Friday, February 27, 2009

ജനുവരിയിലെ മഴ

ജനുവരി ഒരു കുഞ്ഞിനെ പോലെയാണ്‌.
ഓര്‍മ്മകളുടെ അരിക്‌ തട്ടി വേദനിക്കുമ്പോള്‍
അത്‌ നിര്‍ത്താതെ കരയും
ഉറച്ചുപോയ കണ്ണുനീര്‍ അന്നു മഞ്ഞായി പെയ്‌തിറങ്ങും.
വീണുകിടക്കുന്ന കരിയിലകള്‍
തണുത്ത്‌ വിറച്ച്‌ മൃതിയടയും
ഭയങ്കരമായ ഏകാന്തത
നീയില്ലാത്ത ശൂന്യത
ഞാനെങ്ങനെ പിടിച്ചുനില്‍ക്കും ?
(ജനുവരി നാല്‌)

അറിഞ്ഞിരുന്നില്ല ഞാന്‍ നിന്നെ
നിന്റെ സ്‌നേഹത്തിന്റെ നീലിമയില്‍ മുങ്ങുമ്പോഴും
നിന്റെ മായാത്ത മൗനത്തെ നെഞ്ചിലേറ്റുമ്പോഴും
ഇന്നാ ഓട്ടോഗ്രാഫിന്റെ താള്‍ മറിക്കുമ്പോള്‍ മാത്രം
ഞാന്‍ ജീവിച്ചിരുന്നുവെന്ന്‌ തിരിച്ചറിയുന്നു.
നീയിന്നെവിടെയാണ്‌ ?
അജ്ഞാതമായ ഏതോ മേല്‍ക്കൂരക്ക്‌ കീഴിലിരുന്ന്‌
എന്നെയോര്‍ക്കുന്നുണ്ടാവുമോ ?
പ്രാരാബ്‌ദത്തിന്റെ തീച്ചൂളയില്‍ വേവുമ്പോഴും
ഞാനോര്‍ക്കാറുണ്ട്‌..
നീ തന്ന വസന്തകാലത്തെ...
(ജനുവരി പത്ത്‌)

ഏകാന്തതകളെ സ്വര്‍ഗ്ഗമെന്ന്‌ വിളിച്ചിരുന്നു
ബഹളങ്ങളെ നരകമെന്നും
ഇപ്പോള്‍ നേരെ തിരിച്ചാണ്‌.
വന്യമായ ഏകാന്തതകളെ ഇന്ന്‌ ഭയമാണ്‌.
നീ കൂടി അകന്നുപോവുമ്പോള്‍ മുറിവേറ്റ
സ്വപ്‌നങ്ങളെ എന്തു പറഞ്ഞു സമാധാനിപ്പിക്കും...
(ജനുവരി പതിനഞ്ച്‌)

നിലാവിന്‌ നിന്റെ നിറമാണ്‌.
മേഘങ്ങളില്‍ തട്ടി നിന്റെ സ്വപ്‌നങ്ങള്‍ തിളങ്ങുന്നത്‌ ഞാന്‍ കാണുന്നുണ്ട്‌.
മഴക്ക്‌ നിന്റെ ശബ്‌ദമാണ്‌.
ഭൂമിയില്‍ വീണത്‌ അലിഞ്ഞില്ലാതാകുന്നത്‌ ഞാനറിയുന്നുണ്ട്‌.
സ്‌നേഹത്തിന്റെ സുഗന്ധത്തില്‍ മുങ്ങി നില്‍ക്കുമ്പോള്‍
നീ കാറ്റാകുന്നതും കടലാകുന്നതും ഞാന്‍ കാണുന്നുണ്ട്‌.
വിസ്‌മരിക്കാനാവാത്ത ഓര്‍മ്മകളുടെ പേരോ നിന്റേത്‌.
(ജനുവരി ഇരുപത്‌)

മഴയുണ്ട്‌.
പക്ഷേ മനസിലെ അഗാധമായ
ദുഖങ്ങളില്‍ നിന്നാണ്‌ അത്‌ പെയ്‌തുകൊണ്ടിരിക്കുന്നതെന്നുമാത്രം
വെയിലുണ്ട്‌
ആത്മാവിലെ അടക്കിനിര്‍ത്താനാവാത്ത മോഹങ്ങളില്‍ നിന്നാണത്‌
പൊഴിയുന്നതെന്നുമാത്രം
രണ്ടും ചേര്‍ന്ന്‌ എന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു...
ഇനിയെന്നാവും മഞ്ഞുകാലം കടന്നുവരിക...
(ജനുവരി ഇരുപത്താറ്‌)

എനിക്കവള്‍ എന്നും മഴയായിരുന്നു. ഋതുക്കളെ കാക്കാതെ എന്റെ മനസ്സില്‍ അവള്‍ ഇന്നും പെയ്‌തുകൊണ്ടിരിക്കുന്നു. കഴിഞ്ഞുപോയ ജനുവരിയില്‍ മഴയുടെ ആര്‍ദ്രമായ ഓര്‍മ്മകളിലൂടെ ഞാന്‍ മനപ്പൂര്‍വം നടന്നതായിരുന്നില്ല. മറിച്ച്‌ എന്റെ ഡയറിക്കുറിപ്പുകളില്‍ അത്‌ ചോദിക്കാതെ കടന്നുവന്നതാണ്‌. എത്രയടുത്താണെങ്കിലും, ദൂരത്താണെങ്കിലും അവളുടെ കണ്ണുനിറഞ്ഞാല്‍ ഞാനറിയുന്നതിന്റെ കാരണമാണ്‌ ഇന്നും എനിക്ക്‌ മനസ്സിലാകാത്തത്‌. ഒരുമിച്ച്‌ പഠിപ്പിക്കുമ്പോഴും സായന്തനങ്ങള്‍ ചിലവിടുമ്പോഴും ഒടുവില്‍ എന്നില്‍ നിന്നകന്ന്‌ പോകുമ്പോഴുമെല്ലാം ആ കണ്ണുകളില്‍ കണ്ട വിഷാദത്തിന്റെ നിഴല്‍ അവള്‍ എന്നിലുപേക്ഷിച്ച്‌ നടന്നുമറയുകയായിരുന്നോയെന്ന്‌ ഇന്ന്‌ സംശയം തോന്നുന്നു. വിഷാദം അടുത്തെത്തുമ്പോഴെല്ലാം അവള്‍ എന്നിലേക്കത്‌ പറത്തിവിടുന്നത്‌ അതുകൊണ്ടാണെന്ന്‌ സന്ദേഹിക്കുന്നു. ഇന്നും കുത്തിപ്പറിക്കുന്ന ഓര്‍മ്മകളുടെ തുരുത്തില്‍ പെയ്‌തുകൊണ്ടിരിക്കുന്ന ഒരു മഴയെ പറ്റി പറയാതെ പറയേണ്ടി വരുന്നു എനിക്ക്‌...

ഓരോ തവണ അടുത്തെത്തുമ്പോഴും മഴ മന്ത്രിക്കാറുണ്ട്‌. ഉറഞ്ഞുപോയ അവളുടെ കണ്ണുനീരാണ്‌ ആലിപ്പഴമായി ഞാന്‍ നിനക്ക്‌ സമ്മാനിക്കുന്നതെന്ന്‌. കണ്ണുകള്‍ ആര്‍ദ്രമാവുമ്പോഴെല്ലാം അതാണ്‌ ഞാന്‍ ആലിപ്പഴങ്ങളെ കുറിച്ച്‌ പറയുന്നത്‌. കാറ്റിനോടൊത്ത്‌ ഇക്കിളിപ്പെടുത്തി ഗാഢാലിംഗനം ചെയ്യുമ്പോഴെല്ലാം മഴ പ്രണയത്തെ കുറിച്ച്‌ വാചാലമാകാറുണ്ട്‌. വിരഹത്തിന്‌ മുമ്പ്‌ അവളുടെ ആത്മാവില്‍ എന്റെ പേരെഴുതിയിട്ടതെന്തിനെന്ന്‌ അത്‌ പതിയെ ചോദിക്കാറുണ്ട്‌.
വികൃതിചെക്കനായോ കുസൃതിയായ കൂട്ടുകാരിയായോ മഴ ബാല്യത്തിലെ അരികിലെത്തുമായിരുന്നു. പൊടിഞ്ഞമരുന്ന മണ്ണപ്പത്തിനരുകിലിരുന്ന്‌ വിതുമ്പാറുള്ള എന്റെ ഹൃദയത്തിലെ ഉഷ്‌ണഭൂമിയെ തണുപ്പിച്ചവ പതിയെ ചിരിക്കും. അവളെ പോലെ...
ചിലപ്പോഴെല്ലാം ചോദിക്കുന്നതിനൊന്നും ഉത്തരം പറയാതെ മഴ നാണം കുണുങ്ങിയായി നില്‍ക്കും. ഒച്ചയുണ്ടാക്കാതെ പിന്നിലൂടെ ചെന്ന്‌ ഞാനവയുടെ കണ്ണുപൊത്തും. ഓലത്തുമ്പിലൂടെ ഊര്‍ന്നിറങ്ങുന്ന ജലധാരയില്‍ കൈനനച്ച്‌ മുഖത്തമര്‍ത്തും. മഴയുടെ മിഴിയില്‍ ആരവത്തിന്റെ പ്രളയവും അഭിനിവേശത്തിന്റെ തിളക്കവും കണ്ടയന്നാണ്‌ അവളോട്‌ എന്റെ പ്രണയം വെളിപ്പെടുത്തിയത്‌. ഉയരമേറിയ ജാലകത്തിനരുകിലിരുന്ന്‌ കൊന്നപ്പൂവടര്‍ത്തുന്ന മഴയെ ശപിക്കുന്ന അവളത്‌ കേട്ടോയെന്നറിയില്ല...
മഞ്ഞപ്പൂക്കളടര്‍ത്താന്‍ മാത്രമായിരുന്നു മഴ പെയ്യുന്നതെന്നായിരുന്നു അവളുടെ നിര്‍വചനം. ചോദിക്കാതെ കടന്നുവന്ന്‌ ഇണചേരുന്ന മഴയെ ബാല്യം മുതല്‍ അവള്‍ വെറുത്തിരുന്നുവെന്ന്‌ ഒരിക്കല്‍ എവിടെയോ എനിക്കെഴുതേണ്ടി വന്നു. കാലത്തിന്റെ കുതിച്ചുപായലില്‍ അവള്‍ക്കത്‌ തിരുത്തേണ്ടി വന്നുവെന്നറിയാതെ. ഉഷ്‌ണശിഖരങ്ങളായി ആടിയുലഞ്ഞ അവളെ ഒടുവില്‍ തണുപ്പിച്ചതും ആ ക്രൂരനായ മഴയായിരുന്നല്ലോ...
ജീവിതത്തില്‍ കാത്തുവെച്ചിരുന്ന സൗഹൃദങ്ങളെല്ലാം കടന്നുവന്നത്‌ വര്‍ഷകാലത്തിലായിരുന്നു. നനഞ്ഞൊലിച്ച്‌ ഞാവല്‍പ്പഴ ചുവട്ടിലൂടെ പോയ പ്രഭാതങ്ങള്‍ മുതല്‍ ചുമന്ന മണ്ണ്‌ കുത്തിയൊലിച്ചിറങ്ങുന്ന സായന്തനസവാരികളില്‍ വരെ വിരല്‍തുമ്പ്‌ പിടിച്ചുനടന്ന കൂട്ടുകാരിയും മഴയുടെ സമ്മാനമായിരുന്നു...ഒടുവില്‍ എന്റെ വിരല്‍തുമ്പ്‌ വിട്ടകന്ന്‌ ശൂന്യതയുടെ ഇരിപ്പിടങ്ങളിലേക്കവള്‍ കടന്നുപോയത്‌ മഴ അതിഥിയായെത്തിയ പകലിലും. വരണമാല്യത്തിന്റെ കനം പേറാനാവാതെ നിന്ന അവളുടെ സീമന്തത്തില്‍ ആരോ പതിച്ച ചോരച്ചാലുകള്‍ എന്റെ ഹൃദയം പിളര്‍ന്ന രക്തമഴയായിരുന്നു.
പുകഞ്ഞുതീരുന്ന രാത്രികളിലൊരിക്കല്‍ മഴ മുറ്റത്ത്‌ വന്നെന്നെ നോക്കി. കാണാനാതെ നിന്ന എന്റെ കണ്‍മുന്നില്‍ ആകാശം വെള്ളിവെള്ളിച്ചം പൊഴിച്ചു. അന്നാണ്‌ രാത്രിമഴ നാഗങ്ങളെ പോലെയാണെന്നും അവയെ സ്‌പര്‍ശിച്ചാല്‍ ദംശനമേല്‍ക്കുമെന്നും ആരോ പറഞ്ഞത്‌. അശരീരിയായി വന്ന ശബ്‌ദത്തിന്റെ ഉറവിടം തിരയാതെ വാതില്‍ വലിച്ചടച്ച്‌ പിന്‍തിരിയുമ്പോള്‍ മഴയെന്ന ശപിച്ചിട്ടുണ്ടാവും. എനിക്ക്‌ വേണ്ടി മാത്രമായി വന്നിട്ടും മുഖം തിരിച്ചതിന്‌...മുഖത്തടിച്ച പോലെ സ്വപ്‌നങ്ങള്‍ വലിച്ചടച്ചതിന്‌...
കൗമാരവിഹ്വലകളോടൊപ്പം കടന്നുവന്ന കുഞ്ഞുകുഞ്ഞുതെറ്റുകളിലും മഴ തന്നെയായിരുന്നു കൂട്ട്‌. പൊടിപിടിച്ചുകിടക്കുന്ന കാല്‍പ്പാദങ്ങള്‍ കഴുകി കളഞ്ഞേ ഉമ്മറത്തേക്കെന്നെ പറഞ്ഞുവിടൂ...ചൂരലിന്റെ ചൂതാട്ടം എന്നില്‍ ആഞ്ഞുപതിയുന്നത്‌ ഭയന്ന്‌ സഹായിക്കാന്‍ വരുമ്പോഴും എനിക്കറിയില്ലായിരുന്നു ആ മനസ്സിന്റെ പരിശുദ്ധിയെ...
കലാലയമുറ്റത്ത്‌ ചിത്രം വരച്ചുകടന്നുവരാറുണ്ടായിരുന്നു മഴ. പാടങ്ങള്‍ക്ക്‌ നടുവില്‍ ഏകാകിയായി നില്‍ക്കുന്ന എന്റെ കലാലയത്തെ കെട്ടിപുണര്‍ന്നത്‌ കടന്നുപോവുമ്പോഴേക്കും നനഞ്ഞുകുളിച്ചിട്ടുണ്ടാവും. ചില്ലടര്‍ന്ന ജാലകത്തിലൂടെ ജലകണവുമായി വരുന്ന കാറ്റ്‌ എത്ര വഴക്കുപറഞ്ഞാലും തിരിച്ചുപോവാതെ ചുറ്റിപറ്റി നടക്കും. ആരെയും കുറ്റം പറയാനാവാത്ത എന്റെ മനസ്സില്‍ ഊഷ്‌മളമായ അനുഭൂതി തന്നെയായിരുന്നു ആ മഴയും അതിനോടൊത്ത്‌ കടന്നുവരാറുള്ള കാറ്റും...
കാലം ഒഴുക്കുതുടര്‍ന്നുകൊണ്ടിരുന്നെങ്കിലും മഴ ഇടക്കിടെ എന്നിലേക്ക്‌ വന്നും പോയുമിരുന്നു...ആര്‍ദ്രമായി കടന്നുപോവുന്ന ഓര്‍മ്മകളുടെ ലാളിത്യവും സ്വപ്‌നങ്ങളുടെ കരച്ചിലുമായി അത്‌ നിര്‍ത്താതെ പെയ്‌തുകൊണ്ടിരുന്നു...എന്റെ തുവാലയില്‍ കട്ടപിടിച്ചുകിടന്ന നൊമ്പരവും എന്റെ നെറ്റിയില്‍ കാലം എഴുതിച്ചേര്‍ത്തുകൊണ്ടിരുന്ന വിഷാദത്തിന്റെ നീലിമയും കഴുതിത്തുടച്ചത്‌ പൊട്ടിക്കരയുന്നു...
ഒരിക്കല്‍ അവള്‍ ചോദിച്ചതാണോര്‍മ്മ വരുന്നത്‌...
നിന്റെ മഴയില്‍ (ഒരു കവിതയില്‍) ഇത്രയേറെ കണ്ണുനീരെങ്ങനെയൊളിപ്പിച്ചു. അതിന്റെ വരികള്‍ക്കിടയില്‍ നിന്റെ സങ്കടങ്ങളുടെ ഉപ്പുരസം കൊണ്ട്‌ നീയെങ്ങനെ നിറം നല്‍കി...
ആ പ്രതിസ്‌ഫുരണങ്ങളില്‍ നിന്ന്‌ മാത്രം അവളെന്റെ ആത്മാവിലെ പ്രണയം തിരിച്ചറിഞ്ഞിരുന്നുവെന്നറിഞ്ഞപ്പോള്‍ എനിക്ക്‌ മുന്നില്‍ വര്‍ണ്ണങ്ങള്‍ ഒഴുകിപ്പടര്‍ന്നൊരു മഴ വന്നു...
പക്ഷേ എല്ലാ നിറങ്ങള്‍ക്കും നരച്ചേ തീരൂ. ഇനിയും വരാനിരിക്കുന്ന നല്ല മഴക്കാലത്തെ കിനാവ്‌ കണ്ട്‌ ഞാനീ ഓര്‍മ്മകളെ കഴുത്തുഞെരിച്ചുകൊല്ലുകയാണ്‌. ജീവിതം കാണാത്തവന്റെ നിസ്സഹായതയെന്ന്‌ പറഞ്ഞ്‌ അവള്‍ ചിരിക്കട്ടെ...

9 comments:

ഗിരീഷ്‌ എ എസ്‌ said...

പക്ഷേ എല്ലാ നിറങ്ങള്‍ക്കും നരച്ചേ തീരൂ. ഇനിയും വരാനിരിക്കുന്ന നല്ല മഴക്കാലത്തെ കിനാവ്‌ കണ്ട്‌ ഞാനീ ഓര്‍മ്മകളെ കഴുത്തുഞെരിച്ചുകൊല്ലുകയാണ്‌. ജീവിതം കാണാത്തവന്റെ നിസ്സഹായതയെന്ന്‌ പറഞ്ഞ്‌ അവള്‍ ചിരിക്കട്ടെ...

ജനുവരിയിലെ ആത്മപുസ്‌തകത്താളില്‍ നിന്ന്‌....


ജനുവരിയിലെ മഴ-പുതിയ പോസ്‌റ്റ്‌

sreedevi said...

ഗിരി...വായനക്കാരന്റെ നെഞ്ചില്‍ തീ പടര്‍ത്തുന്നു നിന്റെ വരികള്‍..
"പക്ഷേ എല്ലാ നിറങ്ങള്‍ക്കും നരച്ചേ തീരൂ. ഇനിയും വരാനിരിക്കുന്ന നല്ല മഴക്കാലത്തെ കിനാവ്‌ കണ്ട്‌ ഞാനീ ഓര്‍മ്മകളെ കഴുത്തുഞെരിച്ചുകൊല്ലുകയാണ്‌. ജീവിതം കാണാത്തവന്റെ നിസ്സഹായതയെന്ന്‌ പറഞ്ഞ്‌ അവള്‍ ചിരിക്കട്ടെ... "

എല്ലാ സ്വപ്നങ്ങള്‍ക്കും നരച്ചേ തീരൂ എന്നുണ്ടോ..

ജ്വാല said...

പ്രകൃതിയുടെ ബിംബങ്ങളെല്ലാം ഹൃദയത്തില്‍ ചാലിച്ചു ഒരു കാല്പനിക പ്രപഞ്ചം തീര്‍ത്തിരിക്കുന്നു.....
വാക്കുകളുടെ വിസ്മയത്തിനു ആശംസകള്‍

ഹൃദയപൂര്‍വ്വം .......... said...

കൊള്ളാം ...മാഷെ ....കൊള്ളാം ..ആസംസകള്‍ ...ഒരായിരം മായിരം ....ഇനിയും പ്രദീക്ഷിച്ചുകൊണ്ട് ഹൃദയപൂര്‍വ്വം .....

യൂസുഫ്പ said...

പഴമക്കാര്‍ പറയുന്നത് പോലെ, കഴിഞ്ഞതിലെ പാഠം പഠിച്ച് മുന്നോട്ട് നോക്കി നടക്കുക.

ആഗ്നേയ said...

ഇത്ര മനോഹരമായി മുന്‍പൊരിക്കലും മഴ നനഞ്ഞിട്ടില്ല.അതുകൊണ്ടുതന്നെ ഏതുഭാഗം എടുത്തുപറയണമെന്നറിയില്ല..
ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന സ്വപ്നങ്ങള്‍ നരക്കില്ല ഗിരീ..സ്വന്തമാകാത്ത നിരാശയില്‍ തിരസ്കരിക്കാതിരുന്നാല്‍ മതി.
ആശംസകള്‍!

അരുണ്‍ കായംകുളം said...

ഗിരീഷേ,
വളരെ നന്നായിരിക്കുന്നു.വായിച്ചിട്ട് കൂടുതലൊന്നും പറയാന്‍ തോന്നുന്നില്ല.

Raman said...

Nannayittundu maashe.

Anonymous said...

നന്നായിരിക്കുന്നു ....വളരെയധികം
മന്ന്സിൽ പതിയുന്ന വരികളിലൂടെ മനോഹരമായി അവതരിപ്പിച്ചിരിക്ക്ന്നു.......

ഇതെത്ര തവണ വായിച്ചെന്ന് എനിക്കു തന്നെ ഓർമ്മയില്ലാ....... nice