേന്നേക്കുമായി എനിക്കന്യമായി.
വീണ്ടുമൊരു വസന്തകാലം തീര്‍ക്കാന്‍ എന്നിലേക്ക്‌ കടന്നുവരുമ്പോഴും ഇത്രവേഗം അവള്‍ മടങ്ങുമെന്നറിയില്ലായിരുന്നു എനിക്ക്‌.

അവളെ കൂട്ടുകാരി എന്നുവിളിക്കുമ്പോഴും വെറുമൊരു കൂട്ടുകാരിയായിരുന്നില്ല.സൗഹൃദമെന്ന മുള്ളുവേലി പാകി മനസിലെ തളച്ചിട്ടതുകൊണ്ടാവാം എന്റെ മനസിലെ പ്രണയം തുറന്നുപറയാന്‍ വല്ലാത്ത ഭയമായിരുന്നു.എല്ലാമിട്ടെറിഞ്ഞ്‌ ഓടിപോയാല്‍ പിന്നീടൊരിക്കലും അവള്‍ വരില്ലെന്ന ആശങ്ക തന്നെയാവാം അതിന്‌ കാരണം. എന്റെ വിധിയുടെ താളവും രാഗവും എന്നും തിരിച്ചറിയാന്‍ കഴിയുന്നത്‌ കൊണ്ടാവാം. എന്റെ മനസ്‌ അവളുടെ മുന്നില്‍ തുറന്നിടാന്‍ കഴിഞ്ഞില്ല ഒരിക്കല്‍ പോലും. പിന്നെ വരുന്നത്‌വരട്ടെയെന്ന്‌ നിനച്ച്‌ അവളെ ജീവിതത്തിലേക്ക്‌ വിളിക്കാന്‍ ഒരുങ്ങുമ്പോഴാണ്‌ പുതിയ വെളിച്ചത്തിലേക്ക്‌ അവള്‍ യാത്ര പോകാനൊരുങ്ങുന്നുവെന്ന്‌ തിരിച്ചറിഞ്ഞത്‌. ഉള്ളിലെ നീറ്റല്‍ മറച്ചുപിടിച്ച്‌ സംസാരിക്കുകയായിരുന്നു പിന്നീട്‌. ഒരാകാശത്തോളം കടലോളം അവളെ ഞാന്‍ സ്‌നേഹിച്ചിരുന്നു. മറക്കാന്‍ ശ്രമിക്കുമെന്നുള്ളതെല്ലാം എന്റെ വെറുംവാക്കാണ്‌. ഒന്നറിയാം.കാലം എനിക്ക്‌ മുന്നില്‍ വരക്കുന്ന ചിത്രങ്ങളുടെ ശക്തിപോലിരിക്കും ഇനിയുള്ള ദിവസങ്ങളുടെ ഭംഗി.

അകലെ ഏതോ പുഴയുടെ തീരത്ത്‌ ഓര്‍മ്മകളുമായി പടവെട്ടി ജീവിതത്തിന്റെ വിണ്ടുകീറിയ വഴികളിലൂടെ സഞ്ചരിക്കുന്നുണ്ടാകും അവള്‍. അനുവിന്റെ നഷ്‌ടം എന്നെ കൊണ്ടെഴുതിച്ച വരികള്‍ മാത്രം ചുറ്റിനും നിന്ന്‌ എന്നെ കല്ലെറിയുന്നുണ്ട്‌...

``ഓട്ടോഗ്രാഫില്‍ നിന്ന്‌
അവശേഷിച്ച ഇന്ദ്രിയവും മുറിച്ചുമാറ്റി
ചിതറി വീണ രക്തതുള്ളികള്‍
നീ സമ്മാനിച്ച തുവാല ഒപ്പിയെടുത്തു
തിരിച്ചുതരാന്‍ മറന്ന ഹൃദയം
സ്‌പന്ദനം ചെയ്യുന്നുണ്ടിന്നും
കരള്‍ പാതി വെന്തെങ്കിലും
ചലനാത്മകതയുണ്ടിന്നും
പക്ഷേ...
അഗ്നിയാളി തീരുന്ന നമ്മുടെ സ്വപ്‌നങ്ങള്‍ മാത്രം
മരണശയ്യയുടെ നിശബ്‌ദതയില്‍ വിരാമത്തിന്റ
പടികള്‍ കയറുന്നു...''

16 comments:

ദ്രൗപദി said...

എന്റെ മുന്നില്‍ ഇപ്പോള്‍ കാര്‍മേഘങ്ങള്‍ മാത്രമുള്ളൊരാകാശമുണ്ട്‌.എവിടെ നിന്നോ പാറിയെത്തിയ കൂറെ മയില്‍പീലിതുണ്ടുകള്‍ മുന്നില്‍ നിന്ന്‌ വിലപിക്കുന്നത്‌ കാണുമ്പോള്‍ ഭീതിയാവുന്നു.രാവെന്നോ പകലെന്നോ ഇല്ലാതെ എന്നിലേക്ക്‌ ആഞ്ഞടിക്കുന്ന ചുവന്ന തിരകളുടെ സീല്‍ക്കാരങ്ങള്‍. കുത്തിപറിക്കുന്ന സ്വപ്‌നങ്ങളില്‍ നിന്ന്‌ പ്രാണന്‍ പറിഞ്ഞുപോകുന്നതറിയുന്നു ഞാന്‍.അന്യമാവാന്‍ മാത്രമായി വന്ന സ്‌നേഹത്തിന്റെ പാഥേയം ശിഥിലമായി മനസില്‍ വീണു ചിതറുകയാണ്‌. ഓരോ വറ്റും പെറുക്കിയെടുത്ത്‌ ചുണ്ടോടുചേര്‍ക്കാന്‍ കരങ്ങള്‍ക്ക്‌ ശേഷിയില്ലാതായിരിക്കുന്നു.ആത്മാവ്‌ പറിഞ്ഞുപോകുന്ന വേദന.മൃതിയുടെ കറുത്ത കൈകളിലേക്ക്‌ എന്നെയെടുത്തെറിയാന്‍ ഇനിയെന്നാവും ശിശിരം വരിക.

അപ്രതീക്ഷിതമായി വന്ന്‌
യാത്ര പറഞ്ഞുപിരിഞ്ഞു പോയ
കൂട്ടുകാരിയെ കുറിച്ച്‌

"പെയ്‌ത്‌ തീരാതെ ഒരു പെണ്‍മഴ"
ഓര്‍മ്മയില്‍ നിന്നൊന്ന്‌ കൂടി...

ആഗ്നേയ said...

ഗിരീ..ഏതുഭാഗം എടുത്ത്തുപറയണമെന്നറിയാതെ കുഴങ്ങിപ്പോകുന്നു ഞാന്‍..
എങ്ങനെയാണ് അക്ഷരങ്ങള്‍ക്കിത്ര മനോഹാരിതയും,പൂര്‍ണ്ണതയും കൈവരുത്തുന്നത്?
പക്ഷേ ഒരുപാട് ഒളിച്ചുവച്ച് പറഞ്ഞിരിക്കുന്നത് പോലെ...പലതും അനുവാചകന് ഊഹിക്കാനാവാത്തതുപോലെ...എന്റെ കുഴപ്പമാണോ എന്നറീല്ലാട്ടോ...
എന്തായലും ഏറ്റവും നല്ല പോസ്റ്റ് എന്നു മാത്രം പറയുന്നു..

ആഗ്നേയ said...

ഗിരീ..ഏതുഭാഗം എടുത്ത്തുപറയണമെന്നറിയാതെ കുഴങ്ങിപ്പോകുന്നു ഞാന്‍..
എങ്ങനെയാണ് അക്ഷരങ്ങള്‍ക്കിത്ര മനോഹാരിതയും,പൂര്‍ണ്ണതയും കൈവരുത്തുന്നത്?
പക്ഷേ ഒരുപാട് ഒളിച്ചുവച്ച് പറഞ്ഞിരിക്കുന്നത് പോലെ...പലതും അനുവാചകന് ഊഹിക്കാനാവാത്തതുപോലെ...എന്റെ കുഴപ്പമാണോ എന്നറീല്ലാട്ടോ...
എന്തായലും ഏറ്റവും നല്ല പോസ്റ്റ് എന്നു മാത്രം പറയുന്നു..

Rare Rose said...

പെയ്ത് തീരാതെ മനസ്സിലെവിടെയോ ബാക്കി നില്‍ക്കുന്ന ഓര്‍മ്മകള്‍....ആ ഓര്‍മ്മകള്‍ വായിക്കുന്നവരെയും വല്ലാതെ നനയ്ക്കുന്നു...ഒരു മിന്നായം പോലെ വന്നണഞ്ഞ് എവിടെയ്ക്കോ മറഞ്ഞു പോയ അവളിലേക്ക് കടന്നു ചെന്നപ്പോള്‍ ഇവിടെയെഴുതുവാന്‍ വാക്കുകള്‍ക്കായി പരതേണ്ടി വരുന്നു...ഇഷ്ടമായീ ട്ടോ....ആശംസകള്‍...

അനില്‍@ബ്ലോഗ് said...

മനോഹരമായ കല്‍പ്പനകള്‍.പക്ഷെ അതിനെ വര്‍ത്തമാന കാലവുമായി കൂട്ടിയിണക്കുമ്പോള്‍ ഒരു മനം പുരട്ടല്‍.കഴിഞ്ഞ എതാനും ദിവസങ്ങളായി പത്രവാര്‍ത്തകളും ബ്ലോഗ്ഗുകളിലും നിറയുന്ന വാര്‍ത്തകള്‍ ഞാനെന്ന പിതാവിന്റെ മനസ്സുകുത്തിപ്പറിച്ചതിന്റെ അനന്തരഫലമാകാം. നല്ല എഴുത്തു , പക്ഷെ ബ്ലൊഗ്ഗിന്റെ കാഷ്വല്‍ റീഡിങ്ങിനു ഒതുങ്ങുന്നില്ല(എന്റെ തെറ്റാണുകേട്ടൊ).ഇവയൊക്കെ കരുത്തമഷിപുരണ്ടു വരുന്നകാലം വിദൂരമായിരിക്കില്ല എന്നു പ്രതീക്ഷിക്കട്ടെ.

ശിവ said...

എത്ര സുന്ദരം ഈ ഓര്‍മ്മകളും വരികളും...ഓര്‍മ്മകളുടെ ഈ മഴക്കാലം ഒരിക്കലും അവസാനിക്കാതിരിക്കട്ടെ...

Sarija N S said...

“പെയ്‌ത്‌ തീരാതെ ഒരു പെണ്‍മഴ “

തലക്കെട്ടിന്‍റെ സ്സൌന്ദര്യമാണ് എന്നെ ഇങ്ങോട്ടെത്തിച്ചത് :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഓരോ വരികള്‍ക്കും വല്ലാത്തൊരു തുടിപ്പ്!!!

പെണ്മഴ വല്ലാതെ ആശ്ചര്യപ്പെടുത്തി

ശ്രീ said...

നല്ല പോസ്റ്റ്; യോജിച്ച തലക്കെട്ട്.
:)

ഹരിശ്രീ said...

നന്നായിരിയ്കുന്നു.

ആശംസകള്‍

smitha adharsh said...

സ്നേഹം എപ്പോഴും നമുക്കു വീര്‍പ്പുമുട്ടലുകള്‍ സമ്മാനിക്കുന്നു എന്ന് ഈ പോസ്റ്റ് ഓര്‍മപ്പെടുത്തുന്നു..
നന്നായിരിക്കുന്നു...

Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

അനൂപ്‌ കോതനല്ലൂര്‍ said...

എന്താ എഴുത്ത് മാഷെ മാഷ് മലയ്യാളം ആയിരുന്നോ

jithan said...

സ്മൃതികളുടെ കടുത്ത ചായക്കൂട്ടുകളില്‍ സ്നേഹം കോറിയിടുമ്പോള്‍ തൂലികയുടെ മുന മടങ്ങിയിരിക്കും അല്ലേ ദ്രൌപ്സ്...ഉരുകിയൊലിച്ച ഹൃദയം അവളുടെ ചിത്രങ്ങള്‍ക്ക് മിഴിവേകുമ്പോള്‍ നഷ്ടപ്പെടലിന്റെ നൊമ്പരം വാക്കുകളില്‍ രക്തം പടര്‍ത്തുന്നു...തീക്ഷ്ണം...സ്നേഹിക്കുന്നത് വേര്‍പെടാനാണെന്ന് ആരോ പറഞ്ഞത് ഓര്‍ത്തുപോകുന്നു..‍
‘’മൃതിയുടെ കറുത്ത കൈകളിലേക്ക്‌ എന്നെയെടുത്തെറിയാന്‍ ഇനിയെന്നാവും ശിശിരം വരിക‘’ എന്ന ചോദ്യം പലതും ഓര്‍മ്മപ്പെടുത്തുന്നു, മനസ്സിന്റെ ഇരുണ്ട കല്ലറകളില്‍ നിന്നും എന്തിന്റെയോ വരവ്!!!!! വയ്യ..ഒന്നും പറയാനാകുന്നില്ല...

'മുല്ലപ്പൂവ് said...

നന്നായിട്ടുണ്ട്...
നന്‍മകള്‍ നേരുന്നു...
സസ്നേഹം,
ജോയിസ്..!!

ബാലാമണി said...

ഗിരീഷ് ഒരു അഭിപ്രായം പറയാന്‍ മാത്രം സാഹിത്യ അറിവോ അനുഭവമോ ഇല്ല എനിക്ക്. പലപോസ്റ്റുകളും വായിച്ചിട്ടുണ്ട്. എല്ലാം ഒന്നിനൊന്നും മെച്ചം. ഭാഷകൊണ്ട് ചെപ്പടിവിദ്യകാണിക്കുന്ന ഒ‍ഴുത്തുകാരന്‍ അത്രമാത്രമേ എനിക്ക് പറയാന്‍ കഴിയുന്നുള്ളൂ. ഭാഷയില്ലത്ത എനിക്ക് ഗിരീഷിന്റെ വാക്കുകള്‍ ഒരു അല്‍ഭുതമാണ്. നന്നായിട്ടുണ്ട്. ഇനിയങ്കിലും പറയാന്‍ തോന്നുന്നത് അപ്പോള്‍ തന്നെ പറയുക കാത്തിരിപ്പ് പലപ്പോഴും നഷ്ടപ്പെടുത്തുകയേ ഉള്ളൂ.

അഭിനന്ദനങ്ങള്‍
സ്നേഹപൂര്‍‌വ്വം
ബാലാമണി