Thursday, August 5, 2010

അടഞ്ഞ അധ്യായങ്ങളുടെ ആമുഖം-1

1. അവ്യക്തമാവാത്ത ആശംസാകാര്‍ഡ്‌

``ഒറ്റപ്പെടലിന്റെ വേദനയില്‍ നിന്നാണ്‌
ഈ ലോകം ശൂന്യമാണെന്ന്‌ തിരിച്ചറിയേണ്ടി വരുന്നത്‌...
മഴ തിമര്‍ത്തുപെയ്യുന്ന
ഈ വര്‍ഷകാലപകലില്‍
ഞാന്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്‌
നഷ്‌ടസ്‌മൃതികളുടെ നിര്‍വ്വചനമാണ്‌..
ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ പാടുപെടുന്ന
സ്വപ്‌നങ്ങളുടെ വിലാപം മാത്രമെ
ശബ്‌ദമായി എന്റെ കാതുകളില്‍ അവശേഷിക്കുന്നുള്ളു...''


ഒന്നു മിഴി ചിമ്മിയപ്പോഴേക്കും ഓടിയൊഴിച്ചുപോയ എട്ട്‌ വര്‍ഷങ്ങള്‍. പക്ഷേ ഞാനിന്നും കത്തുന്ന വെയില്‍ നിറഞ്ഞ ഒരു പകലിലെ നട്ടുച്ചയില്‍ തന്നെയാണ്‌. `മിക്കിമൗസ'്‌ എന്ന കൂള്‍ബാറിന്റെ ഒഴിഞ്ഞ കോണിലെ ചാരുബെഞ്ചില്‍ ദീപ്‌തിക്കരുകില്‍ ഉറച്ചുപോയ ഒരു ശില പോലെ ഇന്നും...
അവളുടെ നെറ്റിയില്‍ എപ്പോഴും ഒട്ടിച്ചേര്‍ന്നു കിടക്കാറുള്ള നീലഭസ്‌മത്തിലേക്ക്‌ മിഴികള്‍ പായിച്ച്‌, പുറത്തേക്ക്‌ വരാനാവാതെ തൊണ്ടയില്‍ കുരുങ്ങിപ്പോയ ഒരുപിടി സ്വപ്‌നങ്ങളെ അമര്‍ത്തിവെച്ച്‌ എത്രയോ നേരം...സാലഭഞ്‌ജികകള്‍ ഒരിക്കലെങ്കിലും ഒന്നുറക്കെ സംസാരിക്കാന്‍ കൊതിക്കുന്നുണ്ടെന്ന തിരിച്ചറിവിലേക്ക്‌ ഞാന്‍ നീങ്ങിയ നിമിഷം അവളെന്തോ പറഞ്ഞു...
പുസ്‌തകത്തിനിടയില്‍ നിന്നും ആശംസാകാര്‍ഡ്‌ ആദ്യമെടുത്തത്‌ അവളാണ്‌. മഞ്ഞപ്പൂക്കള്‍ ആലേഖനം ചെയ്‌ത അതിന്റെ പുറംച്ചട്ടയില്‍ പതിഞ്ഞുകിടക്കുന്ന കറുത്ത അക്ഷരങ്ങള്‍ സ്‌നേഹത്തിന്റെ താഴ്‌വരയിലേക്കുള്ള ക്ഷണനമായിരുന്നു. നക്ഷത്രശോഭ പോലെ ആ മഞ്ഞവെളിച്ചം അവളുടെ മിഴികളിലേക്കും പടര്‍ന്നു...
എന്റെ തണുത്ത വിരലുകള്‍ക്കിടയിലിരുന്ന്‌ അവ ജീവനുള്ളത്‌ പോലെ വിറച്ചു.
``തുറന്നുനോക്ക്‌...''എന്റെ തോളില്‍ തല ചേര്‍ത്തുവെച്ച്‌ അവള്‍ പറഞ്ഞു.
``ഒരു രാത്രി മുഴുവന്‍ ഉറക്കമിളച്ചിരുന്ന്‌ എഴുതിയ ഇതിലെ വാക്കുകള്‍ നീ ഹൃദിസ്ഥമാക്കുമ്പോള്‍ എനിക്കീ മുഖം കാണണമെന്നുണ്ടായിരുന്നു.
ചുവപ്പ്‌ നിറം പടര്‍ന്ന അക്ഷരങ്ങള്‍...
``.............................എന്റെ കണ്ണുനീര്‍ ബാഷ്‌പങ്ങളായി പറന്നുയര്‍ന്ന്‌ നിന്റെ തണുത്ത കൈത്തലത്തില്‍ മഴയായി വീണ്‌ നിന്നെയുണര്‍ത്തുന്ന രാത്രിക്കായി, പകലിനായി ഒരു ജന്മം മുഴുവന്‍ ഞാന്‍ കാത്തിരിക്കും.........''
അവസാനവാചകങ്ങളില്‍ നോക്കിയിരുന്നപ്പോള്‍ രണ്ട്‌ ആലിപ്പഴങ്ങള്‍ കവിളിലൂടെ ഊര്‍ന്നിറങ്ങി ആ താളുകളെ നനയിച്ചു.
ആ ആര്‍ദ്രബിന്ദുക്കള്‍ തുടച്ചുമാറ്റുമ്പോള്‍ അവള്‍ പറഞ്ഞു.
``പേടിക്കണ്ട, ആ അക്ഷരങ്ങള്‍ക്ക്‌ മായാനാവില്ല. ഒരു ജന്മം മുഴുവന്‍ നിനക്ക്‌ വായിക്കാനായി ആ താളുകളില്‍ ഉറച്ചുപോയ എന്റെ മനസ്സാണത്‌...''
പ്രകാശിക്കുന്ന ഒരു മണ്‍ചിരാതിന്‌ മുകളില്‍ എഴുതിയിട്ട അവളുടെ പേരിന്‌ മുകളില്‍ ഞാന്‍ വീണ്ടും വീണ്ടും ചുണ്ടുകള്‍ ചേര്‍ത്തു.
ഇനി എന്റെ ഊഴമാണ്‌.
ഗുല്‍മോഹറുകള്‍ ചിതറിക്കിടക്കുന്ന ചിത്രമുളള ആശംസാകാര്‍ഡ്‌ അവള്‍ക്ക്‌ നീട്ടി.
അത്‌ വാങ്ങി നെഞ്ചോട്‌ ചേര്‍ക്കുന്നത്‌ കണ്ടു. ഹൃദയമിടിപ്പിന്റെ താളത്തില്‍ കാര്‍ഡ്‌ താളാത്മകമാകുന്നതറിഞ്ഞു.
``ഞാനെങ്ങനെയാണ്‌ നിന്നെ വേര്‍പിരിയുക?''
``നമ്മള്‍ ഒരിക്കലും വേര്‍പിരിയില്ല''
അവളുടെ കണ്ണുകളില്‍ നിന്നും മാര്‍ച്ചിന്റെ ഹൃദയത്തിലേക്ക്‌ തുഷാരബിന്ദുക്കള്‍ പൊഴിയുന്നു.
``അത്‌ പിന്നെ വായിച്ചാല്‍ മതി...''
തുറക്കാനൊരുങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു.
``നിനക്ക്‌ കാണണ്ടെ...ഇത്‌ വായിക്കുമ്പോഴുള്ള എന്റെ മുഖഭാവം...''
എന്റെ നിശബ്‌ദതതയില്‍ അവളത്‌ പതുക്കെ തുറന്നു.
ചോരയുടെ നിറം, ഗന്ധം...
പ്രണയം അങ്ങനെയാണ്‌. എത്രത്തോളം ദൃഢത വരുത്താനാണ്‌ അത്‌ പരിശ്രമിക്കുക. തെളിയാന്‍ മടിച്ച പേനകള്‍ക്ക്‌ പകരം വിരല്‍ മുറിച്ചെഴുതിയ കവിത.
മഴ കൊതിച്ച പകലിന്‌ സമാശ്വാസമായി അവളിപ്പോള്‍ പെയ്യുകയാണ്‌. ഗുല്‍മോഹറുകളേക്കാള്‍ ചുവന്ന നിറമുള്ള ആ അക്ഷരങ്ങളില്‍ വീണത്‌ ചിന്നിച്ചിതറുന്നു.
``എത്ര നനഞ്ഞാലും അത്‌ മായില്ല. പതിറ്റാണ്ടുകളോളം നിനക്ക്‌ കാത്തുവെക്കാന്‍ ആ അക്ഷരങ്ങള്‍ക്ക്‌ ഞാന്‍ നിറം പകര്‍ന്നത്‌ എന്റെ രക്തം കൊണ്ടാണ്‌.''
മഴ ശക്തമായി. എന്റെ കൈവിരലുകളില്‍ അവള്‍ ചുണ്ടുകളമര്‍ത്തി. കണ്ണുനീരിന്റെ പശയില്‍ മുറിവ്‌ കൂടിച്ചേര്‍ന്നു.
പിരിയാനാവാതെ ഇരുന്നെങ്കിലും സമയത്തിന്‌ മുന്നില്‍ തോല്‍ക്കേണ്ടി വന്നു.
അകന്നുപോകുന്ന ബസ്സ്‌ കണ്ണില്‍ നിന്നും മായുന്നത്‌ വരെ ഞാനാ പാതയോരത്ത്‌ നിന്നു.
അപ്പോഴും അവള്‍ക്ക്‌ മാത്രമെ അറിയാമായിരുന്നുള്ളു.
``ഇനിയൊരിക്കലും ഞങ്ങള്‍ കണ്ടുമുട്ടില്ലെന്ന്‌....''

11 comments:

ഗിരീഷ്‌ എ എസ്‌ said...

ജീവിതത്തിലേക്ക്‌
കടന്നുവരികയും പോയ്‌മറയുകയും ചെയ്‌ത
നിരവധി പേരുണ്ട്‌.
പലപ്പോഴും വീര്‍പ്പുമുട്ടിക്കുന്ന
ആ ഓര്‍മ്മകളെ
എവിടെയെങ്കിലുമൊന്ന്‌ അടക്കം
ചെയ്യാന്‍ ആഗ്രഹിച്ചുപോകാറുമുണ്ട്‌...

ഒരിക്കലും മറക്കാനാവാതെ
ജീവിതത്തെ വസന്തോത്സവമാക്കിയ
ചിലരുടെ ഓര്‍മ്മകളിലൂടെ...

''അടഞ്ഞ അധ്യായങ്ങളുടെ ആമുഖം''
ആദ്യമായി അവ്യക്തമാകാത്ത ആശംസാകാര്‍ഡ്‌.....

വരവൂരാൻ said...

അപ്പോഴും അവള്‍ക്ക്‌ മാത്രമെ അറിയാമായിരുന്നുള്ളു.
``ഇനിയൊരിക്കലും ഞങ്ങള്‍ കണ്ടുമുട്ടില്ലെന്ന്‌....''

Nice .... Keep going

ആഗ്നേയ said...

അവ്യക്തതയുടെ തുടർച്ചയിൽ നിന്ന് അപൂർണ്ണതയിലേക്ക്

യൂസുഫ്പ said...
This comment has been removed by the author.
യൂസുഫ്പ said...

എഴുതാൻ കഴിയും എന്ന് മനസ്സിലായി.എന്നാൽ ചില വാക്കുകളുടെ പ്രയോഗങ്ങൾ അസ്ഥാനത്താണെന്ന് തോന്നുന്നു.ഉദാഹരണത്തിന്‌ സാലഭഞ്‌ജിക :മരം കൊണ്ടുണ്ടാക്കിയ പാവ, വിഗ്രഹം, വേശ്യ എന്നൊക്കെയാണ്‌ അതിനർത്ഥം.
ക്ഷണനം:മരണം

ഈ പ്രയോഗത്തിന്റെ എല്ലാം സാംഗത്യം മനസ്സിലായില്ല. ഒരു പക്ഷെ എനിയ്ക്ക് തെറ്റിയിരിക്കാം.

ഗിരീഷ്‌ എ എസ്‌ said...

സുഹൃത്തെ...
സാലഭഞ്‌ജിക എന്ന വാക്ക്‌ പ്രതിമ, അഥവാ വിഗ്രഹം എന്ന അര്‍ത്ഥത്തില്‍ തന്നെയാണ്‌ ഉപയോഗിച്ചത്‌. ജീവനില്ലാത്ത അവ ചില്ലപ്പോഴെല്ലാം ഒന്നുറക്കെ സംസാരിക്കാന്‍ കൊതിക്കുന്നുണ്ടാവാം എന്നാണുദ്ദേശിച്ചത്‌...പല കാഴ്‌ചകളും കണ്ട്‌...അല്ലെങ്കില്‍ പ്രതികരിക്കാന്‍ കൊതിച്ച്‌...

ക്ഷണനം എന്നതുകൊണ്ടുദ്ദേശിച്ചത്‌...
വിളിക്കുക എന്നാണ്‌.

അഭിപ്രായങ്ങള്‍ക്ക്‌ നന്ദി...

ഏറനാടന്‍ said...

ഒടുവില്‍ എന്ത് സംഭവിച്ചു? ദീപ്തി എവിടെ? അന്വേഷിച്ചോ?

എന്റെ കൂട്ടുകാരിയെ പിരിഞ്ഞിട്ട് എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം യാദൃശ്ചികമായി ഒരു യാഹൂ ചാറ്റില്‍ തിരികെ കിട്ടിയതും ഇന്നും ഫേസ്‌ ബുക്കിലും ഓര്‍ക്കൂട്ടിലും വിശേഷങ്ങള്‍ പങ്ക് വെക്കുന്നതും ആലോചിക്കുമ്പോള്‍ എനിക്ക് അത്ഭുതം വിട്ടുപോകുന്നില്ല.
(ഈ അനുഭവ കഥ മനോരമയില്‍ അച്ചടിച്ച് വന്നിരുന്നു. അതവള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. അവള്‍ ശരിക്കും ഞെട്ടി.)

jyo said...

നന്നായി എഴുതി.
ആ അദ്ധ്യായം എന്തിനേ അടച്ചത്?
ആശംസകള്‍

JITHAN said...

അടഞ്ഞ അധ്യായങ്ങളിലെ സ്മൃതിചിത്രങ്ങള്‍ ബഹുവര്‍ണ്ണകൊളാഷായി മനസ്സില്‍ മിന്നിമറയുമ്പോള്‍....എന്താണ് പറയേണ്ടത് ഗിരീ?...യാത്ര വീണ്ടും തുടരേണ്ടതുണ്ടല്ലൊ എന്നാശ്വസിക്കാം...

Anonymous said...

എന്തെന്നറിയാതെ പിന്നിടുന്ന നമ്മുടെ ജീവിതത്തിനു അർത്ഥം നൽകുന്നതൊക്കെയും ഒരിക്കലും മറക്കാനാവാത്ത ഇങ്ങനെയുള്ള ചില നിമിഷങ്ങളാണ്.......

എഴുത്ത് വളരെയധികം നന്നായി.... മനസ്സിലേക്കിറങ്ങുന്ന അവതരണശൈലി...
ആശംസകൾ.....

സുജിത് കയ്യൂര്‍ said...

Piriyaanaayi orumichu koodunnavare kootukar ennu vilikkaam...